കോട്ടയം: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പൂവിട്ടും തളിരിട്ട ഇലകളാലും സമ്പന്നമായ ചെടികൾ. പച്ചപ്പരവതാനി വിരിച്ച പുൽത്തകിടിയിൽ ഉരുളൻകല്ലും നിറംതേച്ച ചിരട്ടയും അതിരിടുന്നു. വീടിന്റെ എല്ലാ വശവും ഒരുപോലെ സുന്ദരം. ‘‘ചെടികളെല്ലാം എന്റെ മക്കളാണ് അത്രയ്ക്ക് കൊഞ്ചിച്ചാണ് വളർത്തുന്നത്.’’ ചെടികളുടെ ഇലകളിൽ സ്നേഹത്തോടെ പിടിച്ച് സിസിലി ജോർജ് പറയുന്നു.

കോട്ടയം കളക്ടറേറ്റിന് സമീപം പേൾ ഗാർഡനിലെ പത്ത് സെന്റിലുള്ള കൊച്ചുമൂലയിൽ വീട്ടിലെ ചെടികൾ സാധാരണ കാണുന്ന ഒരു പൂന്തോട്ടത്തിന്റെ എല്ലാ കാഴ്ചഭംഗിയോടെയുമാണുള്ളത്.

എസ്.ബി.ടി. റിട്ട.ഉദ്യോഗസ്ഥായായ സിസിലി കഴിഞ്ഞ 40 വർഷമായി ചെടികളെ പരിപാലിക്കുന്നു. നിലവിൽ 150-തരം ബിഗോണിയ, അത്ര തന്നെ ആന്തൂറിയം, ഓർക്കിഡ്... പിന്നെ കറുപ്പുനിറമുള്ള മണിപ്ളാന്റ് വരെയായി വൈവിധ്യം വന്ന് നിറയുന്ന പൂന്തോട്ടം.

ഏതുതിരക്കിനിടയിലും ആരോഗ്യപ്രശ്നങ്ങൾക്കിടയിലും സിസിലി പൂന്തോട്ടം ശ്രദ്ധിക്കാൻ മറക്കില്ല. പൂന്തോട്ടനിർമാണവും പരിപാലനവും ഹോബിയെന്ന് പറയുന്നതിലും ജീവിതമാണെന്ന് പറയുന്നതാകും ശരി. രാവിലെ വീട്ടുജോലികൾ കഴിഞ്ഞാൽ മുറ്റത്തുതന്നെയാണ്.

പിന്നീട് പലവട്ടം ചെടികൾക്കിടയിൽ വന്നു പോകും. അതുകൊണ്ട് ഇലയൊന്ന് വാടിയാൽ, ചെടികൾ പൂവിടാൻ വൈകിയാൽ ഒക്കെ പെട്ടെന്ന് മനസ്സിലാകും. എല്ലാത്തിനും മരുന്നും വളവും സ്വന്തമായി കണ്ടെത്തി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. പൂക്കൾ ധാരാളമുണ്ടാകാൻ കാടിവെള്ളത്തിൽ ഭക്ഷ്യവസ്തുക്കളിട്ട് പുളിപ്പിച്ച് നേർപ്പിച്ച് ഉപയോഗിച്ചാൽ മതി. ബിഗോണിയായുടെ ചുവട്ടിൽ അധികം വെള്ളം പാടില്ല. അഴുകുമെന്ന് ഉറപ്പ്.

ഉപയോഗശൂന്യമായ പാത്രങ്ങളും ചട്ടികളുമെല്ലാം ചെടിവയ്ക്കാൻ കൊള്ളാമെന്നു കണ്ടുപിടിച്ച് സ്ഥാനം കണ്ടെത്തി ചെടിനട്ടു. പഴയ തടിക്കഷ്ണങ്ങളിലും ചെടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

മുറ്റത്തുനിന്നിരുന്ന ഒരു പന വെട്ടിക്കളഞ്ഞപ്പോൾ അതിന്റെ മൂട് വെട്ടിമാറ്റാൻ കഴിഞ്ഞില്ല. പകരം അതിന് മുകളിൽ ഭംഗിയായി ഉരുളൻകല്ല് അതേ പൊക്കത്തിൽ നിരത്തി ചെടി നട്ടു. മുകളിൽ ബുദ്ധന്റെ പ്രതിമയും.

എല്ലാവരും അനായാസം വളർത്തുന്ന ചെടികളല്ല പരിചരിക്കാൻ അല്പം പ്രയാസമുള്ള ചെടികളിലാണ് താത്പര്യം. ഇംഗ്ളണ്ടിലെ നാണയത്തുട്ടിന്റെ ആകൃതിയുള്ള ഇലകളുള്ള ‘പെന്നീറോട്ട്’ അടക്കം പുതുമയുള്ള ചെടികൾ .

കെമിക്കൽ എൻജിനീയറായ ഭർത്താവ് പി.ഐ.ജോർജും പൂർണ പിന്തുണ നൽകുന്നു. മക്കൾ മൂന്ന് പേരും വിദേശത്തായതിനാൽ പൂർണസമയം ‘ചെടി’ മക്കൾക്കൊപ്പമെന്ന് പറഞ്ഞു ചിരിക്കുന്നു സിസിലി. ചെടികൾ ആരോഗ്യത്തോടെയുണ്ടെങ്കിൽ നമ്മളെ രോഗം പിടികൂടില്ലെന്നതും അനുഭവം.

Content Highlights: gardening tips, gardening tips and tricks