ലോക്ക്ഡൗണ്‍ കാലത്ത് ജൈവകൃഷിയില്‍ ഹിറ്റായി മേശപ്പുറ കൃഷി അഥവാ മൈക്രോ ഗ്രീന്‍സ് കൃഷിരീതി. മണ്ണും വളവുമില്ലാതെയുള്ള ഇലക്കൃഷിയാണ് മൈക്രോ ഗ്രീന്‍സ്.

ഈ രീതിയില്‍ പാകി മുളപ്പിച്ച ചെറുതൈകളെ വേരോടെ പിഴുത് കഴുകിയെടുത്തും വേരില്ലാതെ മുറിച്ചെടുത്തും കറിവയ്ക്കാം. വീടിന്റെ ജനല്‍പ്പടികളിലും ഡൈനിങ് ഹാളിലുമെല്ലാം അലങ്കാരമായി മൈക്രോ ഗ്രീന്‍സിനെ വളര്‍ത്താം. കടുക്, മല്ലി, പയര്‍, കടല, തിന, ഉലുവ തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ഇത്തരത്തില്‍ ചെയ്‌തെടുക്കാം. ചെറിയ ഐസ്‌ക്രീം ടിന്നിലും കടയില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്ന ചെറിയ കണ്ടെയ്‌നറുകളിലും വിത്തിട്ട് മുളപ്പിച്ചെടുക്കാം.

ചെയ്യുന്ന രീതി

വിത്ത് ഒരു ദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് വാരി വയ്ക്കണം. വേരിറങ്ങാനായി ചെറിയ തുളകള്‍ ഇട്ടിട്ടുള്ള പാത്രത്തില്‍ വിത്തുകള്‍ പാകണം. ഇതിനു താഴെ മറ്റൊരു പാത്രത്തില്‍ വെള്ളം നിറച്ചുവെക്കണം. പാകിയ വിത്തിനെ നനഞ്ഞ തുണികൊണ്ട് മൂടിയിടണം. വിത്ത് മുളച്ചുതുടങ്ങുമ്പോള്‍ മൂടിയ തുണി മാറ്റണം. രണ്ടു ദിവസം ഇടവിട്ട് പാത്രത്തിലെ വെള്ളം മാറ്റണം. ഒരാഴ്ചയ്ക്കുള്ളില്‍ ചെടികള്‍ വളര്‍ന്ന് പാകം ആകും.

മറ്റു രീതികളിലും മൈക്രോ ഗ്രീന്‍സ് കൃഷി ചെയ്യാം. നനഞ്ഞ തുണി വിരിച്ച, തുളയിട്ടിട്ടുള്ള ഒരു ട്രേയിലേക്ക് കുതിര്‍ത്ത് വിത്തുകള്‍ ഇടണം. തുടര്‍ന്ന് നനഞ്ഞ മറ്റൊരു തുണികൊണ്ട് വിത്തുകള്‍ മൂടിയിടണം. ദിവസവും ചെറുതായി വെള്ളം സ്‌പ്രേ ചെയ്ത് വിത്തുകള്‍ നനയ്ക്കണം. വിത്ത് നന്നായി മുളപൊട്ടിയ ശേഷം മുകളിലെ തുണി മാറ്റിക്കൊടുക്കാം. ഏഴെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചെടിക്ക് വളര്‍ച്ചയെത്തും.

കടലാസിലും മൈക്രോ ഗ്രീന്‍സ് കൃഷിചെയ്‌തെടുക്കാം. വിത്തിറങ്ങാന്‍ പാകത്തിന് തുളയിട്ടിട്ടുള്ള പാത്രത്തില്‍ ടിഷ്യു പേപ്പറോ പത്രക്കടലാസോ അടുക്കി നനച്ചുകൊടുക്കണം. ഇതിലേക്ക് ചെറുതായി മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ ഇടാം. ദിവസവും പേപ്പറിലേക്ക് നനവെത്തുന്ന വിധം വെള്ളം തളിക്കണം. രണ്ടാഴ്ച വേണ്ടിവരും ചെടി വളര്‍ന്നുവരാന്‍. പയറിനങ്ങളില്‍ വേഗത്തില്‍ മുള പൊട്ടി വളരും. കടുകും ഉലുവയുമൊക്കെ മുള പൊട്ടാന്‍ കൂടുതല്‍ സമയമെടുക്കും.

Content Highlights: Micro Greens Farming, Table farming