കോഴിക്കോട്: ഓമനിച്ച് വളർത്തുന്ന കള്ളിമുൾച്ചെടികളുടെ തണലിൽ കോവിഡ് കാലത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് തിരിത്തിയാട് സ്വദേശിയായ രാരിച്ചൻപറമ്പത്ത് ബാലകൃഷ്ണൻ. ചെറുപ്പം മുതലേ പൂക്കളോടും ചെടികളോടുമുള്ള സ്നേഹമാണ് ബാലകൃഷ്ണനെ കള്ളിമുൾച്ചെടികളുടെ വിസ്മയലോകത്തെത്തിച്ചത്. വിൽപ്പനയ്ക്കായിരുന്നില്ല, ഹോബി എന്ന നിലയ്ക്കായിരുന്നു ചെടിവളർത്തൽ. എന്നാൽ, നാലുപതിറ്റാണ്ടായി നടത്തുന്ന പ്രിന്റിങ്‌ പ്രസ് വ്യവസായം കോവിഡിൽ തട്ടി പ്രതിസന്ധിയിലായപ്പോൾ കള്ളിച്ചെടികളുടെ വിൽപ്പനയിലൂടെ വരുമാനം കണ്ടെത്തുകയാണ് ബാലകൃഷ്ണൻ.

വീടിനുമുകളിലെയും സമീപത്തുള്ള പ്രിന്റിങ്‌ പ്രസിന്റെയും മുട്ടപ്പാവിൽ മഴമറയൊരുക്കിയാണ് ബാലകൃഷ്ണൻ നൂറുകണക്കിന് കള്ളിമുൾച്ചെടികളുടെ ലോകം ഒരുക്കിയിരിക്കുന്നത്. മുമ്പ് റോസാച്ചെടികളും ചെമ്പരത്തിച്ചെടികളും വളർത്തിയിരുന്ന ബാലകൃഷ്ണൻ 2014 മുതലാണ് കള്ളിമുൾച്ചെടികളുടെ ലോകത്തെത്തുന്നത്. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും കിട്ടാവുന്നിടത്തോളം ഇനങ്ങൾ ശേഖരിച്ചു. ചൈന, ജപ്പാൻ, ഇൻഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം ഓൺലൈൻ വഴി ഓർഡർ നൽകിയാണ് വിത്തും ചെടികളും വരുത്തിയത്. വരുമാനത്തിന്റെ നല്ലൊരു പങ്കും ഇതിനായി നീക്കിവെക്കുകയായിരുന്നു.

നൂറിലേറെ ഇനങ്ങൾ

ജിംനൊ കാൽസ്യം, എക്കിനോപ്‌സിസ്, ഗുമ്പാരൻ കാറ്റസ്, ആസ്‌ട്രൊ ഫൈറ്റ, യുഫോർബിയ, മാമിലാരിയ, സിറസ്, റിബൂട്ടിയ, കാറലൂമ, കാപ്പിയോപ്പ്, എക്കിനോപ്‌സിസ്... കള്ളിമുൾച്ചെടികളുടെ വൻശേഖരമാണ് ബാലകൃഷ്ണനുള്ളത്. വള്ളിപോലുള്ളവയും പന്തുപോലെ ഉരുണ്ടതും മറ്റ് വിചിത്രാകൃതികളിലുമുള്ള ചെടികൾ കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ്.

മനോഹരമായ പുഷ്പങ്ങളും ചില ഇനങ്ങൾക്കുണ്ടാവും. ഇരുനൂറു മുതൽ ആറായിരം രൂപവരെ വിലവരുന്നവയാണ് വിവിധ ഇനം ചെടികൾ. ജപ്പാനിൽനിന്നെത്തിയ സിറസ് ക്രസ്റ്റിന് ആറായിരം രൂപവരെ വിലയുണ്ട്.

യുഫോർബിയ അബ്ദുൽകുറെ ഡമാസ്ക്, മാമിലേറിയ എലാങ്കട്ട, മാമിലേറിയ ഗ്രാസിസ് തുടങ്ങിയവയും വിലയേറിയ ഇനങ്ങളാണ്. കോവിഡ് കാലത്താണ് ബാലകൃഷ്ണൻ സാമൂഹികമാധ്യമങ്ങൾ വഴി ചെടികൾ വിൽപ്പന നടത്താൻ തുടങ്ങിയത്. മോശമല്ലാത്ത വരുമാനം ഇതുവഴി ലഭിക്കുന്നു.

ഭാര്യ ബേബിയും മക്കളായ രാഹുലും ഗോകുലും ബാലകൃഷ്ണന്റെ ഉദ്യാനകൃഷിക്ക് പൂർണപിന്തുണ നൽകുന്നു.

മരുഭൂമിയിലെ ജൈവവൈവിധ്യം

മരുഭൂമികൾ ഉൾപ്പെടെ വരണ്ട പ്രദേശങ്ങളിലാണ് കള്ളിമുൾച്ചെടികൾ വളരുന്നത്.ലോകത്താകെ 127 ജനുസുകളിലായി 1750-ലേറെ ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജലം ഇല്ലാത്തിടങ്ങളിലും അതിജീവിക്കാൻ കഴിയുമെന്നതാണ് സവിശേഷത. ഇലകൾ ഇല്ലാത്തതിനാൽ ജലനഷ്ടം പരമാവധി ഒഴിവാക്കാനാവും. നിറയെ മുള്ളുകളുണ്ടാവും. അപൂർവ്വം ഇനങ്ങൾ മാത്രമേ പുഷ്പിക്കാറുള്ളൂ. ചിലയിനങ്ങൾ കായ്ക്കുകയും ചെയ്യും.

കരുതലോടെവളർത്താം

കടുകുമണികൾ പോലെയുള്ള വിത്തുകൾ മുളപ്പിച്ചാണ് കള്ളിമുൾച്ചെടികൾ വളർത്തിയെടുക്കുന്നത്.മുളപ്പിച്ച വിത്തുകൾ രണ്ടുമാസത്തിനുശേഷം നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുന്നു. പെട്ടെന്ന് വളർച്ച കിട്ടാനാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ചെടികളിൽനിന്ന് പൊട്ടുന്ന മുളകൾ പൊട്ടിച്ചെടുത്തും തൈകൾ ഉൽപ്പാദിപ്പിക്കാം. എന്നാൽ കൂടുതലും വിത്ത് മുളപ്പിച്ചാണ് വളർത്തുന്നത്. മണൽ, ചാണകപ്പൊടി,ചകരിച്ചോർ എന്നിവയുടെ മിശ്രിതം ചട്ടികളിൽ നിറച്ചാണ് ചെടികൾ വളർത്തുന്നത്. വെള്ളം വളരെ കുറച്ചുമാത്രമേ ആവശ്യമുള്ളൂ. ആഴ്ചയിൽ ഒരിക്കൽ നനച്ചാൽ മതിയാവും. രണ്ടുമാസം കൂടുമ്പോൾ പത്തുഗ്രാം എല്ലുപൊടി നൽകാം.കാര്യമായ രോഗബാധകൾ ഉണ്ടാവാറില്ല. ഫോൺ: 7293937066

Content Highlights: making money from cactus farming