ടുക്കളയോ, ഗസ്റ്റ് റൂമോ, വരാന്തയോ എവിടെ ആയിക്കോട്ടെ വീട്ടിനുള്ളില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെയ്ക്കുന്ന ശീലം മലയാളികള്‍ തുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. ഫ്രിഡ്ജിന്റെ മുകള്‍ മുതല്‍ സോഫാസെറ്റില്‍പ്പോലും സ്ഥാനംപിടിച്ചിട്ടുള്ള ഇത്തരം പ്ലാന്റുകള്‍ ട്രെന്‍ഡായി വരികയാണ്. കൊച്ചിയില്‍ ഇത്തരം പ്ലാന്റുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്. ഫ്‌ലാറ്റ് ജീവിതത്തില്‍ വീട്ടിനുള്ളില്‍ അല്‍പ്പം പച്ചപ്പ് മാത്രമല്ല ഇത്തരം പ്ലാന്റുകള്‍ നല്‍കുന്നത്, മനസ്സിനും കണ്ണിനും കുളിര്‍മകൂടിയാണ്

ഗ്ലാസ് ടെററിയങ്ങള്‍

മിക്ക ഷോപ്പുകളിലെയും അലങ്കാരങ്ങളിലൊന്നാണ് 'ഗ്ലാസ് ടെററിയ'ങ്ങള്‍. ഗ്ലാസിനുള്ളില്‍ വളര്‍ത്തുന്ന ചെടികളാണ് ഗ്ലാസ് ടെററിയങ്ങള്‍.

ലിവിങ് റൂമിലും ഊണുമേശയിലും ഓഫീസ് മേശയിലും വരെ െവയ്ക്കാവുന്ന ഇത്തരം ടെററിയങ്ങള്‍ പ്രത്യേക ആകര്‍ഷണങ്ങളാണ്.

ഭംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ നിര്‍മിക്കാനുള്ള ഗ്ലാസ് ജാറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ചെടികള്‍ക്ക് വെളിച്ചവും ചൂടും ലഭിക്കാനാണ് ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്.

കുറച്ച് പരിചരണം മാത്രം മതിയാവുന്ന കാക്റ്റസ്, സെക്കുലന്‍സ് തുടങ്ങിയവയാണ് ടെററിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ചെടിയുടെ സ്വഭാവം അനുസരിച്ച് വെള്ളമൊഴിച്ചാല്‍ മതി. ആഘോഷങ്ങള്‍ക്ക് ഗിഫ്റ്റായി നല്‍കുന്നതിനാണ് ടെററിയം പ്രധാനമായും വാങ്ങുന്നത്. ഹോട്ടലുകളും ഇവയുടെ ആരാധകരാണ്. ബൗളിന്റെ ആകൃതി, അതിനുള്ളിലുള്ള പ്ലാന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വില. ഇതിനുപുറമേ, മണ്ണ് ആവശ്യമില്ലാത്ത, വായുവില്‍ വളരുന്ന പ്ലാന്റുകള്‍ ടെററിയത്തില്‍ നന്നായി വളരും.

തുറന്ന ടെററിയങ്ങളാണ് പ്രധാനമായും വില്‍ക്കുന്നത്. എന്നാല്‍, അടഞ്ഞ ടെററിയങ്ങളും ലഭ്യമാണ്. ഇത്തരം ടെററിയങ്ങള്‍ക്ക് ശരാശരി 250 രൂപ മുതലാണ് വില.

ചെറിയ വലിയ സംരംഭക സ്വപ്നം

പഠനത്തിന് ശേഷം വിദേശത്ത് ഫാഷന്‍ ഡിസൈന്‍ ലോകത്തെത്തിയ ആന്‍ മേരി ചെറിയാന്‍ സ്വന്തം സംരംഭം സ്വപ്നംകണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വിദേശത്ത് കണ്ട ഒരു പ്ലാന്റ് ഷോപ്പില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്ലാന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണം എന്ന ആശയം ഉണ്ടായത്. കാര്‍ഷികകുടുംബം കൂടിയായതിനാല്‍ മുന്നോട്ടുപോകാന്‍ ആനിനും തടസ്സങ്ങളൊന്നും ഉണ്ടായില്ല.

അങ്ങനെ കേരളത്തില്‍ തിരിച്ചെത്തിയശേഷമാണ് 'ജിയാന്‍ ഹോം ഗാര്‍ഡന്‍' എന്ന സംരംഭത്തിലേക്ക് ചുവടുവെച്ചത്. ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ മൂന്നുമാസം മുന്‍പാണ് സംരംഭത്തിന് തുടക്കമിട്ടത്. കൂടെ, ഭര്‍ത്താവ് സോജി ഡിക്‌സണ്‍ സാമിന്റെ പ്രോത്സാഹനവും കിട്ടിയതോടെ ആന്‍ പൂര്‍ണമായും പ്ലാന്റുകളുടെ പിന്നാലെയായി. വീട്ടിനകത്ത് വെയ്ക്കാന്‍പറ്റുന്നവയും (ഇന്‍ഡോര്‍) പുറത്തുവെയ്ക്കാന്‍ പറ്റുന്നവയും (ഔട്ട്‌ഡോര്‍) ആനിന്റെ ശേഖരത്തിലുണ്ട്. കൂടെ ഹോം ഡെക്കോറുകളുടെ പ്രത്യേക കളക്ഷനും ഷോപ്പിലുണ്ട്. ചൈന, ഇന്‍ഡൊനീഷ്യ, തായ്‌ലന്‍ഡ് തുടങ്ങി പോളണ്ടില്‍നിന്നുവരെ ഇറക്കുമതിചെയ്ത പ്ലാന്റുകള്‍ ജിയാന്‍ ഹോം ഗാര്‍ഡനിലുണ്ട്. 'ജറുസലേം ജെറി'യടക്കം ഷോപ്പിലെ കൗതുകക്കാഴ്ചകളാണ്. മുന്‍കൂട്ടി ഓര്‍ഡര്‍ കൊടുത്താല്‍ 'ജറുസലേം ജെറി' വീട്ടില്‍ എത്തിച്ചുനല്‍കും.

നിരവധി പേരാണ് ഇത്തരം മേഖലയിലേക്ക് കടന്നുവരുന്നത്. വളര്‍ന്നുവരുന്നൊരു ബിസിനസ് മേഖല കൂടിയാണിത്. വരുന്ന മൂന്നുമാസത്തിനുള്ളില്‍ പ്ലാന്റുകളും മറ്റ് ഹോം ഡെക്കോറുകളും അടക്കം ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആന്‍ പറഞ്ഞു.

ആനും സോജിയും ചേര്‍ന്നാണ് ഷോപ്പിന്റെ ഇന്റീരിയര്‍ ചെയ്തത്. മറ്റുള്ളവരില്‍നിന്ന് അല്‍പ്പം വ്യത്യസ്തത നല്‍കാനാണ് ആന്‍ ശ്രമിച്ചത്. അതിനാല്‍ ഓരോ സാധനങ്ങളും െവയ്ക്കുന്നതിലും ലൈറ്റുകള്‍ ഒരുക്കുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ആദ്യമൊക്കെ യാത്രകളില്‍ ഡ്രസ്സുകളും ആഭരണങ്ങളും നോക്കിയ ആനിന് ഇപ്പോള്‍ പ്ലാന്റുകളും അത് ക്രമീകരിച്ച രീതികളിലുമാണ് ശ്രദ്ധ. പ്ലാന്റുകള്‍ എങ്ങനെ െവയ്ക്കണം, വെയില്‍ കൊള്ളിക്കേണ്ടത് എപ്പോള്‍, ഔട്ട്‌ഡോര്‍ പ്ലാന്റ് എങ്ങനെ പരിചരിക്കാം തുടങ്ങി ഹോം ഡെക്കോര്‍ സാധനങ്ങള്‍ എങ്ങനെ വെയ്ക്കണം എന്നുപോലും ആന്‍ ഉപഭോക്താക്കള്‍ക്ക് പറഞ്ഞുകൊടുക്കും. ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെയ്ക്കുന്നതിനുള്ള ഐഡിയകള്‍ ചോദിച്ച് ഉപഭോക്താക്കള്‍ ആനിനെ സമീപിക്കാറുണ്ട്.

ഏപ്രിലില്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കാനാണ് ലക്ഷ്യം. നിലവില്‍ പാലാരിവട്ടം ബൈപ്പാസിലുള്ള ഷോപ്പ് വഴിയും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വില്‍പ്പനയുണ്ട്.

വേറിട്ട വഴികളിലൂടെ

ബി.എസ്‌സി. ഫിസിക്‌സ് കഴിഞ്ഞപ്പോള്‍ രാഹുല്‍ദാസ് ജോലിക്കായി നടന്നു. പല വഴികളും നോക്കിയെങ്കിലും അവസാനം പ്ലാന്റ് ഷോറൂം മാനേജരായി ജോലി കിട്ടി. പ്ലാന്റുകളോടുള്ള ഇഷ്ടം ജോലിയുമായി കൂടുതല്‍ അടുപ്പിച്ചു. ജോലിക്കിടയിലും ഇത്തരത്തില്‍ സ്വന്തമായി ഒരു 'പ്ലാന്റ് ഷോപ്പ്' എന്ന ആഗ്രഹം രാഹുലിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെ ജോമോന്‍ വര്‍ഗീസുമായി ചേര്‍ന്ന് രണ്ടര വര്‍ഷം മുന്‍പാണ് 'പ്ലാന്റ് എ ഹോം' എന്ന സ്വന്തം സംരംഭം ആരംഭിക്കുന്നത്. മൂന്നു മാസത്തോളമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു ഷോപ്പ് ഒരുക്കിയതെന്ന് രാഹുല്‍ പറയുന്നു. ഇന്ന് മൂന്ന് ഷോപ്പുകളും ഒരു ഡിസ്‌പ്ലേ സെന്ററും ഇവര്‍ക്കുണ്ട്.

ചെറിയ മുതല്‍മുടക്കോടെ ആരംഭിച്ച ഷോപ്പില്‍ ആദ്യം കുറഞ്ഞരീതിയില്‍ മാത്രമായിരുന്ന പ്ലാന്റുകള്‍ ലഭ്യമാക്കിയത്. പിന്നീട് വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാന്റുകളും പാത്രങ്ങളും ലഭ്യമാക്കി.

വ്യത്യസ്തങ്ങളായ 100ല്‍പ്പരം പ്ലാന്റുകളും അത്രതന്നെ ചട്ടികളും ലഭ്യമാണ്. ഇതില്‍ സെറാമിക്, ക്ലേ, വുഡ്, മെറ്റല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ഡിസൈനുകള്‍ ലഭ്യമാക്കുന്നുണ്ട്. വുഡ്, ഫൈബര്‍, മെറ്റല്‍ എന്നിവയുടെ ചട്ടികള്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനില്‍ ലഭ്യമാണ്.

ഇന്‍ഡോര്‍ പ്ലാന്റുകളാണ് 'പ്ലാന്റ് എ ഹോമി'ന്റെ പ്രത്യേകത. അവ ഒരുക്കുന്നതിലും പ്രത്യേകതയുണ്ട്.

സ്ത്രീകളാണ് ഇത്തരം പ്ലാന്റിന്റെ ആവശ്യക്കാര്‍. ഫ്‌ലാറ്റുകളിലുള്ളവരാണ് ഇത്തരം പ്ലാന്റുകള്‍ കൂടുതലായി വാങ്ങുന്നതെന്ന് രാഹുല്‍ പറയുന്നു.

30 രൂപ മുതല്‍ 4,000 രൂപ വരെയുള്ള പ്ലാന്റുകള്‍ ഷോറൂമില്‍ ലഭ്യമാണ്. കൂടാതെ 20 രൂപ മുതല്‍ 12,000 രൂപ വരെയുള്ള ചട്ടികളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഔട്ട് ഡോര്‍ പ്ലാന്റുകളും ചെയ്തുെകാടുക്കുന്നുണ്ട്.

Content Highlights: indoor plants trending