ണ്ണൂർ ചാലക്കുന്നിലെ ചിന്മയമിഷന്‍ സ്‌കൂള്‍ റോഡിലുള്ള ഷൈലജ എസ്. രാജന്റെ ഷൈരാജ് ഹൗസില്‍ വീട്ടുമുറ്റം നിറയെ പൂക്കളാണ്. 1500-ലധികം ചെടികള്‍ അവിടെയുണ്ട്. മുറ്റത്തെ ചെടിച്ചട്ടിയിലും ചുമരിലെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. പൂക്കളോടുള്ള പ്രേമം അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഗാര്‍ഹികപൂന്തോട്ട മത്സരത്തില്‍ ഒട്ടേറെത്തവണ ഒന്നാം സ്ഥാനം നേടിക്കൊടുത്തു

കാല്‍നൂറ്റാണ്ടുമുമ്പാണ് ശൈലജ  പൂന്തോട്ട നിര്‍മ്മാണം ഗൗരവമായെടുത്തത്. വീടിന്റെ ടെറസില്‍ ആദ്യം പൂന്തോട്ടം നിര്‍മ്മിച്ചു. കല്ല് കെട്ടിയുയര്‍ത്തി അതിനുമുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച് മണ്‍ചട്ടി സ്ഥാപിക്കും. ഇതിലാണ് ഓര്‍ക്കിഡുകള്‍ നട്ടുവളര്‍ത്തിയത്. പൂക്കള്‍ ധാരാളം വിരിയാന്‍  തുടങ്ങിയപ്പോള്‍  വില്‍പ്പന തുടങ്ങി. പൂവ് കയറ്റുമതി ചെയ്യുന്നവര്‍ വാങ്ങാനെത്തി. ഒരു പൂവിന്  മൂന്ന് രൂപയായിരുന്നു വില. ഒരു കുലയില്‍ തന്നെ പതിനഞ്ചോളം പൂക്കളുണ്ടാവും. വലിയ സാമ്പത്തിക ലാഭമൊന്നും കിട്ടിയില്ല. അതിനിടയിലാണ് ചാലക്കുന്നിലെ യു. കെ.ബി. നമ്പ്യാര്‍ മുഖേന ഗാര്‍ഹിക പൂന്തോട്ട മത്സരത്തെക്കുറിച്ചറിഞ്ഞത്. മട്ടുപ്പാവിലെ പൂന്തോട്ടം എന്ന വിഭാഗത്തില്‍ മത്സരിച്ച് ഒട്ടേറെത്തവണ ഒന്നാം സ്ഥാനം നേടി. പിന്നീട് വീടിനുമുകളില്‍ നിര്‍മ്മാണപ്രവൃത്തി തുടങ്ങിയതോടെ ടെറസ് ഗാര്‍ഡന്‍ നിര്‍ത്തി. പൂന്തോട്ടം  വീട്ടുമുറ്റത്തായി. 

പൂന്തോട്ടം ഒരുക്കുന്നതിന് ധാരാളം പണം ചെലവായി. വീട്ടുമുറ്റത്തും തൊടിയിലും നിറയെ ചെടികളായി. പല സ്ഥലത്തുനിന്നും ചെടികള്‍ വിലകൊടുത്തുവാങ്ങി. വീണ്ടും പൂന്തോട്ട നിര്‍മാണത്തില്‍ മത്സരിച്ചു. ഇരുപതിലധികം തവണ ഒന്നാംസ്ഥാനം നേടി. 

flower

പൂഴി, ചകിരിപ്പൊടി, ചാണകപ്പൊടി എന്നിവ ചേര്‍ത്താണ് മണ്ണ് ഒരുക്കുന്നത്. കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത് പുളിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെടിക്ക് ഒഴിക്കും. ധാരാളം പൂക്കളുണ്ടാകാന്‍ അത് സഹായിക്കും. ബോഗണ്‍വില്ല, അഡീനിയം, വിവിധ തരത്തിലുള്ള ബോണ്‍സായ് ചെടികള്‍, കാക്റ്റസ്, സീസണ്‍ ഫ്‌ലവേഴ്‌സ്, ബിഗോണിയ ചെടികള്‍, 10 തരം ചെമ്പരത്തി എന്നിവ ഈ വീട്ടിലുണ്ട്. ബോണ്‍സായ് വിഭാഗത്തില്‍ 25 വര്‍ഷത്തിലധികം പഴക്കമുള്ള ആല്‍, അരയാല്‍ എന്നിവയും ചെടിച്ചട്ടിയിലുണ്ട്. വീട്ടുമുറ്റത്ത് സ്ഥലം കുറഞ്ഞപ്പോള്‍ ചുമരില്‍ ഫ്രെയിമടിച്ച് സ്ഥാപിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും തുടങ്ങി.

ഇതിനിടയില്‍ പച്ചക്കറി കൃഷിയും തുടങ്ങി. ചീര, തക്കാളി, കാബേജ്, കോളിഫ്‌ലവര്‍ എന്നിവയാണ് കൃഷി ചെയ്തത്. നല്ല വിളവ് ലഭിച്ചു. ഗാര്‍ഹിക പൂന്തോട്ടത്തിലൂടെ സാമ്പത്തിക ലാഭം ഒന്നുമില്ല. പക്ഷെ അതുകൊണ്ട് ലഭിക്കുന്ന മനസ്സുഖം. അതാണ് ഷൈലജയെ ഈ രംഗത്ത് പിടിച്ചുനിര്‍ത്തുന്നത്. പരേതനായ രാജന്റെ ഭാര്യയാണ് ഷൈലജ. മക്കളായ അഡ്വ. ഷീബ സജിത്ത്, ഷാജി എസ്. രാജന്‍, ബിന്ദു ആനന്ദ് എന്നിവര്‍ പൂന്തോട്ട നിര്‍മാണത്തിന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്

Content Highlights: house garden ideas landscaping outdoor plants