വീടൊരുക്കുമ്പോൾ ഇന്റീരിയറും ലാൻഡ്സ്കേപ്പും കൂടുതൽ ശ്രദ്ധയോടെ ‍ഡിസൈൻ ചെയ്യുന്നവരുണ്ട്. വീടിനകത്തു ചെടികൾ നിറയ്ക്കുന്നതു തന്നെ തരം​ഗമാണിപ്പോൾ. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ചെടികളും ഇന്റീരിയറുമൊക്കെ മനോഹരമായൊരുക്കിയ ഒരു യുവാവിനെക്കുറിച്ചാണ്.

സം​ഗതി വീടിനുള്ളിൽ അല്ല കക്ഷിയുടെ ഓട്ടോറിക്ഷയിൽ ആണെന്നു മാത്രം. ഭുവനേശ്വറിൽ നിന്നുള്ള സുജിത് ദി​ഗൽ എന്നയാളാണ് വാർത്തയിൽ നിറയുന്നത്. 

ചെറിയൊരു പൂന്തോട്ടം തന്നെയാണ് സുജിത് ഓട്ടോയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നിലൊരു കാരണവുമുണ്ട്. കാന്ദമൽ ​ഗ്രാമത്തിൽ നിന്നുവരുന്ന തനിക്ക് ന​ഗരത്തിൽ വന്നപ്പോൾ വീടും ​ഗ്രാമത്തിലെ അന്തരീക്ഷവും മിസ് ചെയ്യുന്നുണ്ടായിരുന്നു. അതൊഴിവാക്കാനാണ് ഓട്ടോയുടെ ഇന്റീരിയർ അടിമുടി മാറ്റാമെന്നു കരുതിയത്- സുജിത് പറയുന്നു. 

ധാരാളം ചെടികൾ മാത്രമല്ല മൃ​ഗങ്ങളും സുജിതിന് കൂട്ടായി വണ്ടിയിലുണ്ട്. ഒരു അക്വേറിയവും  തത്തമ്മയും മുയലുമൊക്കെ അക്കൂട്ടത്തിലുണ്ട്. വീട്ടിലേക്ക് അടിക്കടി പോകാൻ കഴിയാത്തതുകൊണ്ട് ഈ ചെടികളെയും പക്ഷികളെയുമൊക്കെ കാണുമ്പോൾ തനിക്ക് ​ഗ്രാമത്തിലെ അനുഭവം ലഭിക്കുന്നുവെന്നാണ് സുജിത് പറയുന്നത്. 

നിരവധി പേരാണ് സുജിതിന്റെ ആശയത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മൃ​ഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരുമുണ്ട്. ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോൾ പക്ഷികളും മുയലുമൊക്കെ ഭയപ്പെടാൻ സാധ്യതയുണ്ടെന്നും ചെടികൾ വളർത്തിക്കോളൂ, പക്ഷേ മൃ​ഗങ്ങളെ ചലിക്കുന്ന വാഹനത്തിൽ വെക്കരുതേ എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: Homesick Autowala Converts Rickshaw Into Garden With Birds & Fish To Remind Him Of His Village