ചെറായി: എല്ലാക്കാലത്തും സോണിയുടെ മട്ടുപ്പാവില്‍ ഒരു ചെറുവസന്തം വിടര്‍ന്നു നില്‍ക്കും... സഹോദരന്‍ സ്മാരക സ്‌കൂളിന് വടക്കുവശത്തായി പള്ളിപ്പുറം-വൈപ്പിന്‍ പാതയോട് ചേര്‍ന്നുള്ള കോരാശ്ശേരി വീടിന്റെ മട്ടുപ്പാവിലും വളപ്പിലുമെല്ലാം 'അഡീനിയം' പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നത് കാണാം. നൂറില്‍പ്പരം തരങ്ങളിലായി 5000-ത്തോളം അഡീനിയമാണ് ഇവിടെയുള്ളത്.

മട്ടുപ്പാവില്‍ മാത്രം രണ്ടായിരത്തോളം ചെടികളുണ്ട്. കേരള ഇലക്ട്രോണിക് ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡ് (കെല്‍) ജീവനക്കാരനായ സോണിയും പറവൂരിലെ സെയില്‍സ് ടാക്‌സ് ഓഫീസ് ജീവനക്കാരിയായ ഭാര്യ മിനിയും ചേര്‍ന്നാണ് ഈ പൂന്തോട്ടം പരിപാലിക്കുന്നത്.

ഇരുപതുവര്‍ഷം മുമ്പ് തായ്ലാന്‍ഡില്‍ നിന്ന് വരുത്തിച്ചതാണ് ആദ്യചെടി. പിന്നീട് മണ്ണുത്തിയില്‍ നിന്ന് വാങ്ങി. തുടര്‍ന്ന് ഗ്രാഫ്റ്റ് ചെയ്തും വിത്ത് മുളപ്പിച്ചുമാണ് അഡീനിയം ശേഖരം വിപുലപ്പെടുത്തിയത്.

മരുഭൂമിസസ്യത്തിന്റെ ഇനത്തില്‍പ്പെട്ട അഡീനിയത്തിന് നന ആഴ്ചയില്‍ ഒരിക്കല്‍ മതി. വളവും വേണ്ട. 60 ശതമാനം മണലും ബാക്കി ചകിരിച്ചോറും നിറച്ച് കവറിലാണ് പിടിപ്പിക്കുന്നത്. വലുതാകുന്നതനുസരിച്ച് ചട്ടിയിലേക്ക് മാറ്റും.

കുമിളുകളുടെ ആക്രമണമാണ് പ്രധാന പ്രശ്‌നം. ഇതിന് ചില കുമിള്‍നാശിനികളും സ്വന്തമായ ചില കൂട്ടുകളുമാണ് സോണി ഉപയോഗിക്കുന്നത്. കുമിളുകളെ തുരത്തുന്ന രീതികള്‍ അഡീനിയം വച്ചുപിടിപ്പിക്കുന്നവരുമായി പങ്കുവെക്കാനും കീടനാശിനി സൗജന്യമായി നല്‍കാനും സോണി തയ്യാറാണ്. ഫോണ്‍: 94970 35659.

Content Highlights: gardening tips adenium flowers