ആശുപത്രിയില്‍ പോകുന്നില്ലെങ്കിലും ജില്ലയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. മൈത്രേയി രവീന്ദ്രന്‍ തിരക്കിലാണ്. തൊടുപുഴയിലെ സ്വന്തം കൃഷിയിടത്തിലെ പാവലും കാബേജും പടവലവുമെല്ലാമാണ് ഇപ്പോള്‍ ഡോക്ടറുടെ പരിചരണം ആവശ്യമുള്ള 'പേഷ്യന്റ്സ്.' ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശുപത്രിയില്‍ പോകുന്നതിനെ പ്രായം വിലക്കിയതോടെയാണ് ഡോക്ടര്‍ കൃഷിപ്പണി കൂടുതല്‍ സജീവമാക്കിയത്. റിട്ട. സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ കൂടിയായ ഇവര്‍ ഹരിതകേരളം മിഷന്‍ പ്രഖ്യാപിച്ച ഗാര്‍ഹിക പച്ചക്കറിക്കൃഷിയെ ഏറ്റെടുക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി തൊടുപുഴ ടൗണിലെ തന്റെ വീടിരിക്കുന്ന 25സെന്റ് സ്ഥലം ഹരിതാഭമാക്കി. കാബേജും കോളിഫ്‌ളവറും മുതല്‍ നല്ല നാടന്‍ മുരിങ്ങവരെയുള്ള പച്ചക്കറികളെല്ലാം ഇവിടെയുണ്ട്. അരനൂറ്റാണ്ടെത്തിയ തന്റെ ആതുരസേവന സപര്യയ്ക്ക് തുല്യമായ പ്രാധാന്യമാണ് കൃഷിക്കും ഈ ഡോക്ടര്‍ നല്‍കുന്നത്.
കൃഷിയെ സ്‌നേഹിച്ചാല്‍, നന്നായി പരിചരിച്ചാല്‍ നല്ല വിളവുകിട്ടുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ചാക്കില്‍ നട്ടാല്‍ വിളവുകൂടും, ഡോക്ടര്‍ പറയുന്നു. അതാണ് അനുഭവം.
വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൃഷിയിടത്തിലെ ജൈവമാലിന്യങ്ങളും കുഴികളിലും മറ്റും നിക്ഷേപിച്ച് ജൈവവളമാക്കി ഉപയോഗിക്കുന്നുമുണ്ട്. സവോളയും ഉള്ളിയും തുടങ്ങി അത്യാവശ്യ ഇനങ്ങള്‍ മാത്രമേ ഡോക്ടര്‍ പുറത്തുനിന്ന് വാങ്ങാറുള്ളൂ. പച്ചക്കറികളും ഫലങ്ങളും ഉത്പാദിപ്പിക്കുന്നതിനൊപ്പം അവയെ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന നിലയില്‍ സംസ്‌കരിച്ച് കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് ഡോക്ടര്‍. ഇടിഞ്ചക്കയും നാടന്‍മാമ്പഴം മുതല്‍ ചക്കക്കുരുവും മുരിങ്ങക്കയുംവരെ ഇങ്ങനെ ഡോക്ടര്‍ അടുത്ത വര്‍ഷത്തേക്കായി കരുതിവെച്ചിട്ടുണ്ട്. കോവിഡ് ഭക്ഷ്യക്ഷാമം ഉണ്ടാക്കിയാല്‍പോലും ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിക്കാവുന്ന പച്ചക്കറികള്‍ ഇപ്പോള്‍ത്തന്നെ ഈ ശേഖരത്തിലുണ്ട്.
Content Highlights: doctor grow vegetables in her courtyard