രാവിലെ എണീറ്റ് മുറ്റത്തെ പൂക്കള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജം. അത് വേറെത്തന്നെ. പക്ഷേ ഇത്തിരിയുള്ള മുറ്റത്ത് പൂന്തോട്ടമൊരുക്കുന്നതെങ്ങനെ? ബാല്‍ക്കണിയില്‍ ചെറിയ പൂക്കുടകള്‍ തൂക്കിയിടാം. അതുമല്ലെങ്കില്‍ വീട്ടിനുള്ളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം. നടുമുറ്റത്തൊരു നല്ല പൂന്തോട്ടമോ ഇന്‍ഡോര്‍ ഗാര്‍ഡനോ നിര്‍മിക്കാം. പൂമ്പാറ്റകള്‍ക്കായും തേനീച്ചകള്‍ക്കായും പൂന്തോട്ടമൊരുക്കുന്ന രീതിയുമുണ്ട്.
 
ഈ നിലാ പൂന്തോട്ടം
 
നിലാവുള്ള രാത്രിയില്‍, പതിയെ വിടരുന്ന മുല്ലയുടെ ഗന്ധം അറിയണമെന്നുണ്ടെങ്കില്‍ നല്ലൊരു മൂണ്‍ ഗാര്‍ഡന്‍ ഒരുക്കാം. നിലാവുള്ളപ്പോഴാണ് മൂണ്‍ ഗാര്‍ഡന്റെ സൗന്ദര്യം പൂര്‍ണമാവുന്നത്. വെള്ളനിറത്തിലുള്ള, രാത്രിയില്‍ വിരിയുന്ന പൂക്കള്‍ വെച്ചുപിടിപ്പിക്കാം. നല്ല മണവും വേണം പൂക്കള്‍ക്ക്. മുല്ല, വെള്ള ചെമ്പരത്തി, തുമ്പ, നന്ത്യാര്‍വട്ടം, വെള്ള ജമന്തി, ഈവ്‌നിങ് പ്രിംറോസ് ഇവയൊക്കെ ഈ നിലാ പൂന്തോട്ടത്തിന് ചേരും.  കടുംനിറത്തിലുള്ള ഇലകളും മെഴുകിന്റെ ആവരണമുള്ള ഇലകളും കൂടിയുണ്ടെങ്കില്‍ ഭംഗി ഇരട്ടിക്കും.    
പ്രധാന പൂന്തോട്ടത്തിന്റെ ഭാഗമായോ അല്ലാതെയോ മൂണ്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം. നടുമുറ്റത്തോ ബാല്‍ക്കണിയിലോ അതുമല്ലെങ്കില്‍ മുറ്റത്തൊരു കോണിലോ ഈ പൂന്തോട്ടത്തിനായി സ്ഥലം കണ്ടെത്താം. വെള്ളനിറത്തിലുള്ള ശില്‍പങ്ങളും ഇരിപ്പിടങ്ങളും പൂന്തോട്ടത്തിന്റെ പൊലിമ കൂട്ടും.     
 
മിക്‌സിയിലും പൂക്കള്‍ വിരിയും
 
ഫ്രിഡ്ജിലും മിക്‌സിയുടെ ബൗളിലുമൊക്കെ ചെടികള്‍ നട്ടുനോക്കൂ. ആരും ശ്രദ്ധിക്കുന്നൊരു പൂന്തോട്ടമായി. ഇത് റീസൈക്കിള്‍ ഗാര്‍ഡന്‍. ഷൂസ്, ഗ്ലൗസ്, ബാഗുകള്‍, പഴയ കുപ്പികള്‍, ഉരല്‍, സ്റ്റൗ, ഫ്‌ളാസ്‌ക് എന്നിവയിലും പൂക്കളൊരുക്കാം. അധികം വെയില്‍ കിട്ടാത്ത വരാന്തയിലോ മരത്തിന്റെ ചോലയിലോ ഇത് വെയ്ക്കുന്നതാണ് നല്ലത്. 
 
ഫ്രിഡ്ജിലാണ് ചെടി നടുന്നതെങ്കില്‍, അതിന്റെ പുറത്തെ കെയ്‌സ് ഒഴിച്ച് ബാക്കിയെല്ലാം ഊരിമാറ്റുക. വെള്ളം പോകാനായി സുഷിരങ്ങളും ഇടണം. എന്നിട്ട് ഏറ്റവും അടിയില്‍ മെറ്റല്‍ചീളുകള്‍ നിരത്തി, അതിനുമുകളില്‍ പ്ലാസ്റ്റിക് നെറ്റുകള്‍ വിരിക്കാം. പിന്നെ ചെടി നടാനുള്ള മണ്ണും വളവും നിറയ്ക്കാം. പഴയ ടയറാണ് ഉപയോഗിക്കുന്നതെങ്കില്‍, അത് പകുതിയായി മുറിക്കണം. എന്നിട്ട് അധികമുള്ള വെള്ളം വാര്‍ന്നുപോകാനായി സുഷിരങ്ങളിടണം. അതിനുശേഷം പെയിന്റ് ചെയ്ത് തൂക്കിയിടാം. താഴേക്ക് വീണുകിടക്കുന്ന വള്ളിച്ചെടികളാണ് ഇതില്‍ വളര്‍ത്താന്‍ നല്ലത്.   
gardening
 
തേനീച്ചക്കൂട് പോലെ
 
ചെറുതേനീച്ചകളെ ആകര്‍ഷിച്ചുനിര്‍ത്തുന്ന പൂന്തോട്ടമാണ് ഹണിബീ ഗാര്‍ഡന്‍. ഈ പൂന്തോട്ടം നിര്‍മിച്ചാല്‍ രണ്ടുണ്ട് ഗുണം. വീട്ടിലേക്ക് ആവശ്യമായ തേന്‍ കിട്ടും. അടുക്കളത്തോട്ടത്തില്‍ നിന്നുള്ള കായഫലം കൂടുകയും ചെയ്യും. നല്ല തേനുള്ള പൂക്കളാണ് ഇതില്‍ നടേണ്ടത്. ഇവയില്‍ പൂവിടാന്‍ തുടങ്ങിയാല്‍ തേനീച്ചക്കൂടും സ്ഥാപിക്കണം. പൂന്തോട്ടത്തില്‍ താഴെയും രണ്ട്-മൂന്നടി ഉയരത്തിലും തേനീച്ചക്കൂടുകള്‍ വെയ്ക്കാം. 
 
പ്രത്യേകമായോ വലിയൊരു പൂന്തോട്ടത്തിന്റെ ഭാഗമായോ ഹണിബീ ഗാര്‍ഡന്‍ നിര്‍മിക്കാം. വെയില്‍ കിട്ടുന്ന ഇടങ്ങളില്‍ ഒരേയിനം പൂക്കള്‍ കൂട്ടമായി നടുകയാണ് വേണ്ടത്. മാരിഗോള്‍ഡ്, കൊങ്ങിണി, പത്തുമണിച്ചെടി, മന്ദാരം തുടങ്ങിയ പൂക്കള്‍ വെച്ചുപിടിപ്പിക്കാം. മഞ്ഞ, നീല, വയലറ്റ് പൂക്കളാണ് തേനീച്ചകള്‍ക്ക് കൂടുതല്‍ ഇഷ്ടം. ആ നിറത്തിലുള്ള പൂക്കളും ഉള്‍പ്പെടുത്തണം.  
 
പാറിനടക്കുന്ന പൂമ്പാറ്റകള്‍
 
പൂമ്പാറ്റകള്‍ പാറിനടക്കുന്ന പൂന്തോട്ടമാണ് വേണ്ടതെങ്കില്‍, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ ഒരുക്കാം. കുലകളായി നില്‍ക്കുന്ന പൂക്കളാണ് പൂമ്പാറ്റകള്‍ക്ക് പ്രിയം. ചെമ്പകം, ചെണ്ടുമല്ലി, കൃഷ്ണകിരീടം തുടങ്ങിയവ വെച്ചുപിടിപ്പിച്ച് പൂമ്പാറ്റകളെ ആകര്‍ഷിക്കാം. ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം ഈ പൂന്തോട്ടം.  
 
മുറിവുണക്കാന്‍ പൂന്തോട്ടം
 
ഇനി അല്‍പം വ്യത്യസ്തമായൊരു പൂന്തോട്ടമാവാം. മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന ഹീലിങ് ഗാര്‍ഡന്‍. ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലുമൊക്കെ ഇത് നിര്‍മിക്കാം. ഓരോ പൂക്കള്‍ വിടരുമ്പോഴും അവരുടെയുള്ളില്‍ സന്തോഷം നിറയും. അവിടെയുള്ള അന്തേവാസികള്‍ക്ക് പൂന്തോട്ടത്തിലെ ചെറിയ ജോലികള്‍ കൊടുക്കുകയുമാവാം. വളമിടാനും ഇടയ്ക്ക് നനച്ചുകൊടുക്കാനും അവരെ പ്രോത്സാഹിപ്പിക്കണം. ഏത് മരുന്നിനേക്കാളും ഗുണം ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ.  
 
തുറസ്സായ,  പുല്‍ത്തകിടിയുള്ള ഘടനയാണ് ഇതിന് യോജിച്ചത്. പൂന്തോട്ടത്തിന്റെ എല്ലാ ഭാഗത്തും രാത്രിയോ പകലോ എന്നില്ലാതെ നല്ല വെളിച്ചം വേണം. തണല്‍മരങ്ങളുടെ ചുവട്ടില്‍ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചാല്‍, വിശ്രമിക്കാനുള്ള സ്ഥലവുമായി.  
 
വെള്ളത്തില്‍ നടുന്ന ചെടികള്‍
 
മണ്ണില്‍ മാത്രമല്ല പൂന്തോട്ടം നിര്‍മിക്കാവുന്നത്. വെള്ളത്തിലുമാവാം. അതാണ് അക്വാ സ്‌കേപ്പിങ്. പ്ലാസ്റ്റിക് ചെടികള്‍ക്ക് പകരം വെള്ളത്തില്‍ വളരുന്ന ഇന്‍ഡോര്‍ പ്ലാന്റുകളാണ് ഇതിന്റെ പ്രത്യേകത. നീളം കുറഞ്ഞ ചെടി ഏറ്റവും മുമ്പില്‍, നീളം കൂടിയത് പുറകെപ്പുറകെ. അങ്ങനെയാണ് അക്വാ സ്‌കേപ്പിങ് നിര്‍മാണം.  
 
പാത്രത്തില്‍ നട്ട് നനയ്ക്കാം
 
വീട്ടിനുള്ളില്‍ പൂന്തോട്ടത്തിന്റെ ഒരു ചെറുരൂപം ഇഷ്ടപ്പെടുന്നവര്‍ക്ക് ഡിഷ് ഗാര്‍ഡന്‍ തയ്യാറാക്കാം. സെറാമിക്, പ്ലാസ്റ്റിക് 
പാത്രങ്ങളിലാണ് ഇതൊരുക്കുന്നത്. സ്വീകരണമുറിയും ലോബിയും വരാന്തയും അലങ്കരിക്കാന്‍ ഡിഷ് ഗാര്‍ഡന്‍ നല്ലതാണ്. പലതരത്തില്‍ ഇത് നിര്‍മിക്കാം. മരുഭൂമിയുടെ പ്രതീതി വേണമെങ്കില്‍ നിറയെ മണലും കള്ളിച്ചെടികളും ചെറിയ ഉരുളന്‍കല്ലുകളുമിട്ടാല്‍ മതി. നടുവില്‍ ഒരു പ്ലാസ്റ്റിക് ഒട്ടകത്തിനെയും വെയ്ക്കാം. ഇലച്ചെടികളും നീലനിറത്തിലുള്ള മണലും ചെറിയ മീനിന്റെയും ഡോള്‍ഫിന്റെയും രൂപങ്ങളും കക്കയുമെല്ലാം ഉള്‍പ്പെടുത്തി കടല്‍ത്തീരമാക്കാം. അധികം വലുപ്പം വെയ്ക്കാത്ത സാവധാനം വളരുന്ന ഇന്‍ഡോര്‍ പ്ലാന്റുകളാണ് ഇതില്‍ നടേണ്ടത്.  
 
വിവരങ്ങള്‍ക്ക് കടപ്പാട്
 
*പ്രൊഫ. ജേക്കബ് വര്‍ഗീസ് കുന്തറ
ബോട്ടണി വിഭാഗം, ഭാരതമാതാ കോളേജ്, കൊച്ചി
* പ്രിയ എഫ്. വര്‍ഗ്ഗീസ്, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
 

Content Highlights: Different Types Of Gardens Landscaping Ideas