വീടിനുള്ളിലെ കൊച്ച് പൂന്തോട്ടം, അല്ലെങ്കില്‍ നടുമുറ്റത്തെ പൂന്തോട്ടം...  ചെറിയ പൊടികൈകള്‍ കൊണ്ട് കൊണ്‍ക്രീറ്റില്‍ തയ്യാറാക്കാവുന്ന ഈ ഇലകളും പൂക്കളും ചട്ടികളും കൂടിയുണ്ടെങ്കില്‍ ഇവയൊക്കെ മനോഹരമാക്കാം.

ജാപ്പനീസ് ഡ്രൈ ഗാര്‍ഡന്‍ 

ലോണില്‍ അല്‍പം പുല്ല് മാത്രം പിടിപ്പിച്ച്, ഇടയ്ക്കിടെ കോണ്‍ക്രീറ്റ് ഇലകള്‍ വെക്കാം. അതിനിടയില്‍ ഉരുളന്‍കല്ലുകളോ ബേബി മെറ്റലോ ഭംഗിയായി നിരത്തിയാല്‍, നല്ലൊരു ഡ്രൈ പുല്‍ത്തകിടി റെഡിയായി. ഈ പുല്‍ത്തകിടി പരിപാലിക്കാനും എളുപ്പമാണ്. 

ഇലകളും പൂക്കളും

ഇലകളുടെ രൂപങ്ങള്‍ സിമന്റില്‍ വാര്‍ക്കാം. ചേമ്പ്, പൊടുവണ്ണി, തേക്ക്, ആമ്പല്‍ മുതലായവയുടെ ഇലകള്‍ ഉപയോഗിച്ച് നല്ല കോണ്‍ക്രീറ്റ് ഇലകള്‍ തയ്യാറാക്കാം. ഉദ്യാനത്തില്‍ അങ്ങിങ്ങായി പുല്ലിന്റെ ഇടയിലും ഡ്രൈ ഗാര്‍ഡനിലും ഈ സിമന്റ് ഇലകള്‍ വെച്ചാല്‍ നല്ല ഭംഗിയുണ്ടാവും. പ്ലാസ്റ്റിക് ബോളുകളിലും ബലൂണുകളിലും സിമന്റ് നിറച്ച്, 24 മണിക്കൂറിനു ശേഷം ഉണങ്ങിക്കഴിഞ്ഞാല്‍ പ്ലാസ്റ്റിക് പൊളിച്ചെടുക്കാം. ഭംഗിയായ കോണ്‍ക്രീറ്റ് ബോള്‍ റെഡി. ഇതില്‍ പലതരത്തിലുള്ള ചെടികള്‍ നട്ടുപിടിപ്പിക്കാം.

സിമന്റ് കയര്‍ ഗോളം

ഒരു ബലൂണിന്റെ ചുറ്റിലും തുണി കയര്‍പോലെ പിരിച്ചത് സിമന്റില്‍ മുക്കി ചുറ്റുക. 24 മണിക്കൂറിനു ശേഷം സിമന്റ് ഉറച്ചുകഴിഞ്ഞാല്‍, പിന്‍ കൊണ്ട് ബലൂണ്‍ കുത്തിപ്പൊട്ടിക്കുക. സിമന്റ് കയര്‍ കൊണ്ടുള്ള ഒരു ഗോളം കിട്ടും. 

സ്റ്റാന്‍ഡ്
 
തുണിയോ ടര്‍ക്കി ടവ്വലോ വട്ടത്തില്‍ മുറിച്ച് സിമന്റില്‍ മുക്കി ഒരു സ്റ്റൂളിന്റെ മുകളില്‍ തൂക്കിയിടുക. ഒരു ദിവസം കഴിഞ്ഞാല്‍ അത് സെറ്റാകും. പ്ലീറ്റ്‌സുള്ള മനോഹരമായ സിമന്റ് സ്റ്റാന്‍ഡ് കിട്ടും.  

 പ്ലാന്റര്‍ 

ഒരു ബക്കറ്റ് കമഴ്ത്തി അതിന്റെ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. സിമന്റ് ഒട്ടിപ്പിടിക്കാതിരിക്കാനാണിത്. കട്ടിയുള്ള തുണിയോ ടര്‍ക്കി ടവ്വലോ ചതുരത്തില്‍  അല്ലെങ്കില്‍ വട്ടത്തില്‍ മുറിച്ച് സിമന്റില്‍ മുക്കിയെടുക്കുക. എന്നിട്ട് പ്ലീറ്റ്‌സോടു കൂടി ബക്കറ്റിനു മുകളില്‍ വിരിച്ചു തൂക്കി യിടുക. ഒരു ദിവസം കഴിഞ്ഞാലിത് സെറ്റാകും. നിവര്‍ത്തി എടുത്താല്‍ പ്ലാന്റര്‍ റെഡി. ഉപയോഗിക്കാത്ത ആട്ടമ്മി, കോഫി മഗ്ഗുകള്‍ എന്നിവയിലും ചെറിയ ചെടികള്‍ നട്ടുപിടിപ്പിക്കാം. പൂന്തോട്ടത്തിന് വ്യത്യസ്തമായൊരു ലുക്ക് കിട്ടാന്‍ ഇത് സഹായിക്കും.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
 
Content Highlights: Concrete Flower Garden