തെങ്ങില്ലാതെ വീടുവെക്കാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. തൂണിനും കഴുക്കോലിനും മച്ചിനും തെങ്ങിന്‍തടി, മേല്‍ക്കൂര മേയാന്‍ തെങ്ങോല, ഓലകെട്ടാന്‍ തെങ്ങിന്‍മടലിന്‍ നാര്... അന്ന് തെങ്ങിനും നല്ല കാലം. കാലം മാറി... കോണ്‍ക്രീറ്റ് വീടുകള്‍ പൊന്തിയതോടെ തെങ്ങിന്‍തടി പടിക്കു പുറത്തായി. തടി പറമ്പില്‍കിടന്ന് ചിതലരിച്ചുതീര്‍ന്നു. തെങ്ങിന്റെ വിധി അങ്ങനെയെന്നു കരുതിയെങ്കില്‍ തെറ്റി. തെങ്ങ് തിരിച്ചുവരികയാണ്. വീട്ടിലേക്കുതന്നെ. നിലത്തുപാകാന്‍ (ഫ്‌ലോറിങ്ങ്), ചുമരില്‍ പാകാന്‍ (പാനലിങ്ങ്), ഗോവണിക്ക്, അകത്തളങ്ങള്‍ അലങ്കരിക്കാന്‍ (ഇന്റീരിയല്‍ ഡെക്കറേഷന്‍)... ഇതിനെല്ലാം തെങ്ങോളം നല്ലൊരു വസ്തു വേറെയില്ല.

തേക്ക് തോല്‍ക്കും വുഡ് പാനലിങ്

വടകര പാക്കയിലെ നടോല്‍ സുരേന്ദ്രന്റെ വീട് തെങ്ങുകൊണ്ട് പാനല്‍ ചെയ്തതുകണ്ടാല്‍ തേക്കുപോലും സുല്ലിടും. അഞ്ചുവര്‍ഷം കഴിഞ്ഞു പാനല്‍ ചെയ്തിട്ട്. ഇന്നും പുതിയതുപോലെ. 50 മുതല്‍ 60 വര്‍ഷം വരെ മൂപ്പുള്ള തെങ്ങാണ് ഉപയോഗിച്ചത്. പാലക്കാട് സ്വദേശിയായ സുകുമാരനാണ് തെങ്ങുകൊണ്ടുള്ള പാനലിങ്ങ് എന്ന ആശയം മുന്നോട്ടുവെച്ചത്. ചെലവുകുറച്ച് ചെയ്യാനായി. പാക്കയില്‍ മറ്റൊരു വീട്ടില്‍കൂടി തൂണ്‍ ഉള്‍പ്പെടെ തെങ്ങിന്‍തടികൊണ്ട് പാനല്‍ ചെയ്തു. പോളിഷ് കൂടി ചെയ്തപ്പോള്‍ ഉഗ്രന്‍. ഇതെല്ലാംകണ്ട് ആവശ്യക്കാര്‍ വരുന്നുണ്ടെന്ന് സുകുമാരന്‍ പറഞ്ഞു.

നിലത്തും തെങ്ങ്

Flooring
നിലത്തുപാകിയ തെങ്ങിന്‍തടി മിനുക്കുന്ന പാലോത്ത് കുട്ടിക്കൃഷ്ണന്‍

എന്തുകൊണ്ട് തെങ്ങിന്‍തടികൊണ്ട് ഫ്‌ലോറിങ് നടത്തിക്കൂട?. ഈ ചിന്തയില്‍ നിന്നാണ് മേമുണ്ട സ്വദേശി പാലോത്ത് കുട്ടിക്കൃഷ്ണന്‍ തെങ്ങിന്‍തടി നിലത്തുപാകിയത്. ആദ്യം ചാരുപടിയില്‍ തെങ്ങിന്‍തടി ടൈല്‍പോലെ പാകി. മുകളിലത്തെ ഒരു കിടപ്പുമുറിയുടെ നിലത്തും പാകി. കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. അതിമനോഹരം.

മരപ്പണിക്കാരനായ കുട്ടിക്കൃഷ്ണന്‍തന്നെയാണ് ജോലിയെല്ലാം ചെയ്തത്. 60 വര്‍ഷം മൂപ്പെത്തിയ തെങ്ങ് ഈര്‍ന്ന് 12 ഇഞ്ച് നീളത്തിലും മൂന്നിഞ്ച് വീതിയിലും അരയിഞ്ച് കനത്തിലും മുറിച്ചാണ് ഫ്‌ലോറിങ്ങിന് ഉപയോഗിച്ചത്. ഒട്ടിക്കാന്‍ പശയൊന്നും ഉപയോഗിച്ചില്ല. നാലുചുമരുകള്‍ക്കിടയില്‍ കൃത്യമായ അനുപാതത്തില്‍ അടുക്കിവെച്ചപ്പോള്‍തന്നെ ഇന്റര്‍ലോക്ക് ചെയ്തതുപോലെയായി.

ഒരു തെങ്ങിന്റെ ഏഴരമീറ്റര്‍ വരെയുള്ള ഭാഗമാണ് ഉപയോഗിച്ചത്. ഒരു മുറിക്ക് മൂന്നുതെങ്ങ് വേണ്ടിവന്നു. താത്പര്യമുള്ള ആര്‍ക്കും ഇത് ചെയ്തുനല്‍കാന്‍ ഇദ്ദേഹം തയ്യാറാണ്. അന്വേഷണം വരുന്നുണ്ട്. ചെലവ് സംബന്ധിച്ച കൃത്യമായ കണക്ക് തയ്യാറാക്കിയശേഷം ഇതില്‍ സജീവമാകും. കരുനാഗപ്പള്ളി അശോകപുരത്തെ സഫീര്‍-റീജ ദമ്പതികള്‍ പൂര്‍ണമായും തെങ്ങുകൊണ്ട് നിര്‍മിച്ച വീട് നേരത്തെതന്നെ വാര്‍ത്തയായിരുന്നു. ചെലവായത് 13 ലക്ഷം രൂപ മാത്രം.

പ്രതീക്ഷയേകി ഐ.സി.എ.ആര്‍. പദ്ധതി

കേരള കാര്‍ഷിക സര്‍വകലാശാല തെങ്ങിന്‍തടിയെ ഉപയോഗപ്പെടുത്താന്‍ നാളികേര വികസന ബോര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കിയ മൂന്നു വര്‍ഷത്തെ പദ്ധതി അവസാനിക്കാനിരിക്കെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) പുതിയ പദ്ധതിയായിട്ടുണ്ട്. തെങ്ങില്‍നിന്ന് വിവിധ ഉപോത്പന്നങ്ങളുടെ നിര്‍മാണരീതി വികസിപ്പിക്കലാണ് സെക്കന്‍ഡറി അഗ്രികള്‍ച്ചറല്‍ വാല്യൂ അഡീഷന്‍ കോക്കനട്ട് എന്ന പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിലൊരു ഇനം തെങ്ങിന്‍തടിയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മാണമാണ്. കേരള കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളേജിലെ വുഡ് സയന്‍സ് വിഭാഗമാണ് പഠനത്തിന് നേതൃത്വം നല്‍കുക. തെങ്ങിന്‍തടിയില്‍നിന്ന് കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രീതി സ്വായത്തമാക്കുകയാണ് ലക്ഷ്യമെന്ന് വുഡ് സയന്‍സ് വിഭാഗം മേധാവി ഡോ. അനൂപ് പറഞ്ഞു.

Content Highlights: Different uses of coconut wood