രു കുഞ്ഞു പിറക്കുമ്പോള്‍ ആ വീട്ടിലുള്ള എല്ലാവരുടെയും ജീവിതമാണ് മാറുന്നത്. അതിനൊപ്പം മാറുന്ന മറ്റൊന്നുണ്ട്. വീട്. വീടിനുള്ളിലെ ഉപകരണങ്ങള്‍ മുതല്‍ വീടിന്റെ ഇന്റീരിയര്‍ വരെ മാറി മറിയും. കുഞ്ഞിന്റെ സുരക്ഷക്കായിരിക്കും മുന്‍ഗണന. കുഞ്ഞിനു വേണ്ടി ഒരുക്കുന്ന മുറിയില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കാം.

തൊട്ടില്‍

കുഞ്ഞുപിറന്നാല്‍ ഉടന്‍ മാതാപിതാക്കള്‍ ആദ്യം വാങ്ങുക തൊട്ടിലാണ്. എന്നാല്‍ കുറച്ചു കാലത്തേക്കല്ലേ എന്ന് കരുതി കൂടുതല്‍കാലം ഈടു നില്‍ക്കുന്ന ഗുണമേന്മയുള്ള തൊട്ടില്‍ വാങ്ങാന്‍ പലരും മടിക്കും. കാരണം വിലക്കൂടുതല്‍ തന്നെ. എന്നാല്‍ കുഞ്ഞിനെ കൂടുതല്‍ കാലം സുരക്ഷിതമായി ഉറങ്ങാന്‍ അനുവദിക്കാവുന്ന ഇടമാണ് തൊട്ടില്‍. കുഞ്ഞിനെ ഒറ്റയ്ക്ക് കിടത്തി നിങ്ങളുടെ ജോലികളും മറ്റും ചെയ്യാനായി മാറിനില്‍ക്കാന്‍ പറ്റുന്ന ഇടം തൊട്ടിലാണ്. കട്ടിലിലും നിലത്തുമൊക്കെ കിടത്തിയാല്‍ താഴെ വീഴാനും മുട്ടിലിഴഞ്ഞ് പോകാനുമൊക്കെ സാധ്യതയുണ്ട്. ടോഡ്‌ലെര്‍ റെയില്‍ സേഫ്റ്റിയുള്ള അല്‍പം വലിപ്പമുള്ള തൊട്ടില്‍ വാങ്ങാം. പിടിച്ച് നില്‍ക്കാറായാലും കുഞ്ഞ് തോട്ടിലിനുള്ളില്‍ സുരക്ഷിതമായി നിന്നോളും. വിലിപ്പം കൂട്ടാനും ടോഡ്‌ലെര്‍ ബെഡ്ഡാക്കി മാറ്റാനും പറ്റുന്ന തരം തൊട്ടിലുകള്‍ ലഭിക്കും. 

ബെഡ്ഡ് ഫാബ്രിക്‌സ്

തൊട്ടിലിനുള്ളില്‍ ഉപയോഗിക്കുന്ന വിരിപ്പുകള്‍ നല്ല നിറവും ചിത്രങ്ങളും ഒക്കെ ഉള്ളതാവട്ടെ. സോഫ്റ്റ് കോട്ടണ്‍ പോലുള്ളവകൊണ്ടുള്ള ഷീറ്റുകള്‍ വാങ്ങുന്നതാണ് നല്ലത്. കുഞ്ഞിന്റെ ചര്‍മത്തിന് അനുയോജ്യമായ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാം. എളുപ്പത്തില്‍ കഴുകി ഉണങ്ങാവുന്ന ഷീറ്റുകളാണ് നല്ലത്. 

സ്റ്റോറേജ്

കുഞ്ഞിന്റെ ഉടുപ്പുകള്‍, മരുന്നുകള്‍, ഡയപ്പറുകള്‍.. എന്നിവയെല്ലാം തരം തിരിച്ച് സൂക്ഷിക്കാനായി ഒരിടം നിര്‍ബന്ധമാണ്. മറ്റ് സാധനങ്ങളുടെ കൂടെ കൂട്ടിക്കുഴച്ച് വയ്ക്കുന്നത് ഒഴിവാക്കാം. കുഞ്ഞിനെ കിടത്തുന്ന മുറിയില്‍ തന്നെ ഇതിന് ഇടം കണ്ടെത്തുന്നതാണ് നല്ലത്. രാത്രിയിലും മറ്റും ഡയപ്പര്‍ മാറ്റേണ്ടി വന്നാല്‍ അത് തിരഞ്ഞുള്ള പരക്കംപാച്ചിലുകള്‍ ഒഴിവാക്കാമല്ലോ. 

ഡയപ്പര്‍ മാറ്റിയ ശേഷം അവ ഇടാനായി ഒരു ബാസ്‌കറ്റ് വയ്ക്കാം. കുഞ്ഞിന്റെ വൃത്തിയാക്കാനുള്ള തുണികളും ഇതുപോലെ മറ്റൊരു ബാസ്‌കറ്റില്‍ ഇടാം. 

മുറിയുടെ നിറം

കുഞ്ഞ് ആദ്യത്തെ കാലഘട്ടങ്ങളില്‍ കൂടുതല്‍ സമയവും കാണുന്ന ഇടം മുറിയുടെ സീലിങ് തന്നെയാണ്. ഇവിടെ വാം നിറങ്ങളും ചിത്രങ്ങളുമൊക്കെ വരയ്ക്കാം. തൂക്കിയിടാന്‍ പറ്റുന്ന പാവകള്‍, ചെറിയ ശബ്ദമുണ്ടാക്കുന്ന മണികള്‍ ഇവയൊക്കെ ഒരുക്കാം. മുറിയിലെ വെളിച്ചം കുഞ്ഞിന്റെ മുഖത്തേയ്ക്ക് നേരിട്ട് വീഴാത്ത വിധത്തില്‍ ക്രമീകരിക്കാം. ഭിത്തിയിലും പിങ്ക്, നീല, ഇളം മഞ്ഞ, ഇളം പച്ച പോലുള്ള നിറങ്ങള്‍ നല്‍കാം. ചിത്രങ്ങളും വരയ്ക്കാം. 

റോക്കിങ് ചെയര്‍

ഒരു റോക്കിങ് ചെയര്‍ വാങ്ങിയാലോ. കുഞ്ഞിനെ മടിയില്‍ കിടത്തി പാലൂട്ടുമ്പോഴോ, ഉറക്കുമ്പോഴോ അമ്മയ്ക്കും കുഞ്ഞിനും റിലാക്‌സായി ഇരിക്കാന്‍ പറ്റിയ ഇടമാണ് റോക്കിങ് ചെയര്‍. പിന്നീട് ഇവയെ സാധാരണ ലിവിങ് റൂം ഫര്‍ണിച്ചറാക്കിയും മാറ്റാം. 

ഇന്റീരിയര്‍ ഡെക്കോര്‍

തടികൊണ്ടുള്ള ഫ്‌ളോറിങാണെങ്കില്‍ പ്ലഷ് വൂളന്‍ കാര്‍പെറ്റ് വിരിക്കാം. ജനാലകളില്‍ ബ്ലാക്ക് ഔട്ട കര്‍ട്ടനുകള്‍ നല്‍കുന്നതാണ് നല്ലത്. പകല്‍ സമയങ്ങളില്‍ പുറത്തെ വെളിച്ചം കുഞ്ഞിന്റെ ഉറക്കത്തിന് തടസ്സമാകാതിരിക്കാനാണ് ഇത്. കുഞ്ഞിനെ സന്തോഷിപ്പിക്കുന്ന എന്ത് സാധനങ്ങള്‍ക്കൊണ്ടും മുറി അലങ്കരിക്കാം. പാവകള്‍, ചിത്രങ്ങള്‍.. അങ്ങനെ എന്തും. ഒന്നും കുഞ്ഞിന് അപകടമാകുന്ന രീതിയില്‍ ക്രമീകരിക്കരുതെന്ന് മാത്രം.

Content Highlights: trendy ideas to help set up the perfect nursery room for  little one