കാലം മാറുന്നതിന് അനുസരിച്ച് വീടുപണിയിലെ ആശയങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്റീരിയറിനും എക്സ്റ്റീരിയറിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

വലിയ ചെടികള്‍

അകത്തളത്തില്‍ ചെറിയ ചെടികള്‍ വെക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍ അതിനൊരു മാറ്റമെന്നോണം വലിയ ചെടികള്‍ കൂടി ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പുത്തന്‍ ട്രെന്‍ഡുകളില്‍ ഇടം നേടുന്നുണ്ട്. മുറിയുടെ ഡിസൈനിനും അതില്‍ സെറ്റ് ചെയ്തിരിക്കുന്ന ഫര്‍ണിച്ചറുകള്‍ക്കും മറ്റു സാധനങ്ങള്‍ക്കുമൊക്കെ ചേരുന്ന വിധത്തിലുള്ള വലിയ ചെടികള്‍ തെരഞ്ഞെടുക്കാം. വീട്ടിനുള്ളിലെ കാലാവസ്ഥയ്ക്കു ചേരുന്നതായിരിക്കണം എന്നതിനൊപ്പം സൂര്യപ്രകാശം ധാരാളം ലഭിക്കാന്‍ സാധ്യതയുള്ള ഇടത്തുമായിരിക്കണം ചെടികള്‍ സ്ഥാപിക്കേണ്ടത്. 

ബോള്‍ഡ് കളറുകള്‍

വീടുകള്‍ക്ക് ലൈറ്റ് നിറങ്ങള്‍ മാത്രമേ ചേരൂ എന്ന പഴഞ്ചന്‍ ആശയങ്ങള്‍ക്കൊന്നും ഇന്നു പ്രസക്തിയില്ല. ചുവപ്പ്, നീല, മഞ്ഞ പോലുള്ള ബോള്‍ഡ് നിറങ്ങളും വീടിന് അഴകുകളാകുന്നു. ഒപ്പം ഗ്രേ അന്നും ഇന്നും തരംഗമാണെന്നതില്‍ സംശയമില്ല. 

ക്ലാസിക് ലുക്

എന്തു ചെയ്തിട്ടായാലും വീടിന് ക്ലാസിക് ലുക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ട്രഡീഷണല്‍ ശൈലിയിലുള്ള അലങ്കാരവിളക്കുകളും കരകൗശല വസ്തുക്കളും കൊണ്ട് വീട്ടകങ്ങള്‍ നിറയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. മോഡേണ്‍ ശൈലിക്കൊപ്പം പഴഞ്ചന്‍ സ്റ്റൈലുകള്‍ കൂടി കടമെടുത്ത് ഉപയോഗിക്കുന്ന രീതിയാണിത്. 

വുഡന്‍ പ്രേമം

വീട് ഇന്നത്തെ ശൈലിയിലാണെങ്കിലും മരപ്പണികള്‍ ധാരാളം ഉപയോഗിക്കണം എന്നു പറയുന്നവരുണ്ട്. തൂണുകളിലും ഫര്‍ണിച്ചറുകളിലും മാത്രമല്ല ഫ്‌ളോറിലും ചുവരുകളിലും വരെ വുഡന്‍ ടച്ച് ധാരാളമാണിന്ന്. വീടായാലും ഓഫീസായാലുമൊക്കെ വുഡന്‍ ഫിനിഷിങ് തരംഗമാകുകയാണ്.

കഥപറയും ചുവരുകള്‍

വെള്ളയോ ഗ്രേയോ തുടങ്ങി ഇളംനിറങ്ങള്‍ മാത്രം ചുവരുകള്‍ക്ക് മനോഹാരിത നല്‍കിയിരുന്ന കാലമല്ലിന്ന്. കഥ പറയുന്ന ചുവരുകള്‍ക്കായി വാള്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. കുട്ടികളുടെ മുറികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട സൂപ്പര്‍ താരങ്ങളുടെയോ, ലിവിങ് റൂമില്‍ പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന കടല്‍, കാട്, കാഴ്ച്ചകളൊക്കെ വാള്‍പേപ്പറുകളായി അകത്തളങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. 

Content Highlights: trends in interior designing interior design veedu malayalam news