രേ തരം ടൈല്‍സ് പതിച്ച നിലം. അവയിങ്ങനെ നെടുനീളത്തില്‍ വിരസമായി കിടക്കുകയാണ്. ഈ സ്ഥലങ്ങള്‍ക്ക് ഇത്തിരി മോടി കൂട്ടാന്‍ വഴിയുണ്ടോ? വിവിധ നിറങ്ങളും ടെക്‌സ്ച്ചറുമുള്ള റഗ്ഗുകള്‍ വിരിച്ചാല്‍ മതി. സംഗതി ഉഷാറാവും. അത്യാവശ്യം വേണ്ടയിടത്തു മാത്രം അലങ്കരിക്കാനാണ് റഗ്ഗ്. കാര്‍പറ്റ് പോലെ തറയാകെ മൂടില്ല. ആറര അടിയില്‍ കുറവ് നീളമേ റഗ്ഗുകള്‍ക്ക് ഉണ്ടാവൂ. കൈകൊണ്ട് തുന്നിയ റഗ്ഗുകളും യന്ത്രസഹായത്തോടെ നിര്‍മിക്കുന്നവയും ഉണ്ട്. പരമ്പരാഗത ലുക്കിലുള്ളതും കണ്ടംപററി സ്‌റ്റൈല്‍, പേര്‍ഷ്യന്‍ തുടങ്ങിയ വെറൈറ്റി റഗ്ഗുകളും വിപണിയില്‍ ലഭ്യമാണ്. വൂളന്‍, കോട്ടണ്‍, ജൂട്ട്, സിന്തറ്റിക് ഫൈബര്‍, ഒലഫിന്‍ എന്നിവയില്‍ നിര്‍മിച്ച റഗ്ഗുകളാണ് ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത്. 

ഓരോ മുറിക്കും ഇണങ്ങുന്നത്

വീട്ടിലെ ഓരോ ഇടത്തിനും വ്യത്യസ്ത മൂഡ് കൊണ്ടുവരാന്‍ റഗ്ഗുകള്‍ക്കാവും. ലിവിങ് റൂം, ഫാമിലി ലിവിങ് റൂം എന്നിവിടങ്ങളിലാണ് സാധാരണയായി റഗ്ഗിന്റെ സ്ഥാനം. മുറിയുടെ മധ്യഭാഗം ഹൈലൈറ്റ് ചെയ്യാനാണ് റഗ്ഗ് ഇടുന്നത്. ഇന്ന് അധിക വീടുകളിലും മാര്‍ബിള്‍, ഗ്രാനൈറ്റ് തറകളാണ്. തണുപ്പുള്ള ഇത്തരം തറകളില്‍ വൂളന്‍ അല്ലെങ്കില്‍ ഗ്രാസ് റഗ്ഗ് വിരിച്ചാല്‍ ചൂട് കൂടും. വൈക്കോലോ പുല്ലോ പ്രോസസ് ചെയ്ത് ഉണ്ടാക്കുന്നതാണ് ഗ്രാസ് റഗ്ഗുകള്‍. എന്നാല്‍ ഗ്രാസ് റഗ്ഗുകളില്‍ പൂപ്പല്‍ സാധ്യത കൂടുതലുള്ളതു കൊണ്ട് അലര്‍ജി പോലുള്ള അസുഖമുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ജൂട്ട് റഗ്ഗ്‌സ് പൊതുവെ നിലത്തിടാറില്ല. സൗണ്ട് ഇന്‍സുലേഷന്‍ ആയി ഹോം തിയേറ്റര്‍ ഉള്ള മുറികളില്‍ ഉപയോഗിക്കാം. 

ബെഡ്‌റൂമുകളില്‍ കിടക്കയില്‍ നിന്ന് ഇറങ്ങുന്നിടത്ത് റഗ്ഗ് ഇടാം. പരന്ന തരത്തിലുള്ളവ ഇവിടെ ചേരും.  ടോയ്‌ലറ്റിന്റെ മുന്‍വശത്ത് സിന്തറ്റിക് നാരുകള്‍ കൊണ്ട് നിര്‍മിച്ച മാറ്റുകള്‍ നന്ന്. കാരണം ഇവ വെള്ളം തട്ടിയാലും പൂപ്പല്‍ വരില്ല. ചെറിയ വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കാം.ബ്രൈറ്റ് നിറത്തിലുള്ളതും ഫ്‌ളോറല്‍ പ്രിന്റുള്ളതുമായ റഗുകള്‍ പരമ്പരാഗത ഇന്റീരിയറിന് യോജിക്കും. ആധുനിക ഡിസൈന്‍, പ്ലെയിന്‍, അബ്‌സ്ട്രാക്ട് പാറ്റേണ്‍ എന്നിവ സമകാലിക ഇന്റീരിയറിന് പരീക്ഷിക്കാം. നന്നായി ചിത്രപ്പണികള്‍ ചെയ്ത റഗ്ഗ് ചുവരിലും സീലിങ്ങിലും തൂക്കാറുണ്ട്.

തിരഞ്ഞെടുക്കുമ്പോള്‍

ഇന്റീരിയറിലെ പെയിന്റിനും ഫര്‍ണിച്ചറിനും ചേരുന്ന നിറത്തിലും പാറ്റേണിലുമുള്ള റഗ്ഗുകള്‍ തിരഞ്ഞെടുക്കാം. ആദ്യം കാര്‍പ്പറ്റ് പാഡ് വിരിച്ചതിനു ശേഷം മുകളില്‍ കനം കുറഞ്ഞ റഗ്ഗ് വിരിച്ചാല്‍ ഒരുപാടുകാലം നീണ്ടുനില്‍ക്കും. എന്നാല്‍ കനം കൂടിയ കാര്‍പ്പറ്റുകള്‍(ഹൈ പൈല്‍ കാര്‍പ്പറ്റ്‌സ്) വീടിന്റെ പ്രൗഢി എടുത്തു കാണിക്കും. പരന്ന, നെയ്‌തെടുത്ത റഗ്ഗുകള്‍ക്ക് (ഫഌറ്റ് വൂവണ്‍ റഗ്ഗ്) ഇവയേക്കാള്‍ വില കൂടുതലാണ്. റഗ്ഗ്‌സിന്റെ കനവും മെറ്റീരിയലും അനുസരിച്ചാണ് വില. ചതുരശ്ര അടിക്ക് ഇരുപതു മുതല്‍ എഴുന്നൂറു രൂപ വരെ വിലയുള്ളവ കിട്ടും. കൈത്തറി അല്ലെങ്കില്‍ ജൂട്ട് കൊണ്ട് ഉണ്ടാക്കിയ റഗ്ഗുകളാണ് ഡിമാന്റിലും വിലയിലും മുമ്പില്‍. ഭംഗിയില്‍ കേമന്മാര്‍ സിന്തറ്റിക് നൂലുകളും കയറും കൊണ്ടുണ്ടാക്കിയ റഗ്ഗുകളാണെങ്കിലും അവയില്‍ പൊടി അടിയാനുള്ള സാധ്യത കൂടുതലാണ്. 

വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും റഗ്ഗുകള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. അധികം പൊടിയാവുന്ന സ്ഥലത്ത് വിരിച്ചവയാണെങ്കില്‍ ഇടയ്ക്കിടെ വൃത്തിയാക്കാം. ഡ്രൈ വാഷ് ചെയ്യാം. കഴുകാന്‍ പറ്റുന്നവ പൊടി തട്ടി കളഞ്ഞ്, ഷാമ്പൂ ഉപയോഗിച്ച് കഴുകിയ ശേഷം ഉണക്കിയെടുക്കാം. കഴുകാന്‍ പറ്റാത്തവയാണെങ്കില്‍ പുറത്തുകൊണ്ടുപോയി പൊടി തട്ടിക്കളഞ്ഞശേഷം വാക്ക്വം ക്ലീനര്‍ ഉപയോഗിച്ച് വീണ്ടും വൃത്തിയാക്കാം. 

കടപ്പാട്: ഷബാന നുഫൈല്‍, 
ആര്‍ക്കിടെക്ട്, ഡിഫോം ആര്‍ക്കിടെക്ട്‌സ്, 
കോഴിക്കോട്

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Trendy Rugs