പണ്ട് മുറികള്‍ നിറയെ മേശയും കസേരയും അലമാരയും കൊണ്ട് നിറഞ്ഞിരുന്നു. തട്ടിമുട്ടി നടക്കാന്‍ തന്നെ പ്രയാസം. ഇന്ന് ഈ ട്രെന്റ് മാറി. ആവശ്യത്തിന് മാത്രം ഫര്‍ണിച്ചര്‍. മുറിയുടെ വിശാലത വ്യക്തമാക്കുന്ന രീതിയില്‍ അടുക്കി ഒതുക്കിയായിരിക്കും ഇവ വെക്കുന്നത്. അതിനാല്‍ മുറി കൂടുതല്‍ വിശാലമായി തോന്നും. മുറികള്‍ വിശാലമാക്കാനുള്ള ചില പൊടിക്കൈകളിതാ....
ചുമരുകള്‍ക്ക് ഇളം നിറങ്ങള്‍ ഉപയോഗിക്കുക. അതായത് വെള്ള, ഇളം മഞ്ഞ പോലുള്ള നിറങ്ങള്‍. നിങ്ങളുടെ ഇഷ്ടനിറങ്ങളുടെ ലൈറ്റ് ഷേഡ്‌സ് ആയാലും മതി. ഈ നിറങ്ങള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കും. അതിനാല്‍ മുറിക്ക് കൂടുതല്‍ വലിപ്പം തോന്നിക്കും.
മുറിയിലെ വസ്തുക്കള്‍ക്കും ചുമരുകള്‍ക്ക് ഉപയോഗിച്ച നിറങ്ങളുടെ ഷേഡുകള്‍ തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ഇളം നീലയാണ് ചുമരില്‍ ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ കാര്‍പെറ്റും കര്‍ട്ടനുകളും ഇതിന്റെ വിവിധ ഷേഡുകളാക്കുക. ഇത് വേണമെങ്കില്‍ ഇതേ ഷേഡിലുള്ള കടും നിറമായാലും മതി. ഫര്‍ണിച്ചറുകള്‍ക്കും ഇതിന്റെ ഭാവഭേദങ്ങള്‍ നല്‍കുക. പൊതുവായി പറഞ്ഞാല്‍ ഒരേ നിറത്തിന്റെ വിവിധ ഷേഡുകള്‍ മുറിയില്‍ നല്‍കുകയെന്നര്‍ഥം.
മുറിയുടെ ചുമരുകളില്‍ ഉപയോഗിക്കുന്ന പെയിന്റിങ്ങുകളും ചിത്രങ്ങളും വലിയ വലിപ്പത്തിലുള്ളതാവരുത്. വലിയ രൂപത്തിലുള്ളവയാണെങ്കില്‍ മുറി വളരെ ചുരുങ്ങിയതായി തോന്നും. മുറികളില്‍ ഉപയോഗിക്കുന്ന ചില്ലുകൊണ്ടുള്ള ഫര്‍ണിച്ചറുകളാണെങ്കില്‍ മുറിയുടെ വലിപ്പക്കുറവ് ഫീല്‍ ചെയ്യില്ല. എല്ലാ ഭാഗത്തേക്കും നല്ല കാഴ്ചകിട്ടുകയും ചെയ്യും. മറ്റൊന്ന് ചുമരുകളോട് ചേര്‍ന്ന് ഫര്‍ണിച്ചറുകള്‍ ഇടുകയാണെങ്കില്‍ അതും മുറിയുടെ വലിപ്പം കുറച്ച് കാണിക്കും.
ചുമരിലെ കണ്ണാടികളും മുറിക്ക് വലിപ്പം തോന്നിക്കും. ഇതിലെ പ്രതിഫലനം തന്നെ കാരണം. മുറിയിലെ ഫര്‍ണിച്ചറുകള്‍ക്കും ഇതില്‍ പ്രധാന ഭാഗമുണ്ട്. വലിയ സോഫയും മറ്റും മുറിയുടെ ഭംഗി ആകെ നശിപ്പിക്കും. ആഡംബരം തുളുമ്പുന്ന വിലകൂടിയ സോഫകള്‍ മുറിയുടെ സൗന്ദര്യം കൂട്ടുമെങ്കിലും ഒറ്റനോട്ടത്തില്‍ മുറിയുടെ വലിപ്പം കുറച്ച് കാണിക്കും. ലിവിങ് റൂമിലായാലും ബെഡ്‌റൂമിലായാലും ആവശ്യത്തിന് ഫര്‍ണിച്ചറുകള്‍ മാത്രം ഇടുക.
ചിലപ്പോള്‍ മനസ്സിന് ഇഷ്ടപ്പെടുന്നവ ഉണ്ടായിരിക്കും. അവ അതിന് അനുയോജ്യമായ ഇടത്തായിരിക്കണം. ഫര്‍ണിച്ചറുകള്‍ ചുമരിനോട് ചേര്‍ത്ത് ഇടുമ്പോള്‍ കൂടുതല്‍ സ്ഥലം തോന്നിക്കുമെങ്കിലും ഭംഗി കുറയ്ക്കും. എന്നാല്‍ ചിലവ അതായത്, കോര്‍ണര്‍ ടേബിള്‍ പോലുള്ളവ മുറിയുടെ അരികില്‍ വെക്കുകയാണെങ്കില്‍ സ്ഥലം നഷ്ടവുമില്ല, ഭംഗി തോന്നിക്കുകയും ചെയ്യും.
ബെഡ് റൂമുകളില്‍ വിവിധോദ്ദേശ്യ ഫര്‍ണിച്ചറുകളായിരിക്കും കൂടുതല്‍ ഉപകാരം. അതായത് കട്ടിലിനോടൊപ്പമുള്ള അലമാര. കട്ടിലിനടിയിലുള്ള അലമാര ഒട്ടും സ്ഥലം മെനക്കെടുത്തില്ല. വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാന്‍ സൗകര്യവുമായിരിക്കും.
കട്ടിലിന്റെ അടിയില്‍ കുനിഞ്ഞ് നിന്ന് തൂത്തുവാരുന്ന പണിയും ഒഴിവായി കിട്ടും. ബുക്ക്‌ഷെല്‍ഫ് പോലുള്ളവ സീലിങ്ങിനോട് ചേര്‍ത്ത് നിര്‍മിച്ചാല്‍ കുറെയേറെ സ്ഥലം തോന്നിക്കും. പ്രധാനമായ മറ്റൊന്ന് മുറിയിലേക്ക് കടന്നുവരുമ്പോള്‍ കാഴ്ച തടസ്സപ്പെടുത്തുന്ന വസ്തുക്കള്‍ ഒഴിവാക്കുക എന്നതാണ്. അവിടേയും ഇവിടേയും ചിതറിച്ച് വെക്കുന്ന സാധനങ്ങള്‍ ഒരു ഷെല്‍ഫില്‍ അടുക്കിവെക്കുക. ഇത്തരം ചില്ലറ കാര്യങ്ങള്‍ ആദ്യം തന്നെ ശ്രദ്ധിച്ചാല്‍ ചെറിയ മുറിയാണെങ്കിലും നല്ല വിസ്താരം തോന്നിക്കും.
Content Highlights: Tips to Make a Small Room look Bigger