വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും പുതുമ പരീക്ഷിക്കുന്നവരാണ് ഏറെപേരും. പുതിയ വീടുകളില്‍ മിക്കവാറും കണ്ടുവരുന്നൊരു ഇടമാണ് ഫോയറുകള്‍. എന്താണ് ഫോയറുകള്‍ എന്നാണോ? സിറ്റ്ഔട്ട് കടന്ന് ആദ്യം പ്രവേശിക്കുന്ന ഈ ഇടമായിരിക്കും വീട്ടിലെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. 

ചെറിയൊരു ഇടനാഴിയുടെ രൂപത്തിലാണ് ഫോയറുകള്‍ കാണപ്പെടുന്നത്. അതിഥികളെ ആദ്യം സ്വാഗതം ചെയ്യപ്പെടുന്ന ഫോയറുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും പ്രത്യേക ശ്രദ്ധ വേണം. 

സ്റ്റോറേജ് സ്‌പേസ്

ഒരു ഫോയറില്‍ സ്റ്റോറേജ് സ്പേസ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബാഗുകളോ ഷൂസുകളോ മറ്റെന്തെങ്കിലും വസ്തുക്കളോ ഭംഗിയോടെ അടുക്കി വെക്കാനുള്ള ഇടമായിരിക്കണം ഇത്. ഒപ്പം വീട്ടിലെ മറ്റു ഫര്‍ണിച്ചറുകളുമായി ചേര്‍ന്നുപോകുന്ന വിധത്തിലായിരിക്കണം ഫോയറിലെ ഫര്‍ണിച്ചര്‍ എന്നതും ശ്രദ്ധിക്കണം. 

കാര്‍പെറ്റ് വേണം

ഫോയറില്‍ ഒരു കാര്‍പെറ്റ് ഉണ്ടായാലും ഭംഗിയേറും. ഇത് ഫോയറിന് എലഗന്റ് ലുക് നല്‍കുന്നതിനൊപ്പം നിലത്തെ മണ്ണുംപൊടിയും ഏല്‍ക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു. കടുത്ത നിറത്തിലുള്ള കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.

നിറത്തിലെ കരുതല്‍

വീടിനു ചേരുന്ന വിധത്തിലുള്ള നിറമാണ് ഫോയറിന് നല്‍കേണ്ടത്. വലിയതും വിശാലവുമായ ഫോയര്‍ ആണെങ്കില്‍ ഇരുണ്ട നിറമോ ഇളംനിറമോ തിരഞ്ഞെടുക്കാം. എന്നാല്‍ ഫോയര്‍ സ്ഥലപരിമിതി ഉള്ളതാണെങ്കില്‍ ഇവിടെ വിശാലമായി തോന്നിക്കാന്‍ കടുത്ത നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. വീടിന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും നിറങ്ങള്‍ മിക്സ് ചെയ്തും ഫോയറിനു നല്‍കാം. 

വാള്‍പേപ്പറുകള്‍

കണ്ണുകളെ ആകര്‍ഷിക്കുന്ന ചുവര്‍ചിത്രങ്ങളായിരിക്കണം ഇവിടെ നല്‍കേണ്ടത്. വലിയ കുടുംബ ചിത്രങ്ങളോ നിങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ ഒക്കെ ഫോയറിന്റെ മോടികൂട്ടും. ലളിതമായ കാര്യങ്ങളിലൂടെ ഫോയറിന് സ്‌റ്റൈലിഷ് ലുക് നല്‍കാനാണ് ശ്രദ്ധിക്കേണ്ടത്, അലങ്കാരങ്ങള്‍ അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. 

പച്ചപ്പു നിറയ്ക്കാം

ഫോയറില്‍ അല്‍പം പച്ചപ്പു കൊണ്ടുവരുന്നതും ആകര്‍ഷകമാകും, വലിയ ഫോയറാണെങ്കില്‍ വലിയ ഇന്‍ഡോര്‍ പ്ലാന്റുകളും ചെറിയ ഫോയറിന് അധികം വലിപ്പമില്ലാത്ത ഇന്‍ഡോര്‍ പ്ലാന്റുകളും തിരഞ്ഞെടുക്കാം.

Content Highlights: Tips to decorate Foyer in Home  Interior Designing