വീട് പണിയാന്‍ പോകുമ്പോള്‍ പ്രാധാന്യത്തോടെ മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളിലൊന്നാണ് കുട്ടികളുടെ മുറികള്‍. കുട്ടികളുടെ ഇഷ്ടങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതിനാല്‍ അവര്‍ക്കുള്ള റൂമുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരുടെ മുറികള്‍ ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുന്ന അഞ്ചു കാര്യങ്ങളാണ് താഴെ പറയുന്നത്.

നിര്‍ബന്ധമാണ് ഈ കാര്യങ്ങള്‍

ഒരിടത്ത് അടങ്ങിയിരിക്കുന്നവരല്ല കുട്ടികള്‍. അതുകൊണ്ടുതന്നെ അവരുടെ മുറി ഡിസൈന്‍ ചെയ്യുമ്പോള്‍ ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഠനത്തിനായി ഒരു മേശയും ബുക്കുകള്‍ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സ്‌പേസും ഉണ്ടായിരിക്കണം. കിടക്കയിലും കസേരയിലും തുടങ്ങി ബെഡ്‌റൂമിലെ സകല സാധനങ്ങളിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഡിസൈനിലോ കളറിലോ ആയിരിക്കണം. 

പരീക്ഷണങ്ങള്‍ ആവോളമാകാം

പരീക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം വിധേയമാക്കാവുന്ന ഇടമാണ് കുട്ടികളുടെ മുറികള്‍. ഉപയോഗ ശൂന്യമായി പല സാധനങ്ങളും വലിച്ചെറിയും മുമ്പ് അവ കുട്ടികളുടെ മുറിയിടത്തില്‍ പുനരുപയോഗിക്കാവുന്നതാണോ എന്നു നോക്കാം. ഫര്‍ണിച്ചറും കര്‍ട്ടനുകളും തുടങ്ങി എല്ലാ ആക്‌സസറികളും പരിഷ്‌കരിച്ച് വെറൈറ്റിയായി അവതരിപ്പിക്കാം. പഴയ വസ്തുക്കളെ ക്രിയേറ്റീവ് ആയി അവതരിപ്പിക്കാന്‍ പറ്റിയ ഇടവുമാണ് കുട്ടികളുടെ മുറികള്‍.

തീം ഷെയ്പ് ആക്കാം

സാങ്കല്‍പിക ലോകത്ത് മുഴുകിയിരിക്കുന്നവരാണ് മിക്ക കുട്ടികളും. അവര്‍ക്കിഷ്ടപ്പെട്ട കാറിന്റെയോ അമാനുഷിക കഥാപാത്രങ്ങളുടെയോ പ്രിന്‍സസിന്റെയോ ഒക്കെ തീമില്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്യാവുന്നതാണ്. പക്ഷേ വളരുംതോറും കുട്ടികളുടെ ഇഷ്ടങ്ങളിലും മാറ്റമുണ്ടാകുമെന്ന് ഓര്‍മയില്‍ വെക്കണം. 

നാച്ചുറല്‍ ലൈറ്റ് ഇഷ്ടംപോലെ

വീട്ടില്‍ നാച്ചുറല്‍ ലൈറ്റ് ഏറ്റവുമധികം കിട്ടുന്നയിടം കുട്ടികളുടെ മുറിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കളിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് പ്രകൃതിദത്തമായ വെളിച്ചം ലഭിക്കട്ടെ. ഒപ്പം കുട്ടികള്‍ക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലുമുള്ള ലൈറ്റുകളും സ്ഥാപിക്കാം. 

കയ്യെത്തും ദൂരത്ത് സ്റ്റോറേജ് സ്‌പേസ്

കുട്ടികളുടെ മുറിയില്‍ അവര്‍ക്കു തന്നെ കയ്യെത്തി വെക്കാവുന്ന വിധത്തിലുള്ള സ്റ്റോറേജ് സ്‌പേസുകള്‍ ഉണ്ടാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം സാധനങ്ങള്‍ ചിട്ടയോടെ സൂക്ഷിക്കാന്‍ കുട്ടികളെ സഹായിക്കാന്‍ ഇത് ഉപകരിക്കുന്നു. ഒപ്പം വസ്ത്രങ്ങള്‍ക്കോ പുസ്തകങ്ങള്‍ക്കോ തുടങ്ങി തങ്ങളുടേതായ സാധനങ്ങള്‍ക്കായി അവര്‍ക്ക് മാതാപിതാക്കളെ ആശ്രയിക്കേണ്ടിയും വരില്ല. 

Content Highlights: things to remember while designing kids bedroom