സ്വകാര്യത നല്‍കുന്നവ മാത്രമല്ല കര്‍ട്ടനുകള്‍ വീടിന്റെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തമാണ് അവ. ചുറ്റുപാടിന് ചേരുന്ന വിധത്തിലും നിറത്തിലുമുള്ള കര്‍ട്ടനുകള്‍ വീടിന്റെ ഭംഗി ഇരട്ടിയാക്കും.വീട്ടിലെ മറ്റു സാധനങ്ങള്‍ വാങ്ങുന്നതുപോലെ തന്നെ കര്‍ട്ടനുകള്‍ വാങ്ങുംമുമ്പും പ്രത്യേക പ്ലാനിങ് വേണം. കര്‍ട്ടന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ പ്രവണതകളുമാണ് താഴെ നല്‍കിയിരിക്കുന്നത്. 

റിമോര്‍ട്ട് കണ്‍ട്രോള്‍കൊണ്ടും സ്വിച്ചുകള്‍കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. വില അല്‍പം കൂടുമെങ്കിലും ആവശ്യക്കാര്‍ ഏറെയാണിതിന്. പൗഡര്‍ കോട്ടഡ് അലുമിനിയം ചാനല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കര്‍ട്ടന്‍ തുണിയിലും ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, 3 ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍. മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണി വേണം കര്‍ട്ടന്‍ തയ്ക്കാനായി വാങ്ങിക്കാന്‍.

കര്‍ട്ടന് പകരം ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍, റോളര്‍ ബ്ലൈന്റുകളാണ് ഇക്കൂട്ടത്തില്‍ ട്രെന്‍ഡി.

പ്ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. 

തുണി ഉപയോഗിച്ചുള്ള റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍ കാഴ്ചയിലെ ഭംഗികൊണ്ട് എക്കാലത്തേയും ട്രെന്‍ഡായി നിലനില്‍ക്കുന്നു. സില്‍ക്, കോട്ടണ്‍, ഡെനിം, ജൂട്ട് തുണികള്‍കൊണ്ട് ഫാബ്രിക് ബ്ലൈന്റുകള്‍ ഉണ്ടാക്കാം. ഭംഗി കൂട്ടണമെങ്കില്‍ ലൈനിങ് വെച്ച് തയ്‌ച്ചെടുക്കാം. മടക്കിന് (ഫോള്‍ഡിങ്ങിന്) വേണ്ടി കനം കുറഞ്ഞ അലൂമിനിയം റോഡുകള്‍ ഉപയോഗിക്കാം. തുണി കൂടാതെ മുള, വാഴനാര്, പുല്ല് തുടങ്ങിയവകൊണ്ടും ഫാബ്രിക് ബ്ലൈന്റുകള്‍ നിര്‍മിക്കാം. 

തടികൊണ്ട് ഉണ്ടാക്കിയ പാളികളാണ് വുഡന്‍ ബ്ലൈന്റിന്റെ പ്രത്യേകത. തേക്ക്, വീട്ടിപോലുള്ള തടികള്‍ ഇതിനായി ഉപയോഗിക്കാം. മുറികളെ വേര്‍തിരിക്കാനും വലിയ ജനലുകള്‍ക്കും യോജിച്ച രീതിയാണിത്. വര്‍ഷത്തിലൊരിക്കലെങ്കിലും പോളീഷ് ചെയ്താല്‍ വുഡന്‍ ബ്ലൈന്റിന് എത്ര കാലം കഴിഞ്ഞാലും പുതുമ തോന്നിക്കും. ഇതുതന്നെ ചുരുട്ടി മുകളിലേക്ക് മടക്കിവെക്കുന്ന രീതിയില്‍ റോളര്‍ബ്ലൈന്റുകളും നിര്‍മിക്കാം. 

മുഴുവനായി ജനല്‍ കാഴ്ചയെ മറയ്ക്കുന്ന ബ്ലൈന്റുകളാണ് പ്ലീറ്റഡ് (മടക്കുകള്‍). ഒരു കടലാസ് ഒരേ വീതിയില്‍ മടക്കി അതു നിവര്‍ത്തിയാല്‍ എങ്ങനെയിരിക്കും അതുപോലെയുള്ള ബ്ലൈന്റാണിത്. സിന്തറ്റിക് മെറ്റീരിയലാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.

Content Highlights: things to know before choosing curtains