വീടിനു പുറത്തു മാത്രം മതിയോ പച്ചപ്പും പ്രകൃതി സ്‌നേഹവുമൊക്കെ? വേണമെങ്കില്‍ വീടിനകത്തും ആഗ്രഹിക്കുന്നതുപോലെ പച്ചപ്പു നിറയ്ക്കാം, അതിന് ഏറ്റവും ഉദാത്തമായ മാര്‍ഗമാണ് ഇന്‍ഡോര്‍ പ്ലാന്റ്‌സ്. വീട്ടിനു പുറത്തെ ചെടികളെ നോക്കുന്നതുപോലെയല്ല അകത്തു വളര്‍ത്തുന്ന ചെടികളെ പരിപാലിക്കേണ്ടത്. ഒന്നും അമിതമാകാതെയും എന്നാല്‍ ചെടിക്കാവശ്യമായ പോഷകങ്ങളൊക്കെ ലഭ്യമാകുന്ന രീതിയിലും ആയിരിക്കണം ഇത്. ഇന്‍ഡോര്‍ പ്ലാന്റ്‌സ് വളര്‍ത്തുമ്പോള്‍ സാധാരണ നേരിടുന്ന ചില പ്രശ്‌നങ്ങളും അവയെ ഇല്ലാതാക്കാനുള്ള മാര്‍ഗവുമാണ് താഴെ നല്‍കിയിരിക്കുന്നത്.

അമിതവെള്ളം 

പുറത്തെ ചെടികളില്‍ ഒഴിക്കുന്നതുപോലെ അമിതമായി ഇന്‍ഡോര്‍ പ്ലാന്റ്സില്‍ വെള്ളം ഒഴിക്കേണ്ടതില്ല. വാടലോ കടുത്ത നിറങ്ങളോ ചെടിയില്‍ കാണുകയാണെങ്കില്‍ വെള്ളമൊഴിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നു സാരം. വേരുകള്‍ അഴുകുന്നതിനും ഇതു കാരണമാകും. വെള്ളം ദിവസവും ആവശ്യമുള്ള ചെടികളും വെള്ളമില്ലാതെയും കുഴപ്പമില്ലാതെയുല്ള ചെടികളുമുണ്ട്. അവയെക്കുറിച്ചു വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം വെള്ളമൊഴിക്കാം. 

സൂര്യപ്രകാശം

ചെടികളുടെ ആരോഗ്യത്തിന് നിര്‍ബന്ധമായ കാര്യമാണ് പ്രകാശം. ഇലകള്‍ മഞ്ഞ നിറമാവുകയോ പൂര്‍ണ വളര്‍ച്ചയെത്താതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ നിങ്ങളുടെ ചെടിക്ക് വേണ്ട പ്രകാശം കിട്ടുന്നില്ലെന്നു മനസ്സിലാക്കാം. ജനലിനരികിലോ അതുപോലെ സൂര്യപ്രകാശം നേരിട്ടു കിട്ടുന്ന ഇടങ്ങളിലേക്കോ ചെടികള്‍ നീക്കിവെക്കാം. 

പോഷകക്കുറവ്

ചെടികളിലെ ഇലകള്‍ നിറം മങ്ങിത്തുടങ്ങുന്നുണ്ടോ? കാരണം പോഷകക്കുറവാകാം. ചെടികള്‍ക്കു വേണ്ട പ്രധാന പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ കുറവുകൊണ്ട് വളര്‍ച്ച മുരടിക്കാം. ഇത്തരം അവസരങ്ങളില്‍ കാപ്പിയുടെയോ ചായയുടെയോ ചണ്ടിയോ മണ്ണോ ഒക്കെ പാകി പോഷകക്കുറവ് പരിഹരിക്കാം.

വരണ്ട വായു

വെള്ളവും വെളിച്ചവും പോലെ തന്നെ ചെടികള്‍ക്ക് പ്രധാനമാണ് വായുവും. വരണ്ട വായുവുള്ള ഇടങ്ങളേക്കാള്‍ അല്‍പം ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ചെടികള്‍ വാടാതെ വളരുക. ഇലകള്‍ വരണ്ടു കണ്ടാല്‍ നിങ്ങളുടെ ചെടിക്ക് അല്‍പംകൂടി ഈര്‍പ്പമുള്ള വായു ആവശ്യമുണ്ടെന്നു മനസ്സിലാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ചെടി അമിതമായി ചൂടു പ്രവഹിക്കുന്ന ഇടത്തിലല്ലെന്ന് ഉറപ്പുവരുത്താം. കൂടുതല്‍ വരളാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം തൂവാം. 

താപനിലയിലെ വ്യത്യാസം

ചെടി മാറിമാറിവരുന്ന താപനിലയില്‍ വെക്കുന്നതും അഭികാമ്യമല്ല. ഒരു റൂമില്‍ നിന്നും മറ്റൊരു റൂമിലേക്കു മാറ്റി വീണ്ടും അവിടെ നിന്നു മാറ്റി ശീലിച്ചാല്‍ ചെടിയെ അതു ദോഷകരമായി ബാധിക്കും. ഓരോ റൂമിനും വ്യത്യസ്ത താപനിലയായിരിക്കും ഉണ്ടാവുക. താപനിലയിലെ ചെറിയ മാറ്റം പോലും ചെടിയുടെ വളര്‍ച്ചയെ ബാധിക്കും.

Content Highlights: things to know about indoor plants