വീടിനുള്ളില്‍ പച്ചപ്പ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. അകത്തളത്തില്‍ ചെടികള്‍ നട്ടാല്‍ ഭംഗി മാത്രമല്ല , പൊടിയും മറ്റും നീക്കാനും ശുദ്ധവായു കിട്ടാനും ഉപകരിക്കും. അകത്തളത്തിന്റെ വലിപ്പം നോക്കി ചെടികള്‍ തിരഞ്ഞെടുക്കാം. നല്ല വിസ്താരമുള്ള നടുത്തളത്തിലേക്ക് വലിപ്പം വെക്കുന്ന ഇനങ്ങളും ചെറിയ സ്ഥലത്തേക്ക് ഒതുങ്ങിയ പ്രകൃതമുള്ള ചെടികളുമാണ് വേണ്ടത്. 

നടുമുറ്റത്തിന്റെ 30-40 ശതമാനം ഭാഗം മാത്രം മതി ചെടികള്‍. ബാക്കിയുള്ള ഇടങ്ങള്‍ വെള്ളാരംകല്ല്, കടപ്പക്കല്ല്, ശില്‍പങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മോടിയാക്കാം. നടുത്തളത്തിന് ഇരുമ്പുഗ്രില്ലുള്ള മേല്‍ക്കൂരയാണെങ്കില്‍ അവിടെ മഴയും വെയിലും നേരിട്ടുവീഴും. ഇങ്ങനെ മഴവെള്ളം നേരിട്ടു വീഴാതെ ശ്രദ്ധിക്കണം. ഇതിനായി ചുറ്റോടുചുറ്റും പാത്തി നല്‍കാം. 

ഞാന്നു കിടക്കുന്ന ചങ്ങല ഉപയോഗിച്ചും നടുമുറ്റത്തിന്റെ മൂലകളില്‍ പ്രത്യേകം തയ്യാറാക്കിയ കുഴികളിലൂടെ പൈപ്പുവഴിയും പുറത്തേക്ക് ഒഴുക്കാം. നടുത്തളത്തിന്റെ തറ ചിലര്‍ സിമന്റ് ഉപയോഗിച്ച് വാര്‍ക്കാറുണ്ട്. ഇത്തരം നടുത്തളത്തില്‍ ചെടികള്‍ നടുന്നതിനു മുമ്പ് ആവശ്യത്തിന് ആറ്റുമണലും ചുവന്നമണ്ണും കലര്‍ത്തിയത് നിറയ്ക്കണം.

interior

പുതിയ ലക്കം
ഗൃഹലക്ഷ്മി വാങ്ങാം

ചെടികള്‍

നടുത്തളത്തില്‍ ലഭിക്കുന്ന പ്രകാശത്തിന്റെ അളവനുസരിച്ചുവേണം ചെടികള്‍ തിരഞ്ഞെടുക്കാന്‍. പലനിറത്തില്‍ ഇലകള്‍ ഉള്ളവ കൂടുതല്‍ പ്രകാശം ലഭിക്കുന്നിടത്തും മുഴുവനായി പച്ചനിറത്തില്‍ ഇലകള്‍ ഉള്ളവ പ്രകാശം കുറഞ്ഞയിടത്തുമാണ് നടേണ്ടത്. അഗ്ലോനിമ, മരാന്റാ, സിന്‍ഗോണിയം, പെപ്പറോമിയ, ഡ്രസീന എല്ലാം പലനിറത്തില്‍ ഇലകള്‍ ഉള്ളവയാണ്. ടേബിള്‍ പാം, ബോസ്റ്റണ്‍ ഫേണ്‍, ഫിംഗര്‍ പാം, മോണ്‍സ്റ്റീറ, സ്പാത്തിഫില്ലം, ഗ്രീന്‍ ഷഫ്‌ളീറ എല്ലാം തണല്‍ ഉള്ളിടത്ത് ഉപയോഗിക്കാം. വിസ്താരമുള്ള നടുമുറ്റത്തേക്ക് ഉയരത്തില്‍ വളരുന്ന ഇന്ത്യന്‍ റബ്ബര്‍ ചെടി, ലീയ, ബേര്‍ഡ്‌സ് നെസ്റ്റ് ഫേണ്‍, ഫിംഗര്‍ പാം, മുള എല്ലാം യോജിച്ചവയാണ്. 

നടുന്ന രീതി

ആറ്റുമണലും ചകിരിച്ചോറും കലര്‍ത്തിയെടുത്ത് നടുമുറ്റം നിറയ്ക്കണം. ഈ മിശ്രിതത്തിലേക്ക് ചെടി നേരിട്ടു നടുകയോ ചട്ടിയില്‍ നട്ട ചെടി ഇറക്കി വെക്കുകയോ ആവാം. നേരിട്ടു നടുന്നതിനു മുന്‍പ് മണ്ണിര കംപോസ്റ്റ് കലര്‍ത്താം. ചട്ടിയുള്‍പ്പെടെ നടുവാനായി മിശ്രിതം മാറ്റി ചട്ടി മുഴുവനായി ഇറക്കി വെക്കാവുന്ന വിധത്തില്‍ കുഴി തയ്യാറാക്കണം. പിന്നീട് അനാകര്‍ഷകമായാല്‍ ചട്ടി ഉള്‍പ്പെടെ എടുത്തുമാറ്റി പുതിയതു വെക്കാം.

പരിപാലനം

നടുമുറ്റത്ത് വെള്ളം തങ്ങി നില്‍ക്കാതെ വേഗത്തില്‍ വാര്‍ന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കണം. മഴവെള്ളം നേരിട്ട് വീഴാത്തിടത്ത് 23 ദിവസത്തിലൊരിക്കല്‍ മിശ്രിതം നന്നായി കുതിരുന്ന വിധം നനയ്ക്കണം. ഇലകള്‍ മാസത്തിലൊരിക്കല്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ഈ വെള്ളത്തില്‍ അല്‍പം വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിച്ചാല്‍ ഇലകള്‍ക്ക് നല്ല തിളക്കം ലഭിക്കും. കീടങ്ങളെ ചെടിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യും. 

കടപ്പാട്:

ജേക്കബ് വര്‍ഗീസ് കുന്തറ
അസോസിയേറ്റ് പ്രൊഫസര്‍
ഭാരത മാതാ കോളേജ്, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: things to know about home interior garden