വീടിന്റെ ഇന്റീരിയറും  ശരീരഭാരം കുറയക്കലും തമ്മില്‍ എന്താണ് ബന്ധമെന്നാണോ. വീടിനുള്ളില്‍ വരുത്തുന്ന ചിലമാറ്റങ്ങള്‍ നമ്മളെ ആരോഗ്യത്തോടെ ജീവിക്കാനും നല്ല ഭക്ഷണം കഴിക്കാനും പ്രേരിപ്പിക്കുമെന്നാണ് പഠനങ്ങള്‍. സ്‌നാക്‌സ് വയ്ക്കുന്ന അടച്ച അലമാരകള്‍, മേശപ്പുറത്ത് വയ്ക്കുന്ന ആരോഗ്യകരമായ ഭക്ഷണം, ഭക്ഷണമെടുക്കുന്ന ചെറിയ ബൗള്‍, വാര്‍ഡ്രോബില്‍ സാധനങ്ങള്‍ അടുക്കി ഒതുക്കി വയ്ക്കുന്ന ശീലം ഇവയെല്ലാം വെയിറ്റ് ലോസിന് സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്ങനെയെന്ന് നോക്കിയാലോ. 

മേശപ്പുറത്ത് ഒരു ഫ്രൂട്ട് ബൗള്‍

സാധാരണ ഭക്ഷണത്തിന് ശേഷം എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുണ്ടോ, എങ്കില്‍ മേശപ്പുറത്ത് ഒരു ഫ്രൂട്ട് ബൗള്‍ വയ്ക്കാം. എന്തെങ്കിലും സ്‌നാക്‌സ് കഴിക്കണമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഏതെങ്കിലും ഒരു പഴം കഴിക്കാം. 

കിച്ചണ്‍ കൗണ്ടര്‍ ടോപ്പുകള്‍ വൃത്തിയായി സൂക്ഷിക്കാം

സ്‌നാക്‌സ് ബോക്‌സുകള്‍ കൈയടക്കുന്ന പ്രധാന സ്ഥലം കിച്ചണ്‍ കൗണ്ടര്‍ ടോപ്പുകളാണ്. പകരം ഇവയെ കബോര്‍ഡുകളിലേയ്ക്ക് മാറ്റാം. ഇല്ലെങ്കില്‍ അടുക്കളയില്‍ ജോലിയെടുക്കുന്നതിനിടയില്‍ സ്‌നാക്‌സ് കഴിക്കാനുള്ള തോന്നല്‍ കൂടും. പകരം ഫ്രൂട്ട് ബ്ലെന്‍ഡറുകളും പഴങ്ങളുമൊക്കെ വയ്ക്കാം. പച്ചക്കറി മുറിക്കാനും അടുക്കള സാധനങ്ങള്‍ അടുക്കി വയ്ക്കാനുമുള്ള ഇടമാക്കി ഇവിടം ഒഴിച്ചിടുന്നതാണ് നല്ലത്. അടുക്കള നല്ല വൃത്തിയായി ഒതുങ്ങിയിരിക്കാനും ഇതാണ് നല്ല വഴി. 

ചെറിയ ബൗളുകള്‍, ചെറിയ സെര്‍വിങ് പ്ലേറ്റുകള്‍

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയക്കാനുള്ള മികച്ച വഴിയാണിത്. ചെറിയ പാത്രങ്ങളില്‍ അധികം ഭക്ഷണം നിറയക്കാനാവില്ല. സ്‌നാക്‌സ് കഴിക്കാന്‍ തോന്നായാല്‍ ചെറിയ ബൗളില്‍ എടുക്കാം. മാത്രമല്ല കിച്ചണ്‍ കബോര്‍ഡുകളില്‍ ചെറിയ പാത്രങ്ങള്‍ അടുക്കി വയ്ക്കുമ്പോള്‍ കൂടുതല്‍ സ്ഥലം ലാഭിക്കാനാവും. 

ഫ്രിഡ്ജിനും വേണം അടക്കവും ഒതുക്കവും

ഫ്രിഡ്ജിനുള്ളില്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കുന്ന ശീലം വേണ്ട. ആവശ്യത്തിന് മാത്രം ഭക്ഷണം പാകം ചെയ്യാനും ഭക്ഷണം പാഴാക്കാതിരിക്കാനും ഇത് സഹായിക്കും. ഭക്ഷണസാധനങ്ങള്‍ ഒരുപാട് ദിവസങ്ങള്‍ സൂക്ഷിച്ചു വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യം നല്‍കുന്ന ഭക്ഷണങ്ങളായ മുട്ട, പാല്‍, തൈര് പോലുള്ളവ ഫ്രിഡ്ജിന്റെ വേഗം നോട്ടമെത്തുന്ന നടുവിലെ തട്ടില്‍ വയ്ക്കാം. ഇത് നിങ്ങളുടെ ഭക്ഷണ ശീലത്തെ മാറ്റുമെന്നാണ് പഠനങ്ങള്‍.

ഒപ്പെക് കണ്ടെയ്‌നേഴ്‌സ്

ശരീരഭാരം കുറയ്ക്കാനുള്ള മറ്റൊരു സൂത്രപ്പണിയാണിത്. സ്‌നാക്‌സ് പുറത്ത് കാണാത്ത തരം ഒപ്പെക് കണ്ടെയ്‌നറുകള്‍ വാങ്ങാം. ഇവയില്‍ സ്‌നാക്‌സ് ഇട്ട് കബോര്‍ഡുകളില്‍ വയ്ക്കാം. എപ്പോഴും കാണുന്ന രീതിയല്ലാത്തതിനാല്‍ കൊറിക്കുന്ന ശീലം കുറയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

Content Highlights: These changes in your home decor can help  lose weight