ഒരായുസ്സിന്റെ സ്വപ്‌നമാണ് പലര്‍ക്കും സ്വന്തമായൊരു വീട്. ആ സ്വപ്‌നഭവനം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് നമ്മള്‍. വീടിന്റെ എലവേഷനിലും ഇന്റീരിയറിലും പരീക്ഷണങ്ങള്‍ നടത്തിയാണ് പലരും വ്യത്യസ്തത കൊണ്ടുവരാറുളളത്. 

കുറച്ച് പഴഞ്ചനായിക്കഴിഞ്ഞെങ്കിലും തീം റൂമുകളാണ് വ്യത്യസ്തതയ്ക്കായി എളുപ്പം പരീക്ഷിക്കുന്ന ഒരു മാര്‍ഗം. കുട്ടികളുടെ മുറികളാണ് കൂടുതലും ഇത്തരം പരീക്ഷണ വേദികളാകുന്നത്.

പെണ്‍കുട്ടികളുടെ മുറിക്ക് ഇളംപിങ്ക് നിറവും ആണ്‍കുട്ടികളുടെ മുറിക്ക് നീലയും നിറം നല്‍കുന്നതില്‍ നിന്ന് ആ പരീക്ഷണം തുടങ്ങുന്നു. ചുമരുകളില്‍ പലതരത്തിലുള്ള പാവകളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ചിത്രം നിറയ്ക്കുന്നവരും കുറവല്ല. 

Dolls room

അക്ഷരങ്ങള്‍ ഓടി നടക്കുന്ന ചുമരുകളും മഴവില്ലും രാത്രിയില്‍ സീലിങ്ങില്‍ തെളിയുന്ന കുഞ്ഞുനക്ഷത്രങ്ങളും കുഞ്ഞന്‍ മുറികളിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും കുട്ടികളില്‍ കൗതുകം നിറയ്ക്കും. ഇതിനോട് അനുയോജ്യമായ രീതിയില്‍ ഫര്‍ണീച്ചര്‍ കൂടി ഒരുക്കിയാല്‍ സംഗതി പൂര്‍ണമാവും.

പക്ഷേ ഫര്‍ണീച്ചറുകള്‍ക്കായി പണം മുടക്കുന്നതിന് മുമ്പ് കുട്ടികള്‍ വളര്‍ന്നു വലിയവരായാലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണോ ഇത്തരം ഫര്‍ണീച്ചറുകള്‍ എന്ന് ചിന്തിക്കുന്നത് കൂടി നന്നായിരിക്കും.

Music

കുട്ടികളുടെ മുറികള്‍ക്ക് പുറമെ മുതിര്‍ന്നവരുടെ കിടപ്പുമുറികളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തി നോക്കാവുന്നതാണ്. ബീച്ച് ഇഷ്ടപ്പെടുന്നവര്‍ക്ക് കിടപ്പുമുറിയിലേക്ക് ബീച്ചും കാടിഷ്ടപ്പെടുന്നവര്‍ക്ക് കാടും പച്ചപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് പച്ചപ്പും കൊണ്ടുവരാവുന്ന രീതിയില്‍ ഇന്ന് റൂമുകളുടെ ഇന്റീരിയര്‍ ഡിസൈനിങ് വളര്‍ന്നുകഴിഞ്ഞു. 

Beach

കിടപ്പുമുറികള്‍ ഇത്തരത്തില്‍ തീമുകളില്‍ ഒതുക്കാന്‍ താല്പര്യമില്ലെങ്കില്‍ പ്രത്യേകമുറികളില്‍ മാത്രമായും തീം പരീക്ഷിക്കാവുന്നതാണ്. വായന മുറി പൂജാ മുറി, സംഗീതം, നൃത്തം തുടങ്ങി നിങ്ങളുടെ ഹോബികള്‍ പരിപോഷിപ്പിക്കുന്നതിനായി തയ്യാറാക്കുന്ന പ്രത്യേകമുറികള്‍ എന്നിവയെല്ലാം താല്പര്യത്തിനനുസരിച്ച് മനോഹരമാക്കാം.