വീട് നിർമിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നാണ് അടുക്കള. അടുക്കളയിലേക്ക് ആവശ്യമായ ഇന്റീരിയർ സാധനങ്ങളുടെ ട്രെൻഡാണ് ഇപ്പോൾ വിപണിയിലെല്ലാം. ഇതിനെല്ലാമൊപ്പം പണ്ടത്തെ വീടുകളുടേത് പോലെ അല്ല, ഓപ്പൺ കിച്ചണുകളാണ് വീടുകളിലെല്ലാം. കുടുംബത്തിന് മൊത്തം ഒരുമിച്ചിരിക്കാനും, വേണമെങ്കിൽ ഒരു ഡിന്നർ നടത്താനും വരെ സൗകര്യങ്ങളുള്ള തരം അടുക്കളകൾ നിലവിൽ വന്നിട്ടുണ്ട്. അടുക്കള മിനിമലിസ്റ്റിക് ലുക്കിൽ മതിയെന്നു വയ്ക്കുന്നവരും ഏറെയുണ്ട്. അടുക്കളയിൽ സാധനങ്ങളൊന്നും കൂട്ടിയിടാതെ, സാധനങ്ങൾ നിറയ്ക്കാതെ ആവശ്യത്തിന് മാത്രമുള്ള സിമ്പിൾ അടുക്കള. അത്തരം അടുക്കളയോടാണ് ഇഷ്ടമെങ്കിൽ ഈ വഴികൾ പരീക്ഷിക്കാം

1. മോണോക്രോം ഡിസൈൻ

വീടിന് മുഴുവനും മോണോക്രോ ഡിസൈൻ നൽകുന്നവരുണ്ട്. ഈ ഡിസൈനിൽ വീടിന്റെ ഇന്റീരിയർ മുഴുവനും ഒരേ കളർ പാറ്റേണായിരിക്കും. അടുക്കള ഉപകരണങ്ങൾ നിങ്ങൾക്കിഷ്ടമുള്ള ഒരേ കളർ പാറ്റേണിൽ തിരഞ്ഞെടുക്കാം. ചിമ്മിനിയുടെയും സ്റ്റൗവിന്റെയും നിറവും അടുക്കളയിലെ ടൈലിന്റെ നിറവും ഒരുപോലെ ഉള്ളതാണെങ്കിൽ വ്യത്യസ്തത തോന്നും. ഫ്രിഡ്ജും മൈക്രോവേവും ഭിത്തിയുടെ കളറിൽ നിന്ന് കോൺട്രാസ്റ്റ് നിറങ്ങളിലുള്ളവ വാങ്ങുന്നവരും ഉണ്ട്.

2. പ്രിന്റുകളും പാറ്റേണുകളും ഒഴിവാക്കാം

അടുക്കളഭിത്തിയിൽ കടും നിറങ്ങളും, ചിത്രങ്ങളും പാറ്റേണുകളുമൊക്കെ നൽകുന്നത് ഒഴിവാക്കാം. അവ അടുക്കളയെ ഇടുങ്ങിയതുപോലെ തോന്നിപ്പിക്കും. പകരം ഇളം നിറങ്ങൾ നൽകാം.

3. അടഞ്ഞ ഷെൽഫുകൾ

തുറന്ന ഷെൽഫുകൾ അടുക്കളയുടെ അടുക്കും ചിട്ടയും കുറയ്ക്കും. ഇത് ഒഴിവാക്കാനായി ഷെൽഫുകൾ ക്ലോസ്ഡ് ആക്കാം. ഡ്രോയറുകളും പുൾഔട്ടുകളും എല്ലാം ക്ലോസ്ഡ് ആക്കുന്നതാണ് നല്ലത്.

5. ഷേഡുകൾ നൽകിയാലോ

പല നിറങ്ങൾ നൽകുന്നത് അടുക്കളയ്ക്ക് വലിപ്പം കുറവായി തോന്നിക്കും. ഇതൊഴിവാക്കാൻ വൈറ്റ്, ബ്ലാക്ക്, ബ്രൗൺ, ഗ്രേ... തുടങ്ങിയ പേസ്റ്റൽ നിറങ്ങൾ അടുക്കളയ്ക്ക് നൽകാം.

6. ഒതുക്കം തോന്നുന്ന വീട്ടുപകരണങ്ങൾ

പുതിയ അടുക്കളയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഒതുക്കം തോന്നുന്ന തരം ഉപകരണങ്ങൾ വാങ്ങാം. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ഡിഷ് വാഷർ പോലെ ധാരാളം സ്ഥലം അപഹരിക്കുന്ന ഉപകരണങ്ങൾ വാങ്ങുമ്പോൾ അടുക്കളയിലെ സ്ഥലത്തിനനുസരിച്ചുള്ളവ വാങ്ങാം.

7. ചെടികൾ വളർത്താം

അടുക്കളയിലെ മേശപ്പുറത്തും ഷെൽഫിലുമെല്ലാം ചെറിയ ചെടികൾ വളർത്താം. അധികം വളരാത്ത കള്ളിമുൾ ചെടികൾ പോലുള്ളവ വളർത്തുന്നതാണ് നല്ലത്.

Content Highlights:simple kitchen decor ideas