ന്നത്തെ വീടുകളുടെ അടുക്കളകള്‍ പോലും അടിമുടി ഗ്ലാമറസാണ്. വീടിനു പ്ലാന്‍ വരയ്ക്കുമ്പോള്‍ അടുക്കളയുടെ സ്ഥാനവും വലിപ്പവും മാത്രമല്ല, കോണ്‍സെപ്റ്റും പ്രധാനമാണ്. അടുക്കളയുടെ ആഢ്യത്തം ചുവരുകള്‍ കൊണ്ട് മറയ്ക്കാത്ത ഓപ്പണ്‍ കിച്ചണ്‍ വേണോ, സ്വകാര്യത നിലനിര്‍ത്തുന്ന ക്ലോസ്ഡ് കിച്ചണ്‍ മതിയോ? ഉചിതമായ തീരുമാനത്തിലെത്താന്‍ രണ്ട് തരം ഡിസൈനുകളുടെയും ഗുണദോഷങ്ങള്‍ മനസിലാക്കാം.  

ഓപ്പണ്‍ കിച്ചണ്‍

പുതുമ ഇഷ്ടപ്പെടുന്നവര്‍ക്കും തുറസായ ഇടങ്ങളോട് പ്രിയമുള്ളവര്‍ക്കും ചുവരുകളില്ലാത്ത ഓപ്പണ്‍ കിച്ചണുകളോട് യെസ് പറയാന്‍ മടി കാണില്ല.

പ്ലസ്

1. ചുവരുകളില്ലാത്ത ഓപ്പന്‍ കിച്ചണ്‍ സ്‌പെയിസിന്റെ തുടര്‍ച്ചയെ തടസപ്പെടുത്തുന്നില്ല. അതുകൊണ്ട് വീടുകള്‍ക്ക് കൂടുതല്‍ വലിപ്പം തോന്നിക്കും.

2. ഓപ്പണ്‍ കിച്ചണില്‍ നിന്ന് ജോലികള്‍ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുമായി ഇടപെടാനും സംസാരിക്കാനും എളുപ്പമാണ്. അതിഥികള്‍ ഉള്ളപ്പോള്‍ അവരുടെ സാന്നിധ്യം വീടിനു നല്‍കുന്ന ആഹ്ലാദവും ആരവും ഇവിടേക്കും എത്തും. അതുകൊണ്ടുതന്നെ ഓപ്പണ്‍ കിച്ചണുകള്‍ വീടിനുള്ളില്‍ അനൗപചാരികതയും സൗഹൃദവും തുടിക്കുന്ന അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

3. കൂടുതല്‍ പേര്‍ക്ക് ഒരേ സമയം സൗകര്യപൂര്‍വം ഓപ്പണ്‍ കിച്ചണില്‍ ജോലി ചെയ്യാം.

4. നടുവില്‍ ഐലന്റ് നിര്‍മിക്കുന്നുണ്ടെങ്കില്‍, ഓപ്പണ്‍ കിച്ചണുകളിലാണ് കൂടുതല്‍ സൗകര്യപ്രദമായിരിക്കുക. കാരണം ചുവരുകള്‍ ഇല്ലാത്തതിനാല്‍ നടക്കാനും സാധനങ്ങള്‍ എടുക്കാനും തടസം ഉണ്ടാകുകയില്ല.

മൈനസ്

1. ആര്‍ക്കും എപ്പോഴും കാണാനാകും എന്നതുകൊണ്ടു തന്നെ ഓപ്പണ്‍ കിച്ചണ്‍ എല്ലാ സമയത്തും 'ക്ലീന്‍ & ടൈഡി' ആയിരിക്കണം. തിരക്ക് കൂടതലുള്ളപ്പോഴും അസുഖമുള്ളപ്പോഴും ഒക്കെ ക്ലീനിംഗ് മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കുക അത്ര പ്രായോഗികമല്ല. 

2. ഒതുക്കാത്ത ടേബിള്‍ ടോപ്പും പാത്രങ്ങള്‍ നിറഞ്ഞ സിങ്കും ആരും കാണും.

3. ഈ അടുക്കളയിലെ തട്ടലും മുട്ടലും, അരയ്ക്കുന്നതിന്റയും പൊടിക്കുന്നതിന്റെയും ശബ്ദവും ഒക്കെ സ്വീകരണമുറിയിലേക്കും എത്തും.

4. ഓപ്പണ്‍ കിച്ചണില്‍ ഒരുപാട് നേരം കുക്ക് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ചൂട് മറ്റ് മുറികളിലും അനുഭവപ്പെടും.


ക്ലോസ്ഡ് കിച്ചണ്‍

അടുക്കളയെ സ്വന്തം സാമ്രാജ്യമായി കരുന്നവര്‍ക്ക്, സ്വകാര്യതയുള്ള ക്ലോസ്ഡ് കിച്ചണുകളോടായിരിക്കും പ്രിയം.

പ്ലസ്

1. അടുക്കളയില്‍ പതിവായി പാചകം ചെയ്യുന്നവര്‍ക്കും ധാരാളം വിഭവങ്ങള്‍ ഒരുക്കുന്നവര്‍ക്കും ക്ലോസ്ഡ് കിച്ചണ്‍ ആയിരിക്കും യോജിക്കുക. അസൗകര്യങ്ങള്‍ ഉള്ളപ്പോള്‍ ക്ലീനിംഗ് കുറച്ചുനേരത്തേക്ക് മാറ്റിവച്ചാലും മറ്റു മുറികളില്‍ നിന്ന് അതാരും കാണില്ല.

2. ക്ലോസ്ഡ് കിച്ചണുകള്‍ക്ക് സ്‌റ്റോറേജ് സൗകര്യം കൂടുതലുണ്ട്. നാലു ചുവരുകളിലും കബോര്‍ഡുകള്‍ നല്‍കാം.

മൈനസ്

1. അടുക്കള വീടിന്റെ മറ്റ് പ്രധാനഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും എന്നതാണ് ക്ലോസ്ഡ് കിച്ചണുകളുടെ പ്രധാന ന്യൂനത.

2. ക്ലോസ്ഡ് കിച്ചണില്‍ കുടുംബാംഗങ്ങളുമായുള്ള ഇഴയടുപ്പത്തിന് ഇടമില്ല. പാചകം ചെയ്യുന്ന സമയത്ത് ലിവിംഗ് റൂമിലോ ഡൈനിംഗ് റൂമിലോ ഉള്ളവരോട് ആശയവിനിമയം ചെയ്യാനും ഓപ്പണ്‍ കിച്ചണിലേതു പോലെ എളുപ്പമല്ല.

3. അപ്പാര്‍ട്ട്‌മെന്റുകളുടെയും ചെറിയ വീടുകളുടെയും കാര്യത്തില്‍, ക്ലോസ്ഡ് കിച്ചണ്‍ കാഴ്ചയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതിനാല്‍ അവ കുറച്ചു കൂടി ചെറുതായി തോന്നാന്‍ ഇടയുണ്ട്.

Content Highlights: Open kitchen and Closed Kitchen