രു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ലിവിങ് റൂമുകള്‍. ഒഴിവു സമയങ്ങളില്‍ വീട്ടില്‍ എല്ലാവരും ഒന്നിച്ചു കൂടി വിശേഷങ്ങള്‍ പങ്കുവെക്കുന്നയിടവും അതിഥികളെ സ്വീകരിക്കുന്നയിടവുമൊക്കെയാണിത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ലിവിങ് റൂം ഡിസൈന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ലിവിങ് റൂം കൂടുതല്‍ മനോഹരമാക്കാനുള്ള ശ്രമത്തിനിടെ അബദ്ധങ്ങളില്‍ ചാടുന്നവരും കുറവല്ല. അവ എന്തൊക്കെയെന്നു നോക്കാം.

വെളിച്ചത്തിനു മാത്രമല്ല ലൈറ്റുകള്‍

വീടിന് ലൈറ്റിങ്ങ് നല്‍കുന്നത് വെളിച്ചം ലഭിക്കാന്‍ മാത്രമല്ല. വീടിന്റെ മൂഡ് എന്താണെന്നു നിശ്ചയിക്കുന്നതില്‍ വരെ ലൈറ്റിങ്ങിന് വലിയ പ്രധാന്യം ഉണ്ട്. പലപ്പോഴും പലരും റൂഫിന് മുകളില്‍ മാത്രം ലൈറ്റിങ്ങ് നല്‍കുന്നത് കാണാം ഇങ്ങനെ ചെയ്യുമ്പോള്‍ വീടിന്റെ എല്ലാ ഭാഗത്തേക്കും ലൈറ്റിങ്ങ് ലഭിക്കാതെ വരുന്നു. നിങ്ങളുടെ വീടിന് നല്‍കിയിരിക്കുന്നത് ഫാള്‍സ് സീലിങ്ങാണെങ്കില്‍ എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം.  

കാര്‍പ്പെറ്റ് തിരഞ്ഞെടുക്കുമ്പോള്‍

ഏതെങ്കിലുമൊരു നിറത്തിലും വലുപ്പത്തിലുമുള്ള കാര്‍പ്പെറ്റ് തിരഞ്ഞെടുത്ത് ലിവിങ്ങ് റൂമില്‍ നിരത്തുകയാണ് പലരും ചെയ്യാറുള്ളത്. റൂമിന്റെ നിറത്തിനും വലുപ്പത്തിനും റൂമില്‍ ഇട്ടിരിക്കുന്ന ഫര്‍ണിച്ചറുകളുടെ ആകൃതിക്കുമൊക്കെ അനുസരിച്ചുള്ള കാര്‍പ്പറ്റല്ല തിരഞ്ഞെടുക്കുന്നതെങ്കില്‍ കാഴ്ച്ചയിലെ അഭംഗിക്കൊപ്പം കാര്‍പ്പെറ്റ് വൃത്തിയാക്കുന്നതില്‍ വരെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

ഫര്‍ണിച്ചറുകള്‍ ആവശ്യത്തിന്

മിക്കവാറും  വീടുകളുടെ  ലിവിങ് റൂമുകള്‍ കണ്ടാല്‍ ഫര്‍ണിച്ചര്‍ കടകളാണെന്നു സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാകില്ല. അത്രയധികം സോഫാസെറ്റുകളും കസേരകളും  അടുക്കിവെച്ചിട്ടുണ്ടാകും. മുറി ചെറുതാണെങ്കിലും വിശാലമായ ഫര്‍ണിച്ചര്‍ വാങ്ങി വീണ്ടും സ്ഥലപരിമിതി ഉണ്ടാക്കുന്നവരും കുറവല്ല. ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ പോകുംമുമ്പ് ലിവിങ് റൂമിന്റെ അളവെടുത്ത് അതിനു ചേരുന്നതാകാന്‍ ശ്രദ്ധിക്കുക.

പെയിന്റിങ്ങിനു മുമ്പ്

ലിവിങ്ങ് റൂമുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍ കഴിയുന്നതും ഇളം നിറങ്ങളാകാന്‍ ശ്രദ്ധിക്കുക. കണ്ണില്‍ കുത്തുന്ന കടുംനിറങ്ങള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ അഭികാമ്യമായിരിക്കും പക്ഷേ നിങ്ങളുടെ വീട്ടില്‍ വരുന്ന അതിഥിയ്ക്ക് അങ്ങനെയാകണമെന്നു നിര്‍ബന്ധമില്ല. നിങ്ങളുടെ മൂഡിനെ സ്വാധീനിക്കാന്‍ ഇളം നിറങ്ങള്‍ക്ക് കഴിയുമെന്നിരിക്കെയാണ്  കടുംനിറങ്ങളിലൂടെ സ്വീകരണമുറിയെ പലരും അലോസരപ്പെടുത്തുന്നത്.

ആവശ്യമുള്ളിടത്തു മാത്രം കര്‍ട്ടന്‍

ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കര്‍ട്ടനുകള്‍ തൂക്കിയിട്ട് ലിവിങ് റൂമിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നവരും കുറവല്ല. ജനല്‍ വഴി വീടിനകത്തേക്ക് വരുന്ന വെളിച്ചത്തെ ക്രമീകരിക്കുകയാണ് കര്‍ട്ടനുകളുടെ പ്രധാന ധര്‍മ്മമെന്നു മറന്നുപോകരുത്.

Content Highlights: Living room styling mistakes