കിച്ചണ്‍ പലതരത്തില്‍ ഒരുക്കാം. ഇത് പ്രധാനമായും ആറുതരത്തിലുണ്ട്. സ്‌പേസും യൂട്ടിലിറ്റിയും പരിഗണിച്ചാണ് പലതരത്തിലുള്ള കിച്ചണുകള്‍ ഒരുക്കുന്നത്. വീട്ടുകാരുടെ ആവശ്യത്തിനും വര്‍ക്കിങ് സ്റ്റൈലിനും അനുസരിച്ചാണ് കിച്ചണുകള്‍ ഒരുക്കേണ്ടത്. കിച്ചണിന് നല്ലൊരു ലേഔട്ട് നല്‍കുന്നത് അടുക്കള ജോലികള്‍ സുഗമവും സുഖകരവുമാക്കാന്‍ സഹായിക്കും. 

യു ഷേപ്പ് കിച്ചണ്‍

u shaped kitchen

മൂന്നു ചുമരുകള്‍ക്കിടയില്‍ ബേസ് ക്യാബിന്‍, ഓവര്‍ഹെഡ് ക്യാബിനുകള്‍, കൗണ്ടര്‍ടോപ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് യു ഷേപ്പ് കിച്ചണ്‍. സൗകര്യപ്രദമാണെങ്കില്‍ ഇതാണ് ഏറ്റവും നല്ല കിച്ചണ്‍ ലേഔട്ട് ആയി കണക്കാക്കുന്നത്. കാരണം പാചകത്തിനും ക്ലീനിങ്ങിനുമൊക്കെ പ്രത്യേകം സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഈ കിച്ചണില്‍ നന്നായി ജോലി ചെയ്യാന്‍ സാധിക്കും. യു ഷേപ്പിലുള്ള കിച്ചണിന്റെ നടുവിലുള്ള സ്ഥലം ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിനോ മറ്റോ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം എന്നൊരു മെച്ചവുമുണ്ട്. 

എല്‍ ഷേപ്പ് കിച്ചണ്‍

L shaped

ഒരു ഇടത്തരം വീടിന് അനുയോജ്യമാണ് ഇത്തരം കിച്ചണുകള്‍. ഒരുവശത്ത് പാചകം ചെയ്യാനും മറുഭാഗത്ത് ക്ലീനിങ്ങ് ചെയ്യാനും ഇതുവഴി സാധിക്കും. പാചകം ചെയ്യുന്നയാള്‍ക്ക് വളരെ എളുപ്പത്തില്‍ കിച്ചണില്‍ എല്ലാ ഭാഗത്തും എത്താനും സാധിക്കും. സ്റ്റോറേജിനായുള്ള ക്യാബിനുകള്‍ സെറ്റ് ചെയ്യാനും എല്‍ ഷേപ്പ് കിച്ചണില്‍ വളരെ സൗകര്യപ്രദമാണ്. 

സിംഗിള്‍ വോള്‍ കിച്ചണ്‍

Single wall

കാബിനുകളും സിങ്കും കിച്ചണിലെ ഉപകരണങ്ങളുമെല്ലാം ഒന്നിച്ചു ഒരു ചുമരിനൊപ്പം സ്ഥാപിച്ചിരിക്കുന്ന തരത്തിലുള്ള കിച്ചണ്‍ ആണിത്. ഒരാള്‍ മാത്രം ഉപയോഗിക്കുന്ന തരം കിച്ചണുകളാണ് ഇത്തരത്തില്‍ സെറ്റ് ചെയ്യാറുള്ളത്. കുറഞ്ഞ സ്‌പേസ് മാത്രമാണുള്ളതെങ്കില്‍ ഇത്തരം കിച്ചണുകളാണ് അനുയോജ്യം. സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായിട്ടാണ് പൊതുവേ ഇത്തരം കിച്ചണ്‍ ലേഔട്ട് ഉപയോഗിക്കാറുള്ളത്. 

ഗ്യാലറി കിച്ചണ്‍

gallery

കോറിഡോര്‍ കിച്ചണ്‍ എന്നും ഇത് അറിയപ്പെടുന്നു. കിച്ചണിന്റെ രണ്ടറ്റങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് മധ്യഭാഗത്ത് നടക്കാനുള്ള സ്ഥലമുള്ള തരത്തിലുള്ളതാണ് ഈ കിച്ചണ്‍. നീളത്തിലുള്ളതും വീതികുറഞ്ഞതുമായ തരത്തിലുള്ള സ്ഥലത്തേക്ക് അനുയോജ്യമായതതാണ് ഇത്തരം കിച്ചണ്‍. സ്റ്റോറേജിന് ധാരാളം സ്ഥലമുണ്ടാകുമെന്നതാണ് ഈ കിച്ചണിന്റെ പ്രത്യേകത. 

ഐലന്റ് കിച്ചണ്‍

island

സാധാരണയില്‍ കൂടുതല്‍ കൗണ്ടര്‍ടോപ്പും ഭക്ഷണമുണ്ടാക്കാനുള്ള ഭാഗവും ഈ കിച്ചണില്‍ ഉണ്ടാകും. ഇതൊരു മള്‍ട്ടിഫങ്ഷണല്‍ കിച്ചണ്‍ ആണ്. ഇതിനകത്തു തന്നെ ഡൈനിങ്ങ് കൂടി സെറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ധാരാളം സ്ഥലമുള്ള യു ഷേപ്പ്, എല്‍ ഷേപ്പ്, ഗ്യാലറി കിച്ചണുകളിലും ഐലന്‍ഡ് കിച്ചണ്‍ സ്ഥാപിക്കാം. ഐലന്‍ഡ് കിച്ചണിന് ചുറ്റും ധാരാളം സ്‌പേസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതിയാകും. ഈ കിച്ചണില്‍ പലര്‍ക്കും ഒന്നിച്ച് വളരെ സുഖകരമായി ജോലി ചെയ്യാന്‍ സാധിക്കും. 

പെനിന്‍സുലാര്‍ കിച്ചണ്‍ 

G shaped

ജി ഷേപ്പ് കിച്ചണ്‍ എന്നും ഇത് അറിയപ്പെടുന്നു. യു ഷേപ്പ് കിച്ചണിന്റെ ഒരു എക്സ്റ്റന്‍ഷന്‍ എന്ന് പെനിന്‍സുലാര്‍ കിച്ചണിനെ വിശേഷിപ്പിക്കാം. സെറ്റ് ചെയ്തു വെച്ചിരിക്കുന്ന കൗണ്ടര്‍ കിച്ചണ്‍ ഐലന്‍ഡ് പോലെയും ഉപയോഗിക്കാം. ഇത് ഭക്ഷണം തയ്യാറാക്കുന്നതിനും ഡൈനിങ്ങിനായും ഉപയോഗിക്കാവുന്നതാണ്.

Content Highlights: kitchen layout plan interior design