രുചികരമായ ഭക്ഷണം ഉണ്ടാക്കിയാല്‍ മാത്രം പോര, അതുണ്ടാക്കുന്ന ചുറ്റുപാടിനു കൂടി പ്രാധാന്യമുണ്ട്. പെട്ടെന്ന് അഴുക്കും ചെളിയും പുരളാത്ത വിധത്തിലുളള ഡിസൈനുകളാണ് അടുക്കളയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. കൗണ്ടര്‍ടോപ്പുകള്‍ തോന്നുംപോലെ തീരുമാനിക്കാതെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ കാഴ്ച്ചയിലെ ഭംഗിക്കൊപ്പം ഈടുറ്റു നില്‍ക്കുകയും ചെയ്യും.

ഇളം നിറങ്ങള്‍ അടുക്കളയുടെ കൗണ്ടര്‍ടോപ്പിനു വേണ്ടി തിരഞ്ഞെടുത്താല്‍ ഒരു മാസം കൊണ്ട് അവ മുഷിഞ്ഞു കറയും പുകയും പിടിച്ചു അലങ്കോലമാവാന്‍ തുടങ്ങും, ഇനി മെറ്റല്‍ ടോപ്‌സ് എടുക്കാമെന്നു വച്ചാലോ അടുക്കളയിലെ ചൂട് സഹിക്കാന്‍ പറ്റില്ല. ഇവയെല്ലാം കണക്കിലെടുത്ത് വേണം അടുക്കളകള്‍ക്ക് കൗണ്ടര്‍ടോപുകള്‍ തിരഞ്ഞെടുക്കാന്‍. അഞ്ചു വിധത്തിലുള്ള കൗണ്ടര്‍ടോപ്പുകളെക്കുറിച്ചാണ് താഴെ നല്‍കിയിരിക്കുന്നത്. 

ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്

ആധുനിക അടുക്കളയുടെ എല്ലാ പ്രൗഢിയും എടുത്തു കാണിക്കുന്ന കൗണ്ടര്‍ടോപുകളാണ് കറുത്ത നിറത്തിലുള്ള ഗ്രാനൈറ് കൗണ്ടര്‍ടോപുകള്‍. ഇവ പെട്ടെന്ന് മുഷിയും എന്ന പേടിയേ വേണ്ട. മാത്രമല്ല വൃത്തിയാക്കാനും ഏറെയെളുപ്പമാണ്. കറയോ പോറലോ വരാനുള്ള സാധ്യത വളരെ കുറവാണെന്നു മാത്രമല്ല, വര്‍ഷങ്ങളോളം പുതുമ നിലനിര്‍ത്താന്‍ കഴിവുള്ള ഗ്രാനൈറ്റുകള്‍ പല നിറത്തിലും ഇന്ന് ലഭ്യമാണ്.
 
മാര്‍ബിള്‍ കൗണ്ടര്‍ടോപ്

ഗ്രാനൈറ്റുകള്‍ പോലെ തന്നെ മാര്‍ബിളുകളും പല നിറത്തിലും രൂപത്തിലും ലഭ്യമാണ്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെങ്കിലും ആഗിരണശേഷി കൂടുതലായതിനാല്‍ ചിലയിനം കറകളെ പെട്ടെന്നു വലിച്ചെടുക്കും. 

countertop
 
ക്വാര്‍ട്‌സ് കൗണ്ടര്‍ടോപ് 

ഗ്രാനൈറ്റുകളില്‍ വില കുറഞ്ഞ വിഭാഗമാണ് ക്വാര്‍ട്‌സ് , ഇതും പല നിറത്തില്‍ ലഭ്യമാണ്. ചൂടുള്ള പാനുകള്‍  വെക്കാന്‍ പറ്റുമെങ്കിലും അധികം നേരം വെച്ചാല്‍ ചില പാടുകള്‍ ഗ്രാനൈറ്റുകളില്‍ പിടിക്കാന്‍ സാധ്യതയുണ്ട്.

വുഡന്‍ കൗണ്ടര്‍ടോപ് 

പഴമയുടെ തനിമ എടുത്ത് കാണിക്കുന്നതാണ് മരം കൊണ്ടുള്ള കൗണ്ടര്‍ടോപുകള്‍. ബാക്റ്റീരിയകളെ കൊല്ലാനുള്ള കഴിവ് വുഡന്‍ കൗണ്ടര്‍ടോപ്പിന്റെ സവിശേഷതയില്‍ ഒന്നാണ്. ഒരുപാടു  കാലം നീണ്ടുനില്‍ക്കുന്ന കൗണ്ടര്‍ടോപുകള്‍ തേക്ക്, മഞ്ഞ ദേവദാരു, മഹാഗണി എന്നിവയാണ് ഉപയോഗിക്കുന്നത്. ഈര്‍പ്പം ഉള്ളയിടത്താണ് താമസമെങ്കില്‍ വുഡന്‍ കൗണ്ടര്‍ടോപുകള്‍ ഉപയോഗിക്കതെ ഇരിക്കുന്നതാണ് നല്ലത് കാരണം തടികളിലേക്ക് പെട്ടന്ന് ഈര്‍പ്പം പിടിക്കും. വുഡന്‍ കൗണ്ടര്‍ടോപുകള്‍ ഉപയോഗിക്കുമ്പോള്‍ വെള്ളം അതികം വീഴാതെ  സൂക്ഷിക്കുകയും വേണം.

നാച്ചുറല്‍ സ്റ്റോണ്‍ കൗണ്ടര്‍ടോപ് 

നാച്ചുറല്‍ സ്റ്റോണ്‍  കൗണ്ടര്‍ടോപുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ സാന്‍ഡ് സ്റ്റോണോ ലൈം സ്റ്റോണോ ആണ് നല്ലത്. കറകള്‍ പ്രതിരോധിക്കുന്നതിനൊപ്പ പൊട്ടലുകള്‍ ഇല്ലാതിരിക്കുകയും ചെയ്യും. വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണെങ്കിലും വര്‍ഷങ്ങള്‍ കഴിയുംതോറും പൊട്ടല്‍ വന്നു തുടങ്ങും.

Content Highlights: Kitchen Counter Top My Home