ലോക്ഡൗണില്‍ വീടിനും ഇന്റീരിയറിനും ഡി.ഐ.വൈ ഐഡിയാസ് പരീക്ഷിക്കുകയാണ് മിക്കവരും. നേരം കൊല്ലാന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. എങ്കില്‍ പിന്നെ വീട്ടിലെ കുസൃതിക്കുരുന്നുകളുടെ മുറിയിലായാലോ അടുത്ത പരീക്ഷണം. വലിയ ചെലവില്ലാതെ ഇവരുടെ മുറികള്‍ മാറ്റി മറിക്കാം. 

1. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു ഹോബിക്കനുസരിച്ച് അവരുടെ മുറിയില്‍ അതിനുള്ള സ്‌പേസുണ്ടാക്കിയാലോ. ഒരു ക്ലൈംപിങ് വാളോ, ചിത്രങ്ങള്‍ വരച്ച് ഒട്ടിക്കാനുള്ള വലിയ ബോര്‍ഡോ, വാളില്‍ പെയിന്റ് ചെയ്യാനുള്ള ഇടമോ ഒക്കെ ഒരുക്കാം. 

2. കുട്ടികള്‍ക്ക് അവരുടേതായ ചില ശേഖരണങ്ങളുണ്ടാവും. പുസ്തകങ്ങളും കളിപ്പാട്ടങ്ങളും മാത്രമല്ല. പേപ്പര്‍ തുണ്ടുകളോ, ചിത്രങ്ങളോ, കുപ്പികളുടെ നിറമുള്ള അടപ്പുകളോ, ചീട്ടോ വരെ ഉണ്ടാകും. ഇവയെ ഒക്കെ ഭംഗിയായി നിരത്തി വയ്ക്കാന്‍ ഒരു ചെറിയ ഷെല്‍ഫ് ഉണ്ടാക്കി നല്‍കാം. 

3. കുറച്ച് മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഏതെങ്കിലും ഒരു വാള്‍ ഗാലറിവാള്‍ ആക്കാം. അവരുടെ ചെറുപ്പത്തിലെ ചിത്രങ്ങളും, ഇഷ്ട താരങ്ങളുടെ ഫോട്ടോസുമെല്ലാം ഫ്രെയ്മിലാക്കി വയ്ക്കാം. പലവലിപ്പത്തിലുള്ള ഡി.ഐ.വൈ ഫ്രെയ്മുകളാണ് നല്ലത്. ഇവയെല്ലാം ഒരുക്കാന്‍ കുട്ടികളെ ഒപ്പം കൂട്ടാന്‍ മറക്കേണ്ട. 

4. വാള്‍ ഡെസ്‌ക് ഉണ്ടാക്കി നല്‍കിയാലോ. എഴുതാനും വായിക്കാനും വരയ്ക്കാനും എല്ലാം ഭിത്തിയില്‍ തന്നെ പിടിപ്പിക്കുന്ന ഈ ഡെസ്‌ക് ഉപയോഗിക്കാം. ഒരു രണ്ടോ മുന്നോ അറകളുള്ള ഷെല്‍ഫ് പോലെ വേണം ഇത് നിര്‍മ്മിക്കാന്‍. താഴെ നിന്ന് മുകളിലേയ്ക്ക് അടക്കുന്ന വിധത്തില്‍ വേണം ഇതിന്റെ വാതില്‍. വാതില്‍ താഴേയ്ക്ക് തുറന്നാല്‍ മേശയായി. 

5. പഴയ തടിപെട്ടിയോ മറ്റോ വീട്ടിലുണ്ടെങ്കില്‍ കളയേണ്ട. വൃത്തിയാക്കി എടുത്ത് പല നിറങ്ങള്‍ നല്‍കി മനോഹരമാക്കാം. മുകളില്‍ ഒരു കുഷ്യനുമിട്ടാല്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ സോഫ റെഡി. നല്ല കളര്‍ഫുള്‍ ടേബിള്‍ക്ലോത്ത് ഇട്ട് ബെഡിന് അരികില്‍ വച്ചാല്‍ ബെഡ്‌സൈഡ് ടേബിളുമായി. 

home

6. ഒരുവാളില്‍ വേള്‍ഡ് മാപ്പ് നല്‍കിയാലോ. യാത്രപോകാനിഷ്ടമുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ അവരെ അനുവദിക്കാം. മാത്രമല്ല ലോകത്തെ പറ്റിയൊക്കെ മനസിലാക്കാനും പഠനത്തിനും ഇത് സഹായിക്കും. 

7. വാള്‍സ്റ്റോറേജ് സ്‌പേസ് നല്‍കാം. ഇതില്‍ സോക്‌സുകള്‍, തൊപ്പി, ജാക്കറ്റ്, ഹാന്‍ഡ് കര്‍ചീഫ് പോലുള്ളവ ഭംഗിയായി മടക്കി വയ്ക്കാന്‍ അവരോട് ആവശ്യപ്പെടാം. 

8. ഭിത്തിയില്‍ മെറ്റാലിക് ഡോട്ടുകള്‍, ബട്ടര്‍ ഫ്‌ളൈ, ഇവ ഒട്ടിക്കാം. അല്ലെങ്കില്‍ പലവലിപ്പത്തിലുള്ള അക്ഷരങ്ങള്‍ പേപ്പറില്‍ എഴുതി വെട്ടിയെടുത്ത് തെര്‍മ്മോക്കോളില്‍ ഒട്ടിച്ച് അതിന് നിറമോ ഗില്‍റ്ററിങോ നല്‍കി അതും ഭിത്തിയില്‍ പതിക്കാം. കുട്ടികളുടെ പേരും ഇങ്ങനെ പതിക്കാം. 

9. കിടക്കയിലെ ഒറ്റ പില്ലോ മാറ്റി ചെറിയ ചെറിയ മൂന്നോ നാലോ പില്ലോകള്‍ നല്‍കാം. പില്ലോ കവറുകള്‍ എഴുതിയോ വരച്ചോ മനോഹരമാക്കാം. അല്ലെങ്കില്‍ അവര്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണുകള്‍ പ്രിന്റുചെയ്ത തുണിവാങ്ങി അതില്‍ കവറുകള്‍ തുന്നിയെടുക്കാം. 

10. പഴയ മാലമുത്തുകളൊക്ക ശേഖരിച്ചിട്ടുള്ള കുട്ടികളുണ്ടാവും. അല്ലെങ്കില്‍ പെബിളുകള്‍. അവരുടെ മുറിയിലെ കുഞ്ഞികണ്ണാടിയോ ചെറിയ ചിത്രത്തിന്റെ ഫ്രെയ്‌മോ ഇവ ഒട്ടിച്ച് മനോഹരമാക്കാം.

Content Highlights: Kids room makeover ideas