ലോകത്ത് എവിടെയൊക്കെ പോയാലും സ്വന്തം വീട്ടിലെ നിങ്ങളുടെ കിടപ്പു മുറിയിൽ എത്തുമ്പോഴുള്ള സുഖം മറ്റൊരിടത്തും കിട്ടില്ല. മതിയായ വായു സഞ്ചാരമില്ലാത്ത ഇരുട്ടു മുറിയിൽ കിടന്നുറങ്ങുന്നത് ചിന്തിക്കാൻ പോലും സാധിക്കാത്തവരാണ് നമ്മൾ. 

നല്ല വെളിച്ചവും വായു സഞ്ചാരവും കിടപ്പു മുറികൾക്ക് ജീവൻ നൽകുന്ന ഘടകങ്ങളാണ്.   വീട് പണി തുടങ്ങുമ്പോഴേ ഇതിനായി ചിന്തിച്ചു തുടങ്ങണം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

പ്രസന്നമായ ഭിത്തികൾ

തൂവെള്ള നിറമുള്ള ഭിത്തികൾ എക്കാലത്തും  വീടിന് അഴകേകുന്നതാണ്.  വളരെ  ലളിതവും, സുന്ദരവുമാണ്  വെള്ള നിറം. വീട്ടിലെ മറ്റ് അലങ്കാരങ്ങൾക്കെല്ലാം കൂടുതൽ ശോഭ നൽകാൻ വെള്ള ഭിത്തികൾക്ക് സാധിക്കും. ഒപ്പം പ്രകാശത്തെ തീവ്രതയോടെ പ്രതിഫലിപ്പിക്കുവാനും  ഈ ഭിത്തികൾക്ക് സാധിക്കും. ഇതിലൂടെ മുറിയിൽ നല്ല വെളിച്ചം ലഭിക്കും. വെള്ള നിറത്തിന് പുറമേ  ഇളം നീല നിറവും, ഇളംപച്ച നിറത്തിന്റെ വകഭേദങ്ങളും കിടപ്പു മുറികൾക്ക് നൽകാവുന്നതാണ്.

പ്രകാശത്തെ സ്വീകരിക്കാം

പ്രസന്നമായ മുറികൾക്ക്  ഏറ്റവും പ്രധാനം വെളിച്ചം തന്നെയാണ്. ഇതിനായി  സാധിക്കുന്നിടത്തോളം ജനലുകൾ നൽകാം. ഒപ്പം കട്ടി കുറഞ്ഞതും, പ്രകാശം കടത്തി വിടുന്നതുമായ  കര്‍ട്ടനുകൾ ഉപയോഗിക്കാം. ജനലുകൾ മറക്കുന്ന രീതിയിൽ ഫര്‍ണ്ണിച്ചറുകൾ വെയ്ക്കരുത്.

കണ്ണാടി മാജിക്

വലിപ്പമുള്ള  കണ്ണാടികൾ സ്ഥാപിക്കുന്നതിലൂടെ മുറികൾക്ക് വലിപ്പം കൂട്ടാം. കണ്ണാടിയിലൂടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് മുറിയിൽ വെളിച്ചം കൂട്ടുകയും ആവാം. എന്നാൽ കട്ടിലിനോ വാതിലുകൾക്കോ അഭിമുഖമായി  കണ്ണാടി സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.