പുറമേ നിന്ന് കാണുമ്പോൾ നല്ല ഭംഗിയുള്ള വീട്. എന്നാൽ ഉള്ളിലേക്ക് കയറുമ്പോഴോ? ഒരുപാട് കൗതുകവസ്തുക്കൾ കുത്തിനിറച്ച ഷോകെയ്സ്, ചുവരിൽ നാലോ അഞ്ചോ പെയിന്റിങ്, അഞ്ചാറ് സോഫാ സെറ്റ്...നിന്നുതിരിയാൻ ഇടമില്ലാത്ത വിധത്തിലൊരു ലിവിങ് റൂം. എന്നാൽ, നല്ലൊരു ഇന്റീരിയർ ഡിസൈനർ വിചാരിച്ചാൽ വീടിന്റെ അകത്തളങ്ങൾ ഭംഗിയുള്ളതാക്കാൻ പറ്റും. വീടിന്റെ ഇന്റീരിയർ ഡിസൈനിങ് സ്വയം ചെയ്യുന്നവരുമുണ്ട്. പല ശൈലിക്കനുസരിച്ചാണ് വീട് നിർമിക്കുന്നത്. ഇതുപോലെ തന്നെയാണ് ഇന്റീരിയർ ഡിസൈനിങ്ങിന്റെ കാര്യവും. മോഡേൺ, കണ്ടംപററി, ട്രെഡീഷണൽ, മിനിമലിസ്റ്റിക്, റസ്റ്റിക് എന്നിങ്ങനെ ഏത് രീതിയും പരീക്ഷിക്കാം. വീടിന് അനുയോജ്യമായത് ഏതെന്ന് മനസ്സിലാക്കാൻ ഒരു ഇന്റീരിയർ ഡിസൈനറിന് കഴിയും. ചില ഇന്റീരിയർ ഡിസൈനിങ് രീതികൾ പരിചയപ്പെടാം.

1. മുറികളിലും ബാത്ത്റൂമിലും ടൈൽ പാകിക്കഴിഞ്ഞാൽ എന്തായാലും കുറച്ച് ടൈൽ ബാക്കിയുണ്ടാവും. അൽപം ക്രിയേറ്റിവിറ്റിയുണ്ടെങ്കിൽ, അത് പുനരുപയോഗിക്കാം. ലിവിങ്ങിലേക്കും നടുമുറ്റത്തെ കോഫി കോർണറിലേക്കും മറ്റും വേറെ കസേര വാങ്ങുന്നതിന് പകരം ടൈൽ കൊണ്ട് ഇരിപ്പിടമുണ്ടാക്കാം. ഒരു കോൺക്രീറ്റ് ഇരിപ്പിടമുണ്ടാക്കിയിട്ട്, അതിൽ പലനിറത്തിലും തരത്തിലുമുള്ള ടൈൽ പാകാം. ബാക്കി വരുന്ന ടൈൽ ഡിസ്പോസ് ചെയ്യാനുള്ള പ്രശ്നം വരുന്നില്ല. നല്ല ഭംഗിയുണ്ടാവുകയും ചെയ്യും.

2. ഏറ്റവും കൂടുതൽ പണച്ചെലവ് വരുന്നത് ടൈൽ എടുക്കുമ്പോഴാണ്. ലിവിങ്, ഡ്രോയിങ്, ഡൈനിങ് എന്നിവിടങ്ങളിലേക്ക് നല്ല ടൈൽ എടുത്ത്, അത്ര ക്വാളിറ്റിയില്ലാത്ത ടൈൽ ബെഡ്റൂമിലേക്ക് തിരഞ്ഞെടുക്കാം. നാല് കിടപ്പുമുറികളുണ്ടെങ്കിൽ നല്ലൊരു ലാഭം അതിലൂടെ കിട്ടും.

3. ബാത്ത്റൂമിലേക്കാണ് ശരിക്കും ഒരുപാട് ടൈൽ വേണ്ടിവരുന്നത്. നാല് ചുവരും ഫ്ളോറും കൂടി ടൈൽ പാകുമ്പോൾ ചെലവ് വളരെയധികം കൂടും. അവിടെ അൽപമൊന്ന് ശ്രദ്ധിച്ചാൽ ഭംഗിയായും വൃത്തിയായും ടൈൽ പാകാൻ പറ്റും. ഇപ്പോൾ മിക്കവാറും എല്ലാ ബാത്ത്റൂമുകളിലും ഡ്രൈ-വെറ്റ് ഏരിയ ഉണ്ടാവും. ഡ്രൈ ഏരിയയിൽ വളരെ ചെറിയ ഉയരത്തിൽ ചുവരിൽ ടൈൽ ഒട്ടിച്ചാൽ മതി. കാരണം, അവിടെ ചുവരിലേക്ക് അധികം വെള്ളം തെറിക്കുന്നില്ല. വെറ്റ് ഏരിയയുടെ ഭാഗത്ത് ആവശ്യമുള്ളത്ര ഉയരത്തിൽ ടൈൽ ഒട്ടിക്കാം.

4. ബെഡ്റൂമിലോ ലിവിങ് ഏരിയയിലോ ചുവരുകളിൽ ഭംഗിയുള്ളൊരു ചിത്രം വരയ്ക്കുകയോ സ്റ്റിക്കറുകൾ പതിപ്പിക്കുകയോ ചെയ്യാം. ഒരു പോസിറ്റീവ് ഫീൽ കിട്ടും. ഇത്തരം സ്റ്റിക്കറുകൾ ഓൺലൈനിലും ലഭ്യമാണ്.

5. വീട് വാർക്കുമ്പോൾ ഒരു ഭാഗത്തെ സീലിങ് പ്ലാസ്റ്റർ ചെയ്യാതെ വിടാം. ഉള്ളിൽ പ്ലാസ്റ്റർ ചെയ്തില്ലെങ്കിലും വലിയ പ്രശ്നമില്ല. പക്ഷേ വാർക്കുന്ന സമയത്ത് തന്നെ അതോർക്കണമെന്ന് മാത്രം. അപ്പോൾ വീടിന്റെ സീലിങ് വ്യത്യസ്തമായി. ചെലവും കുറയും.

6. ലിവിങ് റൂമിലെ ചുവരോ ഡൈനിങ് റൂമിലേക്കുള്ള ചുവരോ പ്ലാസ്റ്ററിങ് ചെയ്യാതെ ഇടുന്നതും നല്ലതാണ്. റഫ് ലുക്ക് കിട്ടും. ആ ചുവര് മാത്രം ഹൈലൈറ്റ് ചെയ്തപോലെ തോന്നുകയും ചെയ്യും. ആ ചുവരിൽ ഭംഗിയുള്ള ചിത്രങ്ങൾ കൊത്തിവെക്കുന്നതും ഇന്റീരിയറിന് ഭംഗി പകരും.

7. വലിയ ബെഡ്റൂമാണെങ്കിൽ, ഒരുനിറത്തിലുള്ള പെയിന്റ് അടിക്കുന്നതിനുപകരം, കോൺട്രാസ്റ്റ് നിറങ്ങളും കൊണ്ടുവരാം. വ്യത്യസ്തമായിരിക്കും. ആ മുറിയിലിരിക്കുമ്പോൾ മനസ്സിനൊരു സന്തോഷം കിട്ടും.

8. സീലിങ്ങിൽ വെള്ള മാത്രമാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്. അതിനുപകരം ചെറിയ പാറ്റേണോ ഡിസൈനുകളോ ഉണ്ടെങ്കിൽ നല്ലതാണ്. അതുമല്ലെങ്കിൽ സീലിങ്ങിൽ അൽപം സ്ഥലത്ത് മാത്രം മറ്റേതെങ്കിലും നിറത്തിലുള്ള പെയിന്റടിക്കുകയും ചെയ്യാം. കുട്ടികളുടെ ബെഡ്റൂമിലും സീലിങ്ങിൽ പരീക്ഷണങ്ങൾ നടത്താം.

9. പെയിന്റഡ് ഫർണിച്ചറും പെയിന്റഡ് വിത്ത് വുഡ് പോളിഷും ഇപ്പോൾ ട്രെൻഡാണ്. അതുവാങ്ങുമ്പോൾ വലിയ പണച്ചെലവും വരുന്നില്ല.

10. സോഫയിലിടുന്ന കുഷ്യനുകൾക്ക് പഴയ സിൽക്ക് സാരിയോ ലിനൻ സാരിയോ കൊണ്ടുള്ള കവറിടാം. വ്യത്യസ്തമായിരിക്കും. കവറിനായി വേറെ പണം ചെലവാക്കേണ്ടിവരുന്നുമില്ല.

11. പല ലിവിങ് റൂമിലും കാണാം, ഒരു ത്രീ സീറ്റർ അല്ലെങ്കിൽ ഫോർ സീറ്റർ സോഫ സെറ്റിനൊപ്പം രണ്ട് സിംഗിൾ സോഫ ഇട്ടിരിക്കുന്നത്. സിംഗിൾ സീറ്ററിന് ചെലവ് വല്ലാതെ കൂടും. അതുകൊണ്ട് ഒരു ഫോർ സീറ്ററോ ത്രീ സീറ്ററോ ഇട്ടശേഷം, ബീൻ ബാഗ് കൊണ്ടുവരാം. അധികം പണച്ചെലവുണ്ടാവില്ല.

12. മിക്കവരും വീട് പണിയുമ്പോൾ കട്ടിള, ജനാല എന്നിവയ്ക്ക് ഇത്ര റേറ്റ് എന്നുപറഞ്ഞ് ഓർഡർ കൊടുക്കും. എന്നാൽ, അൽപം ബുദ്ധിമുട്ടാൻ തയ്യാറാണെങ്കിൽ ഒരു മുഴുവൻ തടിയെടുത്തിട്ട് നല്ലൊരു ആശാരിയെ കണ്ടുപിടിച്ച് കരാർ കൊടുക്കാം. ബാക്കി വരുന്ന തടി ഇന്റീരിയറിൽ ഉപയോഗിക്കാനുമാവും.

13. മിക്ക പഴയ വീടുകളിലും പഴയ ഫർണിച്ചറുണ്ടാവും. അതൊക്കെ ഒന്ന് പോളിഷ് ചെയ്ത് പുതിയ വീട്ടിലും ഉപയോഗിക്കാം. എല്ലാം പുതിയത് വാങ്ങണമെന്ന് നിർബന്ധമില്ലല്ലോ.

14. കട്ടിലിനും ബെഡ്റൂമിലെ സോഫയ്ക്കും അടിയിൽ ചെറിയ ഡ്രോ പിടിപ്പിച്ചുകൊടുക്കാം. അതിൽ അത്യാവശ്യം സാധനങ്ങളെല്ലാം അടുക്കിവെക്കാനാവും.

15. കോണിച്ചുവട്ടിലും ഡ്രോ പിടിപ്പിക്കാം. അവിടെ ഷൂ റാക്ക് വെക്കാം. അല്ലെങ്കിൽ ചെറിയ ബുക്ക് ഷെൽഫായും ഉപയോഗിക്കാം. ബുക്ക് ഷെൽഫ് സ്ഥിരം കാണുന്ന ഡിസൈനിന് പകരം മറ്റൊരു ആകൃതി പരീക്ഷിക്കാം.

16. ചെറിയ മാറ്റങ്ങളിലൂടെ ബാൽക്കണിയെ മനോഹരമാക്കാം. അങ്ങിങ് ചെറിയ ബൾബുകളും മറ്റും തൂക്കിയിടാം. ബാൽക്കണിയിൽ ഭംഗിയുള്ള കസേരകളോ ബീൻ ബാഗോ ഇടാം. കസേരകളിലിടാനുള്ള കുഷ്യനുകൾ വീട്ടിൽതന്നെ തുന്നിയെടുക്കാം. പൂച്ചെടികൾ വെച്ചും ഹാങ്ങിങ് ഗാർഡൻ ഒരുക്കിയും ബാൽക്കണിയിലെ പച്ചപ്പ് കൂട്ടാം.

17. വീടിനുള്ളിൽ വെർട്ടിക്കൽ ഗാർഡനൊരുക്കാം. ഉള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. നമ്മുടെ മനസ്സിനെ തണുപ്പിക്കാനും ഇതിന് കഴിയും.

18. കൊത്തുപണികളുള്ള വാതിലുകൾ ഉണ്ടാക്കുന്നതിന് പകരം, റെഡിമെയ്‌ഡ് വാതിലുകൾ വാങ്ങാം. പണച്ചെലവുകളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാം.

19. ഡൈനിങ് ഏരിയയിലോ ലിവിങ് റൂമിലോ ചെറിയ പെബിൾ കോർട്ട് നിർമിക്കുന്നതും ഭംഗിയാണ്.

20. ഫോൾസ് സീലിങ് കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വലിയ തിരിവുകളും വളവുകളുമൊക്കെയുള്ള പാറ്റേൺ ചെയ്യുന്നത് കൂടുതൽ പണച്ചെലവ് ഉണ്ടാക്കുകയേയുള്ളൂ. അവിടെയും മിനിമലിസം തന്നെയാണ് നല്ലത്. ലൈറ്റിങ് ചെയ്യാൻ അത്യാവശ്യമായ ഫോൾസ് സീലിങ് മാത്രം മതി.

21. പഴയ മരപ്പെട്ടിയുടെയോ ഉരുളിയുടെയോ മുകളിൽ ഗ്ളാസിട്ടാൽ മനോഹരമായ ടീപോയ് റെഡി. നടുമുറ്റത്തോ ലിവിങ് റൂമിലോ ഇതുവെക്കാം.

22. ലിവിങ് റൂമിലോ ഡൈനിങ് റൂമിലോ ഒരു നിറത്തിലുള്ള പെയിന്റിന്റെ പല ഷെയ്‌ഡുകൾ നൽകുന്നത് ഭംഗിയായിരിക്കും.

23. പഴയ പിച്ചളനിറത്തിലുള്ള പെട്ടിയോ ഉരുളിയോ ഭംഗിയുള്ള ഭരണിയോ ലിവിങ്ങ് റൂമിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടാൻ ഉപയോഗിക്കാം. അതിൽ വെള്ളം നിറച്ച് പല നിറത്തിലുള്ള പൂക്കളിടാം.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Interior trends for New homes