വീട് പുതിയതോ പഴയതോ ആവട്ടെ. ഒരു മേക്കോവര്‍ വേണമെന്ന് തോന്നുന്നുണ്ടോ. ഒരു ബുക്ക് ഷെല്‍ഫും, ബാര്‍കാര്‍ട്ടും, നിലത്ത് പുതിയ റഗ്ഗും ഒക്കെ ഒരുക്കുന്നതിനൊപ്പം കുറച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടിയായാലോ. വീടിനുള്ളിലെ വായു ശുദ്ധമാക്കുന്നതിനൊപ്പം വീടിന് ഒരു അലങ്കാരവുമായി.
സ്‌നേക്ക് പ്ലാന്റ്
നല്ലൊരു എയര്‍ പ്യൂരിഫയര്‍ ആണ്. അധികം വെള്ളമോ വെളിച്ചമോ ആവശ്യമില്ല. ജോലിത്തിരക്കിനിടയ്ക്ക് ചെടി നോക്കാന്‍ സമയമില്ല എന്ന് കരുതേണ്ട എന്ന് ചുരുക്കം. രാത്രിയിലും ഓക്‌സിജന്‍ പുറത്ത് വിടുന്നതിനാല്‍ നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റാണ് ഇത്. വായുവിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ഈ ചെടി സഹായിക്കും
പോത്തോസ്
മണിപ്ലാന്റിന്റെ ഇനത്തില്‍പ്പെടുന്ന ചെടിയാണിത്. ഷെല്‍ഫിലോ, മേശയിലോ, കാബിനറ്റിലോ എവിടെയും വളര്‍ത്താം. വേഗത്തില്‍ വളരുമെന്നതാണ് പ്രത്യേകത. ലോ മെയിന്റനന്‍സ് പ്ലാന്റാണ്. വെളിച്ചവും അധികം വേണ്ട. ബെന്‍സീന്‍ പോലെ വായുവിലുള്ള വിഷ വാതകങ്ങളെ കുറയ്ക്കാനും ഈ ചെടി വീടിനുള്ളില്‍ വളര്‍ത്താം.
ഡ്രെകെയ്‌ന
ലോ മെയിന്റനന്‍സ് പ്ലാന്റാണ് ഇതും. വീടിനുള്ളിലെ താപനിലയില്‍ തട്ടുകേടുകളൊന്നും കൂടാതെ സുഖമായി വളരും. വെളിച്ചവും അധികം ആവശ്യമില്ല. മുറികളില്‍ ശുദ്ധവായു നിറയ്ക്കുന്നതിനോടൊപ്പം വിഷവായുവിനെ നീക്കം ചെയ്യുകയും ചെയ്യും.
സ്ഡ് പ്ലാന്റ്(ZZ Plants)
വീടിനുള്ളില്‍ ചെറിയ വെളിച്ചമേയുള്ളൂ, എന്നും നനയ്ക്കാനൊന്നും സമയമില്ല... ഇത്തരക്കാര്‍ക്ക് വീടിനുള്ളില്‍ വളര്‍ത്താന്‍ പറ്റിയ ചെടിയാണിത്. സൗഹൃദത്തിന്റെയും ഉയര്‍ച്ചയുടെയും പ്രതീകമായാണ് ഇതിനെ ആളുകള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഗൃഹപ്രവേശനങ്ങള്‍ക്ക് നല്‍കാന്‍ പറ്റിയ സമ്മാനവുമാണ് ഇത്.
സ്‌പൈഡര്‍ പ്ലാന്റ്
നല്ലവെളിച്ചമുള്ള മുറിയില്‍ ഇത് വളര്‍ത്താം. മുറിയിലെ വായു ശുദ്ധമാക്കാന്‍ ഇതിലും നല്ല ചെടിയില്ല. ഫോംആല്‍ഡഹൈഡ് പോലുള്ള വിഷവാതകങ്ങളെ വായുവില്‍ നിന്ന് നീക്കുകയും ചെയ്യും.
റബര്‍ ട്രീ
അധികം വെള്ളമോ വെളിച്ചമോ ആവശ്യമില്ല. ഓക്‌സിജന്‍ ധാരാളമായി പുറപ്പെടുവിക്കുന്ന ചെടികളിലൊന്നാണ്. ബാക്ടീരിയ, പൂപ്പല്‍ എന്നിവയെ നശിപ്പിക്കാനും ഈ ചെടിയുടെ സാന്നിദ്ധ്യം നല്ലതാണ്.
ബേര്‍ഡ്‌സ് നെസ്റ്റ് ഫേണ്‍
വെളിച്ചക്കുറവും കൂടിയ ഈര്‍പ്പവുമുള്ള മുറികളില്‍, ബാത്ത്‌റൂമുകളില്‍ ഒക്കെ ഈ ചെടി വളര്‍ത്താം. ഹെയര്‍ സ്‌പ്രേ, നെയില്‍ പോളിഷ്, ക്ലീനേഴ്‌സ്... ഇവയില്‍ നിന്നൊക്കെയുള്ള കെമിക്കലുകളെ ആഗിരണം ചെയ്യാന്‍ ഇവയേക്കാള്‍ മികച്ച ചെടികളില്ല.
പീസ് ലില്ലി
രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടുന്നതിനാല്‍ കിടപ്പുമുറികള്‍ക്കും അനുയോജ്യം. അമോണിയ പോലുള്ളവയെ വായുവില്‍ നിന്ന് നീക്കുകയും ചെയ്യും. എളുപ്പത്തില്‍ വളര്‍ത്താനും പരിചരിക്കാനും കഴിയുന്ന ചെടിയാണിത്. അധികം വെളിച്ചമില്ലാത്തിടത്തും വളര്‍ത്താം. നന്നായി വെളിച്ചമുണ്ടെങ്കില്‍ കൂടുതല്‍ പൂക്കളുണ്ടാകും എന്നതാണ് പ്രത്യേകത.
Content Highlights: Interior Decorating and Air Purifying plants