വീടിന്റെ അകത്തളത്തെ മനോഹരമാക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട് കര്‍ട്ടനുകള്‍ക്ക്. ചില വീടുകളിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ തോന്നിയിട്ടില്ലേ വീട് കൊള്ളാം പക്ഷേ കര്‍ട്ടന്‍ സെലക്ഷന്‍ അത്ര പോരെന്ന്. ജനലുകളിലും വാതില്‍പ്പടികളിലുമൊക്കെ വെറുതെയങ്ങു കര്‍ട്ടന്‍ വാരിത്തൂക്കുകയല്ല ചെയ്യേണ്ടത്. ഇനി കര്‍ട്ടന്‍ വാങ്ങാന്‍ പോകുംമുമ്പ് താഴെ പറയുന്ന നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, വീടിനിണങ്ങിയ കര്‍ട്ടന്‍ തന്നെ കിട്ടും.
സ്വകാര്യതയും വെളിച്ചവും
കര്‍ട്ടനുകള്‍ ഇടുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ സ്വകാര്യതയാണ്. രണ്ടിടങ്ങളെ തമ്മില്‍ മറക്കുകയാണ് കര്‍ട്ടന്‍ ചെയ്യുന്നത്. എന്നുകരുതി കട്ടിയുള്ള കര്‍ട്ടന്‍ വാങ്ങി അപ്പുറവും ഇപ്പുറവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന തോന്നല്‍ ഉണ്ടാക്കരുത്. ആവശ്യത്തിനു വെളിച്ചവും കിട്ടുന്നവിധത്തിലുള്ള കട്ടികുറഞ്ഞ കര്‍ട്ടനുകള്‍ എടുക്കുന്നതാവും അഭികാമ്യം. ലിവിങ് റൂമിനും ഡൈനിങ് റൂമിനുമൊക്കെ കര്‍ട്ടനിടുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇനി വെളിച്ചം കുറവു മതി, സ്വകാര്യത കൂടുതല്‍ വേണമെന്ന് ആഗ്രഹിക്കുന്ന മുറികള്‍ക്കു വേണ്ടി അല്‍പം കട്ടിയുള്ള ഫാബ്രിക്കിന്റെ കര്‍ട്ടനുകള്‍ വാങ്ങിയിടാം.
അളവിലാണ് കാര്യം
ചില കര്‍ട്ടനുകള്‍ ഇട്ടു കഴിയുമ്പോള്‍ ഭംഗിയൊക്കെ ഉണ്ടാകുമെങ്കിലും എങ്ങും എത്തിയില്ലെന്ന തോന്നലുമുണ്ടാകും. കര്‍ട്ടന്‍ എത്ര നീളത്തിലും വീതിയിലുമായിരിക്കണമെന്നത് വീട്ടില്‍ നിന്ന് കര്‍ട്ടന്‍ കമ്പിയുടെയും നിലത്തിന്റെയും അളവെടുത്തു നോക്കാം. കര്‍ട്ടനും നിലത്തിനുമിടയില്‍ എത്ര സ്ഥലം ഒഴിഞ്ഞിടണമെന്നതും മുന്‍കൂട്ടി നോക്കിവച്ചിരിക്കണം. ജനല്‍പ്പടി വരെ മാത്രം മുട്ടി നില്‍ക്കുന്ന വിധത്തിലും നിലത്ത് അല്‍പം മാത്രം മുട്ടിനില്‍ക്കുന്ന രീതിയിലും കര്‍ട്ടന്റെ അറ്റം ഒന്നോ രണ്ടോ ഇഞ്ച് നിലത്ത് നിന്ന് പൊങ്ങിനില്‍ക്കുന്ന രീതിയിലും നിലത്തിനു മുകളിലൂടെ ഒരിഞ്ച് ഒഴുകിക്കിടക്കുന്ന രീതിയിലും കര്‍ട്ടന്‍ ഫിക്‌സ് ചെയ്യാവുന്നതാണ്.
കിടിലന്‍ മെറ്റീരിയല്‍
കര്‍ട്ടന്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ വരേണ്ട കാര്യമാണ് ഫാബ്രിക് അഥവാ അതിന്റെ തുണിത്തരം എങ്ങനെയുള്ളതായിരിക്കണമെന്ന്. അധികം കട്ടിയില്ലാത്ത ഫാബ്രിക് ആണു വേണ്ടതെങ്കില്‍ ലിനനോ കോട്ടണോ തിരഞ്ഞെടുക്കാം. ഇനി കട്ടിയുള്ളതിനോടാണു താല്‍പര്യമെങ്കില്‍ തുകലോ വെല്‍വെറ്റോ എടുക്കാം.
സ്റ്റൈലിഷ് ആകണം
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തീരുമാനിച്ചു കഴിഞ്ഞാല്‍ അവസാനം പരിഗണനയ്‌ക്കെടുക്കേണ്ടത് ഏതു സ്റ്റൈലില്‍ ഉള്ളതായിരിക്കണമെന്ന്. നിറവും ഡിസൈനുമൊക്കെ തീരുമാനിക്കേണ്ട സമയമാണിത്. കളര്‍ഫുള്‍ പാറ്റേണുകള്‍ തിരഞ്ഞെടുത്ത് ബോള്‍ഡ് ലുക്ക് നല്‍കുകയോ ന്യൂട്രല്‍ പാറ്റേണിലുള്ളവയെടുത്ത് കൂടുതല്‍ ആര്‍ദ്രമാക്കുകയോ ചെയ്യാം.
Content Highlights:important things to consider when buying curtains