വീട് നമ്മുടെ സ്വകാര്യ ഇടമാണ്. ഓഫീസോ, അമ്യൂസ്‌മെന്റ് പാര്‍ക്കോ അല്ല. കെട്ടുകാഴ്ചകളാവരുത് അലങ്കാരങ്ങള്‍. വീടുമായി ഇഴുകിച്ചേര്‍ന്നിരിക്കണം. ജീവിതം മുഴുവന്‍ നമ്മള്‍ താമസിക്കുന്ന ഇടമാണ്. ഏറ്റവും കംഫര്‍ട്ടബിളായ ഇന്റീരിയറായിരിക്കണം ചെയ്യേണ്ടത്. വീടിന്റെ ക്യാരക്ടര്‍ മനസ്സിലാകും, അകത്തളം കണ്ടുകഴിഞ്ഞാല്‍.. വീടിന്റെ ഡിസൈനു ചേരുന്ന വിധത്തില്‍വേണം ഇന്റീരിയര്‍ ഒരുക്കാന്‍.ലിവിങ് റൂമില്‍ വലുപ്പമുള്ള സോഫാ സെറ്റികള്‍ ഇടാനാണ് പലര്‍ക്കും താല്‍പര്യം. എന്നാല്‍ അത്ര വലുപ്പമുള്ള ഒരു സെറ്റി പിന്നീട് സ്ഥാനം മാറ്റി വെക്കണം എന്നു തീരുമാനിച്ചാലും സാധിക്കില്ല. ഒരു വീട്ടില്‍ കഴിയുന്നത് വിരലിലെണ്ണാവുന്ന ആളുകളാണ്. വല്ലപ്പോഴുമെത്തുന്ന അതിഥികളെയും കണക്കിലെടുത്ത്, ആവശ്യത്തിനുള്ള ഫര്‍ണിച്ചറുകള്‍ മാത്രം വാങ്ങുന്നതാണ് നല്ലത്. മുറിയുടെ വലുപ്പമനുസരിച്ചുള്ള സെറ്റിയും കസേരകളും തിരഞ്ഞെടുക്കുക.

ലിവിങ് റൂം  സംസാരിക്കാനും അതിഥികളെ സ്വീകരിക്കാനും ഉള്ളതാണ്. അവിടെ ടെലിവിഷന്‍ വെച്ചാല്‍ ഒരുപക്ഷേ സുഗമമായി സംസാരിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ടെലിവിഷന്‍ മറ്റെവിടെയെങ്കിലും വെക്കുന്നതാണ് ഉചിതം. പുറത്തുനിന്നുള്ളവര്‍ വന്നിരിക്കുന്ന ഇടമാണിത്. അതിനാല്‍ മറ്റു മുറികളുടെ സ്വകാര്യതയെ ശല്യപ്പെടുത്താത്ത ഇടത്തായിരിക്കണം ലിവിങ് റൂം പ്ലാന്‍ ചെയ്യേണ്ടത്.

ബെഡ്‌റൂമില്‍ മിനിമം ലൈറ്റുകള്‍ ഉപയോഗിക്കുക. കൂള്‍ ലൈറ്റുകളാണ് നല്ലത്.  ജനാലകളോട് ചേര്‍ന്ന് കട്ടില്‍ ഇടാതിരിക്കുന്നതാണ് സുരക്ഷിതം.ഡൈനിങ് ഹാള്‍ അറേഞ്ച് ചെയ്യുമ്പോള്‍, വാഷ് ബേസിന് സമീപത്ത് ഡൈനിങ് ടേബിള്‍ ഇടാതിരിക്കുക. ഫ്‌ളോറിങ് ചെയ്യുമ്പോള്‍ വീടു മുഴുവന്‍ ഒരേ ടൈല്‍സ്/മാര്‍ബിള്‍ ഉപയോഗിക്കാതിരിക്കുക. ടൈലോ മാര്‍ബിളോ കട്ട് ചെയ്ത് മുറിയുടെ അരികുകള്‍ക്ക് മറ്റൊരു സ്‌റ്റൈല്‍ കൊടുത്താല്‍ ഫിനിഷിങ് വരും. കാര്‍പ്പെറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ കാലാവസ്ഥയില്‍ പെട്ടെന്ന് പൊടിപിടിക്കും. ടൈല്‍സ് തന്നെ കാര്‍പ്പെറ്റിന്റെ ഡിസൈനില്‍ പരീക്ഷിക്കാം. ഗ്ലെയ്‌സ്ഡ് ആയ ടൈല്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രിപ്പുള്ള ടൈലുകളാണ് സുരക്ഷിതം. വീട്ടില്‍ ചെറിയൊരു നടുത്തളം പലരും നിര്‍മിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ഓര്‍ക്കാതെയോ, ശ്രദ്ധിക്കാതെയോ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എപ്പോഴും ഒരേ ലെവല്‍ ഫ്‌ളോറിങ് ആണ് സുരക്ഷിതം. 

ബാത്ത്‌റൂമില്‍ ഗ്ലാസ് ക്യുബിക്കിള്‍ നിര്‍മിക്കുമ്പോള്‍ അതു വൃത്തിയായി സൂക്ഷിക്കും എന്ന് ഉറപ്പുവരുത്തണം. സോപ്പും എണ്ണയുമെല്ലാം പടര്‍ന്ന് ഗ്ലാസില്‍ പെട്ടെന്ന് പൂപ്പല്‍ പിടിക്കാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ ഡിസൈനിങ്ങില്‍ ഇപ്പോള്‍ പലരും ബാത്ത്  ടബ്ബും ഉപയോഗിക്കാറില്ല. 

വീടിന് ആവശ്യമുള്ള വലുപ്പത്തില്‍ മാത്രമേ അടുക്കള നിര്‍മിക്കേണ്ടതുള്ളൂ. വീട്ടില്‍ എത്ര ആളുകളുണ്ടോ അതിനനുസരിച്ചുള്ള വലുപ്പമാണ് അടുക്കളയ്ക്ക് വേണ്ടത്. വലിയ അടുക്കളയായാല്‍ ജോലി ചെയ്യുന്ന അമ്മമാരുടെ ശാരീരികാധ്വാനവും കൂടുതലായിരിക്കും. ആവശ്യം അറിഞ്ഞുവേണം അടുക്കളയോട് ചേര്‍ന്ന് സ്‌റ്റോര്‍ റൂം നിര്‍മിക്കാന്‍. കാരണം ഒരു ശരാശരി കുടുംബത്തില്‍ ഏറിയാല്‍ ഒരു മാസത്തെ സാധനങ്ങളായിരിക്കും ശേഖരിച്ചുവെക്കുക. അതിന് പ്രത്യേകം സ്റ്റോര്‍ വേണമോ എന്ന് ആലോചിക്കണം. അടുക്കളയില്‍ ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും കിട്ടുന്ന രീതിയില്‍ ജനാലകള്‍ സ്ഥാപിക്കുക. 

സീലിങ്ങില്‍ പതിക്കുന്ന ടൈലുകള്‍ കുറച്ചു കാലം കഴിയുമ്പോള്‍ ഇളകിവീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സൂക്ഷിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. 

വിവരങ്ങള്‍ക്ക് കടപ്പാട്
ജയന്‍ ബിലാത്തിക്കുളം
എം.എല്‍. കുമാരദാസ്