ഴക്കാലമായാല്‍ വെള്ളവും പായലും പൂപ്പലും എല്ലാമായി നമ്മുടെ മനോഹരമായ വീട് ആകെ നിറം കെടും. വീടിനുള്ളിലെ ലൈറ്റിങും മറ്റും ഭംഗിയില്ലെങ്കില്‍ ഉള്ളിലും ആകെ ഒരു ഇരുട്ടാവും. മാത്രമല്ല മഴക്കാലമായാല്‍ വീടിനുള്ളില്‍ മോശം ഗന്ധങ്ങള്‍ നിറയുന്നതും മിക്കവരുടെയും പരാതിയാണ്. ഇവയെല്ലാം ഒഴിവാക്കി വീടിനെ സുന്ദരമാക്കാന്‍ ചില വഴികളുണ്ട്.

വര്‍ണങ്ങള്‍ വിരിയട്ടേ 

മഴക്കാലമായാല്‍ വീടിനുള്ളില്‍ ഒരു ഇരുളിച്ച ഫീല്‍ ചെയ്യുന്നോ, എങ്കില്‍ ലൈറ്റുകള്‍ മാറ്റാം. ഇടനാഴി, ലിവിങ് റൂം, ബാത്ത് റൂം, കിടപ്പുമുറി.. എന്നിവിടങ്ങളിലെല്ലാം നല്ല വെളിച്ചം തരുന്ന ലൈറ്റുകള്‍ വയ്ക്കാം. ഇടനാഴിയിലെയും സ്റ്റെയറിന് അരികിലെയും ലൈറ്റുകള്‍ കേടായിപ്പോയെങ്കില്‍ വേഗം മാറ്റിയിടാം. നല്ല വെളിച്ചമുണ്ടെങ്കില്‍ തന്നെ വീടിനുള്ളില്‍ ഒരു വാം ഫീലിങ് വരും. 

ഇത് മാത്രമല്ല വീടിനുള്ളിലെ കര്‍ട്ടനുകള്‍, മേശവിരികള്‍, റഗ്ഗുകള്‍, കിടക്കവിരി... എല്ലാം വൈബ്രന്റ് കളറുകള്‍ ഉള്ളവയാക്കാം. ഓറഞ്ച്, പിങ്ക്, മഞ്ഞ, ഇളംപച്ച... ഇവയൊക്കെ സന്തോഷത്തിന്റെ മൂഡും വാം ഫീലിങും നല്‍കും.

മഴ കാണാനും മഴ നനയാനും ഒരിടം

സാധാരണ മഴക്കാലമായാല്‍ വീടിനു പുറത്തും ബാല്‍ക്കെണിയിലും ഈര്‍പ്പം തട്ടുന്ന മറ്റിടങ്ങളിലുമുള്ള തടികൊണ്ടുള്ളതും മറ്റുമായ വീട്ടുപകരണങ്ങളെ വീടിനുള്ളിലാക്കുകയോ പ്ലാസ്റ്റിക് കോട്ടിങില്‍ മൂടുകയോ ചെയ്യും. പിന്നെ മഴക്കാലം കഴിയും വരെ ആ ഭാഗത്തേക്ക് പോകില്ല. ഇതിന് പകരം പ്ലാസ്റ്റിക് പോലെ മഴക്കാലത്തും കുഴപ്പമില്ലാത്ത ഇരിപ്പിടങ്ങളും ചെറിയ കോഫീടേബിളികളും വരാന്തയിലും ബാല്‍ക്കണിയിലും ഒരുക്കിയാലോ. വലിയ കുട നല്‍കി മുറ്റത്തും ഇവ വയ്ക്കാം. മഴ കണ്ട് ഒരു കോഫി നുണയാം. 

വെള്ളം വലിച്ചെടുക്കുന്ന ഡോര്‍മാറ്റ്

വെള്ളം വലിച്ചെടുക്കുന്ന തരം ഡോര്‍മാറ്റും റഗ്ഗുകളും വീടിനുള്ളില്‍ ഇടം പിടിയ്ക്കട്ടെ. മറ്റുള്ളവയെ വേനലാകും വരെ ചുരട്ടി പ്ലാസ്റ്റിക് കോട്ടിങില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. മഴക്കാലത്ത് ഉപയോഗിക്കുന്ന ഡോര്‍മാറ്റുകള്‍ കഴുകാന്‍ പറ്റുന്നവയും ദുര്‍ഗന്ധം ഉണ്ടാക്കാത്തവയും ആയിരിക്കും. മാത്രമല്ല വീട്ടിലുള്ള പഴയ തുണികള്‍ക്കൊണ്ട് നമുക്കും ഡി.ഐ.വൈ ഡോര്‍മാറ്റുകള്‍ ഉണ്ടാക്കാം. 

അടുക്കളയില്‍ വായു കടക്കാത്ത പാത്രങ്ങള്‍

മഴക്കാലത്ത ഭക്ഷണസാധനങ്ങളില്‍ വേഗം ഈര്‍പ്പവും പൂപ്പലും വരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ വായുകടക്കാത്ത പാത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാം. പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് പാത്രങ്ങളാണ് നല്ലത്. 

ദുര്‍ഗന്ധം അകറ്റാന്‍

മഴക്കാലമായാല്‍ വീടിനുള്ളില്‍ ഈര്‍പ്പവും പൂപ്പലും കാരണം ദുര്‍ഗന്ധമുണ്ടാവുക പതിവാണ്. അമിത ഈര്‍പ്പം പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. വീടിനുള്ളില്‍ ഡീഹ്യുമിഡിഫയര്‍ വയ്ക്കുന്നത് നല്ലതാണ്. ഒപ്പം കുന്തിരിക്കം പോലുള്ളവ പുകയ്ക്കുന്നതും വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റും. സുഗന്ധം പരത്തുന്ന കാന്‍ഡിലുകള്‍ കത്തിച്ചു വയ്ക്കുന്നത് ദുര്‍ഗന്ധമകറ്റാനും ഒരു പോസറ്റീവ് ഫീലിങ് 
കൊണ്ടുവരാനും സഹായിക്കും. 

സാധനങ്ങള്‍ കൂട്ടിയിടേണ്ട

മഴക്കാലമായാല്‍ വീടിനുള്ളില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തണം. തടികൊണ്ടുള്ള വീട്ടുപകരണങ്ങള്‍ ഭിത്തിയില്‍ നിന്ന് അകറ്റി ഇടാം. ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഇത്. വാര്‍ഡ്രോബില്‍ മഴക്കാല വസ്ത്രങ്ങളെയും വേനല്‍ക്കാല വസ്ത്രങ്ങളെയും തരം തിരിച്ച് വയ്ക്കാം. വസ്ത്രങ്ങല്‍ക്കിടയില്‍ സുഗന്ധം നല്‍കുന്ന സാഷെപായ്ക്കറ്റുകള്‍ വയ്ക്കാം. തടികൊണ്ടുള്ള ഷെല്‍ഫ്, വാര്‍ഡ്രോബ് എന്നിവ ഇടയ്ക്കിടെ തുടച്ച് വൃത്തിയാക്കണം. ഇവയില്‍ പൂപ്പല്‍ പോലുള്ളവ പിടിക്കാന്‍ സാധ്യത കൂടുതലാണ്. 

പച്ചക്കറികള്‍ വളര്‍ത്താം

പച്ചക്കറികളും ചെടികളുമെല്ലാം നന്നായി വളരുന്ന സമയമാണിത്. പുതിയവ നടാനും പറ്റിയ സമയം. ചെടികളും പച്ചക്കറികളും ധാരാളം വളര്‍ത്തിക്കോളൂ, വീട്ടില്‍ പച്ചപ്പ് നിറയട്ടെ.

Content Highlights: How to take care home and interior in monsoon season