വീടിനു പുറത്തു മാത്രമല്ല അകത്തും ചെടികള്‍ വളര്‍ത്തുന്നത് തരംഗമായിക്കഴിഞ്ഞു. അധികം നന ആവശ്യമില്ലാത്ത, പരിധിക്കപ്പുറം വളരാത്ത പലവിധം ചെടികള്‍ അകത്തളങ്ങളെ അഴകാര്‍ന്നതാക്കുന്നു. ചെടികള്‍ മാത്രം പോരാ, അവ നടുന്ന പാത്രങ്ങളും കിടിലനായിരിക്കണം. സാധാരണ കണ്ടുവന്നിട്ടുള്ള സ്ഥിരം ടൈപ്പ് ചെടിച്ചട്ടികളില്‍ നിന്നു വ്യത്യസ്തമായി സ്വന്തമായൊന്നുണ്ടാക്കിയാലോ? പ്ലാസ്റ്റിക് കുപ്പിയും അല്‍പം അക്രിലിക് പെയിന്റും ബ്രഷുമൊക്കെയുണ്ടെങ്കില്‍ മനോഹരമായ ചെടിപ്പാത്രങ്ങള്‍ ഉണ്ടാക്കാം. അവയില്‍ പൂക്കളുടേയോ മൃഗങ്ങളുടേയോ ഒക്കെ ചിത്രങ്ങള്‍ വരച്ചാല്‍ കൂടുതല്‍ ഭംഗിയാകും. അത്തരത്തിലൊരു ആനിമല്‍ പ്ലാന്റര്‍ നിര്‍മാണരീതിയാണ് താഴെ നല്‍കിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
മൂന്ന് പ്ലാസ്റ്റിക് കുപ്പി
ഡ്രൈ ഇറേസ് മാര്‍ക്കര്‍
ബോക്‌സ് കട്ടര്‍
കത്രിക
ഫോം പെയിന്റ് ബ്രഷ്
അക്രിലിക് പെയിന്റ്
പെയിന്റ് പെന്‍
പെര്‍മനന്റ് മാര്‍ക്കര്‍
ഉണ്ടാക്കുന്ന വിധം
കുപ്പിയുടെ പുറത്തുള്ള ലേബല്‍ ഒഴിവാക്കുക. ഡ്രൈ ഇറേസ് മാര്‍ക്കര്‍ കൊണ്ട് കുപ്പിയുടെ പുറത്തായി പുച്ചയുടേയും കരടിയുടേയുമൊക്കെ കാര്‍ട്ടൂണ്‍ രൂപം വരയ്ക്കാം. ഔട്ട്‌ലൈന്‍ വരച്ചാല്‍ മതി. ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് കുപ്പിയില്‍ എവിടെയെങ്കിലും ചെറിയ തുളയുണ്ടാക്കാം. ശേഷം കത്രിക കൊണ്ട് നേരത്തേ വരച്ചു വെച്ച രൂപത്തില്‍ കുപ്പി മുറിച്ചെടുക്കാം. ബോക്‌സ് കട്ടര്‍ കൊണ്ട് കുപ്പിയുടെ അടിയിലായി വെള്ളം ഒഴുകിപോകാനുള്ള ചെറിയ ദ്വാരങ്ങളും ഇടാം. ശേഷം ഡ്രൈ ഇറേസ് മാര്‍ക്കറിന്റെ മഷി പൂര്‍ണമായും തുടച്ചു കളയാം. ഇനി കുപ്പിയ്ക്ക് പുറമെ അക്രിലിറ്റ് പെയിന്റ് കൊണ്ട് കോട്ടിങ് കൊടുക്കാം. അത് ഉണങ്ങിയ ശേഷം പെയിന്റ് പേനയും പെര്‍മനന്റ് മാര്‍ക്കറും ഉപയോഗിച്ച് മൃഗങ്ങളുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഭംഗിയില്‍ വരയ്ക്കാം. കണ്ണും മൂക്കും മീശയുമൊക്കെ ലളിതമായി വരച്ചാല്‍ മതി. പെയിന്റ് മുഴുവനായി ഉണങ്ങിയ ശേഷം, മണ്ണ് നിറച്ച് ചെടി നടാം.
Content Highlights: how to make planters