നിങ്ങളുടെ ആവശ്യം വലിയ വിശാലമായ മുറികള്‍ നിര്‍മിക്കുകയാണ്. പക്ഷേ അത്രയും പണം കയ്യിലില്ല എന്നു കരുതുക അപ്പോള്‍ എന്തു ചെയ്യും. കയ്യിലുള്ള ബജറ്റിനനുസരിച്ച് തന്നെ റൂം നിര്‍മിച്ചുകൊള്ളുക പിന്നീട് ചില പൊടിക്കൈകളിലൂടെ  റൂമിനെ വലുതാക്കാവുന്നതാണ്.

കണ്ണാടികള്‍

കിടപ്പുമുറികള്‍ വിശാലമായി തോന്നാന്‍ നല്ലൊരു ഉപാധിയാണ് മുറികള്‍ കണ്ണാടി ഉപയോഗിച്ച് അലങ്കരിക്കുന്നത്. വെളിച്ചത്തെ പ്രതിഫലിപ്പിക്കാന്‍  മാത്രമല്ല.  ജനാലകള്‍ക്കൊ, ഇടനാഴികള്‍ക്കോ അഭിമുഖമായി  കണ്ണാടികള്‍ വെച്ചാല്‍ വലിയ റൂമിന്റെ പ്രതീതി ജനിപ്പിക്കാനും ഇവയ്ക്കാകും. ഫ്രെയിമുകളോട് കൂടിയുള്ള ചെറിയ കണ്ണാടികള്‍ ചുവരുകളില്‍ ഗ്യാലറി  സ്‌റ്റൈലില്‍  നല്‍കാം. അതുമല്ലെങ്കില്‍  ഡ്രസിങ് ഏരിയയ്ക്ക് അഭിമുഖമായും ഇവ വയ്ക്കാവുന്നതാണ്.

കര്‍ട്ടനുകള്‍

കര്‍ട്ടനുകളുടെ കളര്‍, മെറ്റീരിയല്‍ ,നീളം തുടങ്ങിയ നിങ്ങളുടെ മുറിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ജനലുകളെ മറയ്ക്കാനുള്ളതല്ല യഥാര്‍ത്ഥത്തില്‍  കര്‍ട്ടനുകള്‍  അവയ്ക്ക് നിങ്ങളുടെ മുറിയെ അലങ്കരിക്കുക എന്നൊരു ജോലികൂടിയുണ്ട്.  അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു തുണി വാങ്ങി ജനല്‍ മറയ്ക്കരുത്. വളരെ നീളമുള്ള കര്‍ട്ടനുകള്‍ നല്‍കിയാല്‍ മുറിയ്ക്ക് വലുപ്പം തോന്നും. മുറിയുടെ ചുവരുകളുടെ അതേ നിറത്തിലുള്ള കര്‍ട്ടകള്‍ തിരഞ്ഞെടുക്കുക. കട്ടികുറഞ്ഞ തുണികള്‍ ഉപയോഗിച്ചുള്ള കര്‍ട്ടനുകള്‍ നിങ്ങളുടെ റൂമുകള്‍ക്ക് വലുപ്പം തോന്നാന്‍ സഹായിക്കും.

ചെറിയ  മുറികള്‍ക്ക് ഇളം നിറങ്ങള്‍

ചെറിയ മുറികള്‍ വലുതാക്കാനുള്ള  എളുപ്പവഴികളിലൊന്ന് ഇളം നിറങ്ങള്‍  ഉപയോഗിക്കുക എന്നതാണ്.  മുറിയുടെ രൂപവും ഭാവവും വ്യക്തിത്വവുമൊക്കെ നിര്‍ണയിക്കാന്‍ പെയിന്റിനോളം സഹായിക്കുന്ന മറ്റൊരു വസ്തു വേറെയില്ല എന്നു തന്നെ പറയാം.

ഇളം നിറങ്ങളിലേക്ക് വെളിച്ചം വന്നുചേരുമ്പോള്‍  നിങ്ങളുടെ ചുവരുകള്‍ വളരെ വലുപ്പമുള്ളതായി അനുഭവപ്പെടും അതുകൊണ്ടാണ് ചുവരുകള്‍ക്ക് ഇളം നിറം നല്‍കണമെന്ന് പറയുന്നത്.

വലിയ മുറികള്‍ക്ക് ചെറിയ ഫര്‍ണിച്ചര്‍

നിങ്ങളുടെ റൂം ചെറുതാണെങ്കില്‍ അവയ്ക്ക് വലുപ്പം തോന്നണമെങ്കില്‍ ചെറിയ ഫര്‍ണിച്ചര്‍ നല്‍കുക. വലിയ ഫര്‍ണിച്ചറുകള്‍ എപ്പോഴും റൂമിനെ വളരെ ഇടുങ്ങിയതാക്കാന്‍ മാത്രമെ ഉപകരിക്കൂ.  മുറികള്‍ക്ക് ശ്വാസം മുട്ടുന്നൊരു പ്രതീതി ജനിപ്പിക്കാനും വളരെ അനാകര്‍ഷകമായി തോന്നാനും വലിയ ഫര്‍ണിച്ചറുകള്‍ ഇടയാക്കാം. എപ്പോഴും റൂമില്‍ ചെറിയ കട്ടിലും ,ചെറിയ സോഫയും മാത്രം ഉപയോഗിക്കു. ബെഡ്‌റൂമില്‍ അനാവശ്യമായ ഫര്‍ണിച്ചര്‍ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കു.  

സീലിങ്ങിലും ശ്രദ്ധ വേണം

മുറികളുടെ സീലിങ്ങിനെ അഞ്ചാമത്തെ ചുമരെന്നാണ് വിശേഷിപ്പിക്കാറ്. നിങ്ങളുടെ റൂമിന്റെ വലുപ്പം നിര്‍ണയിക്കുന്നതില്‍  ചുമരുകള്‍ക്ക് ചെറുതല്ലാത്തൊരു പങ്കുണ്ട്.  എപ്പോഴും ചുവരിനു നല്‍കുന്നതിനേക്കാള്‍ അല്‍പം  ഇരുണ്ട നിറം വേണം റൂമിന്റെ സീലിങ്ങിന് നല്‍കാന്‍.