ഒന്നില്‍കൂടുതല്‍ കുട്ടികളുള്ള മിക്ക കുടുംബങ്ങളിലും അവര്‍ക്കായി ഒരു മുറിയായിരിക്കും സജ്ജമാക്കിയിട്ടുണ്ടാകുക. എന്നാല്‍, ഓരോ കുട്ടിയുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കനുസരിച്ച് മുറി ക്രമീകരിക്കുക എന്നത് സ്വല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് എന്നാല്‍, സൗകര്യങ്ങളില്‍ വ്യത്യാസങ്ങളില്ലാതെ വേണം കുട്ടികള്‍ക്കുള്ള മുറി സജ്ജമാക്കാന്‍. കുട്ടികളുടെ മുറി അവര്‍ക്ക് ഇണങ്ങും വിധം ഒരുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഫലപ്രദമായ പ്ലാന്‍ തയ്യാറാക്കുക

രണ്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് കട്ടിലുകള്‍ ഇടേണ്ട സ്ഥലം കണ്ടെത്തണം. രണ്ട് വ്യത്യസ്ത കട്ടിലുകളോ ഡബിള്‍ ബെഡ്ഡോ തിരഞ്ഞെടുക്കാം. രണ്ട് കട്ടിലുകളാണെങ്കില്‍ ഒന്നിന് എതിര്‍വശത്തായി ഭിത്തിയോട് ചേര്‍ത്ത് രണ്ടാമത്തെ കട്ടില്‍ ഇടാം. ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് കളിക്കുന്നതിനും മറ്റും കൂടുതല്‍ സ്ഥലം കിട്ടുന്നതിന് ഉപകരിക്കും. 
മുറിയില്‍ സ്ഥലപരിമിതി ഉണ്ടെങ്കില്‍ ഡബിള്‍ ബെഡ് അല്ലെങ്കില്‍ ബങ്ക് ബെഡ് നല്‍കുന്നതായിരിക്കും ഉചിതം. കൂടാതെ, ഒന്നിലധികം കാര്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഫര്‍ണിച്ചറുകള്‍ മുറിയിലിടുന്നത് സൗകര്യങ്ങള്‍ കൂട്ടും.

2. സ്റ്റോറേജ് സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കുക

കുട്ടികളുടെ മുറിയില്‍ സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഓരോ കുട്ടിക്കും തുല്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഹാങ്ങറുകള്‍, ഓപ്പണ്‍ കാബിനറ്റുകള്‍, ഡ്രോയറുകള്‍ തുടങ്ങിയവ ഓരോരുത്തര്‍ക്കും ആവശ്യമായ അളവില്‍ കരുതണം.

കട്ടിലിന് താഴെയുള്ള സ്ഥലം സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സ്‌റ്റോറേജ് ആയി ഉപയോഗിക്കാം. 

പുസ്തകങ്ങള്‍, സ്റ്റേഷനറി വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ എന്നിവ സൂക്ഷിക്കുന്നത് ഓരോരുത്തര്‍ക്കും തുല്യമായ അളവില്‍ വേണം അലമാര ക്രമീകരിക്കാന്‍.

3. അടുക്കും ചിട്ടയോടെയും ക്രമീകരിക്കുക

കുട്ടികളുടെ മുറി ക്രമീകരിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍മാത്രം അവിടെ സൂക്ഷിക്കുക എന്നതാണ്. 
നാലു മുതല്‍ ആറുമാസം വരെ കൂടുമ്പോള്‍ മുറി വൃത്തിയാക്കുകയും സാധനങ്ങള്‍ അടുക്കിവയ്ക്കുകയും ചെയ്യണം. പഴയതും ആവശ്യമില്ലാത്തതുമായ കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ കാലാകാലത്തിന് അനുസരിച്ച് നീക്കം ചെയ്യണം.

4. പഠനത്തിന് വേണം പ്രത്യേകസ്ഥലം

ഓരോ കുട്ടിക്കും പ്രത്യേകം പഠനമേശയും കസേരയും ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പഠന സൗകര്യമാണ് നല്‍കേണ്ടത്. മൂത്തകുട്ടിക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുകയും ഇളയകുട്ടിക്ക് പ്രായം കുറവാണെങ്കിൽ മാതാപിതാക്കളുടെ ശ്രദ്ധ കിട്ടുന്ന തരത്തിലും വേണം മുറിയൊരുക്കാന്‍.
മേശയും കസേരയും നല്‍കുമ്പോള്‍ കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് വേണം ക്രമീകരിക്കാന്‍.

5. ഓരോ കുട്ടിയുടെയും സ്വകാര്യത ഉറപ്പുവരുത്തണം

ഓരോ കുട്ടിക്കും മുറിയില്‍ സ്വന്തമായി ഒരു ചുമര് നല്‍കാം. ഇവിടെ അവരുടെ ഹാന്‍ഡിവര്‍ക്കുകളും മറ്റ് കാര്യങ്ങളും വയ്ക്കുന്നതിന് പ്രയോജനപ്പെടുത്താം. 

ഓരോ കുട്ടിയുടെയും സ്ഥലത്തിന് പ്രത്യേക കളര്‍കോഡ് നല്‍കുന്നത് കൂടുതല്‍ രസകരമാക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍, പൂക്കള്‍ തുടങ്ങിയവ കൊണ്ട് കുട്ടികളുടെ മുറികള്‍ അലങ്കരിക്കാം. 

Content highlights: to decorate and arrange  room for kids, homestyle, homedesigns, Home interiors