മുറ്റത്തെ പൂന്തോട്ടത്തേക്കാളും ഇപ്പോള്‍ താത്പര്യം ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിലാണ്. എന്നാല്‍ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല. ലിവിങ് റൂമിലും ബാല്‍ക്കണിയിലും ബെഡ്‌റൂമിലുമൊക്കെ വെക്കാന്‍ ചെടികള്‍ പ്രത്യേകതരമുണ്ട്. 

അകത്തളങ്ങളില്‍ ഇലപൊഴിയാത്ത ചെടികള്‍  

ചെടികള്‍ നട്ടുനനയ്ക്കുമ്പോള്‍ നമ്മുടെ മനസ്സും ഒന്നു സന്തോഷിക്കും. അകത്തുകയറുമ്പോള്‍ തന്നെ ഉന്മേഷവും തോന്നും. ഇവിടെ ഇലച്ചെടികളാണ് ഏറ്റവും അനുയോജ്യം. ലിവിങ് റൂം, ബെഡ് റൂം, ഡൈനിങ്ങ് ഹാള്‍, അടുക്കള എന്നിവിടങ്ങളിലെ ടീപ്പോയിലോ, മേശയ്ക്ക് മുകളിലോ, വാഷ് കൗണ്ടറിലോ, പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്‍ഡിലോ എല്ലാം ചെടികള്‍ വച്ച് മോടിയാക്കാം. പീസ് ലില്ലി, മദര്‍ ഇന്‍ ലോസ് ടങ് പ്ലാന്റ്, ഫിംഗര്‍ പാം, അരക്ക പാമിന്റെ ഇന്‍ഡോര്‍ ഇനം എന്നീ നാല് തരം ചെടികള്‍ക്ക് മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇവ കൂടാതെ മണി പ്ലാന്റ്, സ്‌പൈഡര്‍ പ്ലാന്റ്, സിങ്കോണിയം, ബോസ്റ്റണ്‍ ഫേണ്‍, ലക്കി ബാംബൂ ഉള്‍പ്പടെയുള്ള ചെടികള്‍ക്കും ഈ സ്വഭാവ സവിശേഷതയുണ്ട്.  

കഴിവതും ഇലപൊഴിയാത്ത ചെടികള്‍ തിരഞ്ഞെടുക്കാം. മുറിക്കുള്ളിലോ ബാല്‍ക്കണിയിലോ ചെടികള്‍ വളര്‍ത്തുമ്പോള്‍ അവിടെ ലഭ്യമായ സൂര്യപ്രകാശത്തിന്റെ അളവ് കൂടി പരിഗണിക്കണം. പീസ് ലില്ലി, ഫിംഗര്‍ പാം, ലക്കി ബാംബൂ, സീ സീ പ്ലാന്റ്, അരക്ക പാം തുടങ്ങിയ ചെടികള്‍ പ്രകാശം കുറഞ്ഞ ഇടങ്ങളിലേക്ക് യോജിച്ചവയാണ്. അധികമായി വെളിച്ചം കിട്ടുന്ന ജനല്‍പടി, വരാന്ത, ബാല്‍ക്കണി ഇവിടെയെല്ലാം പച്ചക്കൊപ്പം മറ്റു നിറങ്ങളിലുള്ള ഇലകളോട് കൂടിയവയും തിരഞ്ഞെടുക്കാം. മണി പ്ലാന്റ്, സ്‌പൈഡര്‍ പ്ലാന്റ്, സിങ്കോണിയം, ആഗ്‌ളോനിമ, മദര്‍ ഇന്‍ ലോസ് ടങ് പ്ലാന്റ് തുങ്ങിയവ. 

ചെടികള്‍ നടുമ്പോള്‍

സ്‌പൈഡര്‍ പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി, സിങ്കോണിയം, മദര്‍ ഇന്‍ ലോസ് ടങ് പ്ലാന്റ് എന്നീ ചെടികള്‍ പാത്രത്തില്‍ നിറച്ച വെള്ളത്തില്‍ വേരുകള്‍ ഇറക്കിവെച്ച് വളര്‍ത്തുന്നതാണ് നല്ലത്. വിസ്താരമുള്ള ചട്ടിയില്‍ ഒന്നില്‍ കൂടുതല്‍ ചെടികള്‍ ഒരുമിച്ചുനടുമ്പോള്‍ ഒരേ വിധത്തില്‍ നനയുകയും വേണം. ഒരേപോലെ സൂര്യപ്രകാശം കിട്ടുന്നതരത്തിലാവണം നടേണ്ടത്. സ്‌പൈഡര്‍ പ്ലാന്റും സിങ്കോണിയവും ഒരുമിച്ചു ഒരു പാത്രത്തില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ചെടികളാണ്. 

ഇലകളുടെ രണ്ടുവശത്തുമുള്ള അനേകായിരം സുഷിരങ്ങളാണ് ചെടിയുടെ കാര്യക്ഷമത നിര്‍ണയിക്കുക. ഇലകളില്‍ കാലക്രമേണ പൊടി തങ്ങി നിന്ന് ഈ സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ സാധ്യതയുണ്ട്. മാസത്തില്‍ ഒരിക്കല്‍ നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ച് ഇലകള്‍ തുടച്ചു വൃത്തിയാക്കുന്നത് ചെടിയുടെ കാര്യശേഷി കൂട്ടാന്‍ നല്ലതാണ്. കഴിവതും രാസവളങ്ങള്‍ ഒഴിവാക്കുക. ദുര്‍ഗന്ധം പരത്താത്ത മണ്ണിര കമ്പോസ്റ്റ്, നന്നായി ഉണക്കി പൊടിച്ചെടുത്ത ആട്ടിന്‍കാഷ്ടം തുടങ്ങിയവ വളമായി ഉപയോഗിക്കാം. മിശ്രിതവുമായി കലര്‍ത്തിവേണം വളം ഇടാന്‍. 

plants

നനയ്ക്കുമ്പോള്‍

അകത്തളത്തില്‍ വളര്‍ത്തുന്ന ചെടികളില്‍ നിന്നും അധികമായി ഈര്‍പ്പം നഷ്ടപ്പെടില്ല. അതുകൊണ്ടു തന്നെ അല്പം നനച്ചാലും മതി. അമിതമായി നനയ്ക്കുമ്പോഴാണ് ഇന്‍ഡോര്‍ ചെടികള്‍ കേടായി പോകുന്നത്. സക്കുലന്‍ഡ്, കള്ളിച്ചെടി ഇനങ്ങള്‍ക്കെല്ലാം പത്തു ദിവസത്തില്‍ ഒരിക്കല്‍ നനച്ചാല്‍ മതിയാകും. ഇലച്ചെടികള്‍ക്ക് മൂന്നോ നാലോ ദിവസത്തിലൊരിക്കല്‍ അല്ലെങ്കില്‍ ഇലകള്‍ ചെറുതായി വാടുമ്പോള്‍ മാത്രം നനയ്ക്കാം. ചെടി നട്ടിരിക്കുന്ന മിശ്രിതത്തില്‍ തൊട്ടുനോക്കിയാല്‍ ഈര്‍പ്പം ഉള്ളതായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ നനയ്‌ക്കേണ്ട ആവശ്യമില്ല. ചെടികള്‍ക്ക് ചുറ്റിലും വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കരുത്. കഴിവതും ഇന്‍ഡോര്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യുമ്പോള്‍ ആവശ്യത്തിന് മാത്രം ചെടികള്‍ നടുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ശ്രദ്ധകിട്ടാതെ പോകുമ്പോള്‍ ചെടികള്‍ നശിക്കാനിടയാകും.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Home indoor garden trends