മുമ്പത്തെപ്പോലെ ഡിസൈനും ബജറ്റും മാത്രം മനസ്സില്‍ കണ്ട് വീട് വെക്കുന്ന രീതിയല്ലിന്ന്. പലരും തീമുകള്‍ ആസ്പദമാക്കി വീടുകള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. കൃത്യമായ പദ്ധതിയും വീക്ഷണവുമുണ്ടെങ്കില്‍ അമിത ചിലവുകളില്ലാതെ തന്നെ തീം ബേസ്ഡ് വീടുകളുണ്ടാക്കാം. ഇത്തരം വീടുകള്‍ പണിയുമ്പോള്‍ സ്വീകരിക്കാവുന്ന ചില ആശയങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. 

പ്രിയപ്പെട്ട സിനിമ

ആനിമേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന കുട്ടികളാണ് ഏറെയും. അവരുടെ മുറികള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഇക്കാര്യം മനസ്സില്‍ കരുതാം. സിനിമയില്‍ കാണുന്ന അതേ ഫര്‍ണിച്ചറുകളും കളര്‍ കോമ്പിനേഷനും ഡിസൈനുകളും മുറിക്കു കൊണ്ടുവരാം. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ക്കായി മുറിയുടെ ഒരു ചുവര്‍ തന്നെ മാറ്റിവെക്കാം. പഴയ കൊട്ടാരങ്ങളെയോ സിന്‍ഡ്രല്ലയെയോ ഒക്കെ അനുസ്മരിപ്പിക്കും വിധത്തില്‍ മുറികള്‍ ഡിസൈന്‍ ചെയ്തുനോക്കൂ, കുട്ടിളുടെ ഏറ്റവും പ്രിയ്യപ്പെട്ട ഇടമായി മാറുമിത്. 

ന്യൂയോര്‍ക്ക് വീട്ടിലായാലോ?

നിങ്ങള്‍ പോകാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന നഗരത്തിന്റെയോ ജീവിതത്തില്‍ ഏറ്റവും അടുത്തു നില്‍ക്കുന്ന നഗരത്തിന്റെയോ ഒക്കെ തീമിലും വീടിന് ഡിസൈന്‍ നല്‍കാം. ഗ്രേ-വൈറ്റ് കോമ്പിനേഷനില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ തീം നല്‍കുന്നത് ധാരാളം കണ്ടിട്ടുണ്ട്. വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക് വീടിനുള്ളില്‍ ഒരു അസ്സല്‍ ലൈബ്രറിയും സൃഷ്ടിക്കാം. എഴുത്തുകുത്തുകളാല്‍ നിറച്ച വാള്‍പേപ്പര്‍ കൊണ്ട് ഒരു ചുവരു മുഴുവനും നിറയ്ക്കാം. ഒപ്പം ഇരുവശങ്ങളിലും മിനി ലൈബ്രറിയും ഒരുക്കാം. സ്വസ്ഥമായി വായിക്കാനും സുഹൃത്തുക്കളുമായി സംവദിക്കാനുമൊക്കെ ഫര്‍ണിച്ചറുകളും ഒരുക്കാം. 

ബാറ്റ്മാന്‍.. സ്‌പൈഡര്‍മാന്‍..

കുട്ടികളിലേറെ പേരും അമാനുഷിക ശക്തികളായ കഥാപാത്രങ്ങളുടെ ആരാധകരാണ്. ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍ തുടങ്ങി സിനിമയിലും കഥകളിലും കണ്ടു പരിചയിച്ച സൂപ്പര്‍ താരങ്ങളുടെ പുനരാവിഷ്‌കാരം അവരുടെ മുറിയിലും ഒരുക്കാം. നീല, ചുവപ്പ്, മഞ്ഞ, കറുപ്പ് തുടങ്ങിയ കടുത്ത നിറങ്ങളിലാണ് ഇത്തരം മുറികള്‍ ഉണ്ടാകാറുള്ളത്. ചുവരിലെ നിറത്തോടു വൈരുധ്യം തോന്നിപ്പിക്കുന്ന ഗ്രേയോ വൈറ്റോ നിറത്തിലുള്ള ബെഡ് ലിനനുകളും കര്‍ട്ടനുകളും നല്‍കാം. 

പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്കായി

പ്രകൃതിയെ സ്നേഹിക്കാത്തവരുണ്ടാകില്ല. കാടും കടലുമൊക്കെ എത്ര കണ്ടാലും മതിവരാത്തവരുണ്ടാകും. അത്തരക്കാര്‍ക്കു മികച്ച ആശയമാണിത്. കടലിന്റെ ദൃശ്യമോ ആഴക്കടലിന്റെ മനോഹാരിതയോ കാടിന്റെ പുനരാവിഷ്‌കാരമോ ഒക്കെ മുറികളില്‍ കൊണ്ടുവരാം. 

Content Highlights: home designing themes interior designing