വീട്ടിനുള്ളിലെ പൊടിയുടെ മൂന്നില്‍ രണ്ട് ഭാഗവും വീട്ടിന് പുറത്തുനിന്നെത്തുന്നതാണെന്ന് സയന്‍സ് ഫോക്കസ് ഡോട്ട്‌കോം പറയുന്നു. നമ്മുടെ പാദങ്ങള്‍ക്കൊപ്പം അകത്തെത്തുന്നതും വായുവിലൂടെ അടിച്ചുവരുന്നതും. വായുവിന്റെ ഏറ്റവും സാവധാനമുള്ള ചലനത്തിനനുസരിച്ചുപോലും ഈ പൊടികള്‍ ഒഴുകിനീങ്ങും. മുറിയിലെ എല്ലാ വസ്തുക്കളിലും ഇടങ്ങളിലും അവ അമരും. പൊടി പൂര്‍ണമായും നീക്കാനാവില്ല. എന്നാല്‍ വീട്ടിനുള്ളിലെ പൊടിയുടെ അളവ് കുറയ്ക്കാനാവും. പൊടിയുമായുള്ള ദീര്‍ഘകാല യുദ്ധമാണ് വീട് വൃത്തിയാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി! കൃത്യതയോടെ, ഉചിതമായ ഉപകരണങ്ങളുപയോഗിച്ചുള്ള ക്ലീനിങ്ങാണ് ആവശ്യം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

ടിവി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വളരെ വേഗം പൊടിയടിയും. ഉപകരണം സ്വിച്ചോഫാക്കിയ ശേഷം മൈക്രോഫൈബര്‍ ക്ലീനിങ് തുണി ഉപയോഗിച്ച് പൊടി തട്ടുക. വയറുകളിലും കോഡുകളിലും പൊടി നീക്കാന്‍ വാക്വം ക്ലീനറുകളാണ് ഫലപ്രദം. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കാമോ എന്ന് അവയുടെ മാര്‍ഗരേഖ വായിച്ച് മനസ്സിലാക്കാം. 

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുറിയുടെ ഒരു മൂലയ്ക്ക് കൂട്ടിയിട്ട് അതില്‍ പൊടി അടിഞ്ഞ് കിടക്കുന്നത് പൊതുകാഴ്ചയാണ്. പ്രത്യേകിച്ചും ടെഡ്ഡിബിയര്‍ പോലുള്ളവ. വാഷിങ് മെഷീനിലിട്ട് അലക്കുമ്പോള്‍ ഇവയുടെ ഭംഗി നഷ്ടപ്പെട്ടേക്കാം. പകരം, സ്വല്‍പ്പം ബേക്കിങ് പൗഡര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ച് വലിയ പ്ലാസ്റ്റിക് കവറിലൊഴിച്ച് കളിപ്പാട്ടങ്ങള്‍ അതിലിട്ട് കുലുക്കി കഴുകുന്നതാവും നല്ലത്.
ഓമനിച്ച് വളര്‍ത്തുന്ന പൂച്ചയുടെയും നായയുടെയുമൊക്കെ ദേഹത്തുനിന്ന് കൊഴിയുന്ന രോമവും പൊടിയും ചിലരിലെങ്കിലും അലര്‍ജിക്ക് കാരണമാവുന്നുണ്ട്. ആരോഗ്യപ്രശ്‌നമുള്ളവര്‍ ഫര്‍ണീച്ചറുകളിലും കിടക്കയിലും കാര്‍പ്പെറ്റിലും ഇവയെ അനുവദിക്കരുത്. കൃത്യമായി ക്ലീന്‍ ചെയ്യുക.

കിടക്കകള്‍

കിടക്കകളും വിരികളും പൊടി അടിയുന്ന പ്രധാന സ്ഥലങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ കിടക്കയിലെ പൊടി മാത്രം മതി ഒരാള്‍ക്ക് ശ്വാസകോശപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍. ( മനുഷ്യചര്‍മത്തിലെ മൃതകോശങ്ങള്‍ ആഴ്ചയില്‍ അര ഔണ്‍സ് വീതം കൊഴിയുന്നുണ്ടെന്നും കിടക്കയിലാണ് ഇത് ഏറിയ പങ്കും വീഴുന്നതെന്നും യു.കെ യിലെ ഹോം ഹൈജീന്‍ വിദഗ്ധ   ഡോ. ലിസ ആക്കര്‍ലി പറയുന്നു.) ഹോം ഡസ്റ്റ് മൈറ്റ്‌സ് എന്ന സൂക്ഷ്മജീവികള്‍ വീട്ടിനുള്ളിലെ പൊടി നിറഞ്ഞ വസ്തുക്കളിലും കിടക്കയിലുമാണ് പെരുകുന്നത്. ഇവ അലര്‍ജിയും ആസ്തമയും ഉണ്ടാക്കുന്നു. ഡസ്റ്റ് മൈറ്റ് അലര്‍ജിയുള്ളവര്‍ മുറികള്‍ സോപ്പുലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. എന്നും ജനാലകള്‍ തുറന്നിട്ട് മുറികളില്‍ സൂര്യപ്രകാശമെത്തിക്കുക. തലയിണ ഉറകള്‍, കിടക്കവിരികള്‍, കമ്പിളിപ്പുതപ്പ്, കര്‍ട്ടന്‍, ചവുട്ടികള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കലെങ്കിലും കഴുകി ഉണക്കുക. ഇസ്തിരി ഇടുന്നതും മൈറ്റിനെ നശിപ്പിക്കാന്‍ സഹായിക്കും. 
തുണികള്‍ വയ്ക്കുന്ന ഷെല്‍ഫുകളില്‍ പൊടി സ്വാഭാവികമായും നിറയും. ഓരോ പ്രാവശ്യവും ഷെല്‍ഫ് തുറന്നടയ്ക്കുമ്പോള്‍ പൊടിയുടെ ഒഴുക്ക് പുറത്തേക്കുണ്ടാവുന്നു. കഴിയുന്നതും തുണികള്‍ ഹാങ്ങറുകളില്‍ തൂക്കിയിടുക. മറ്റൊരുപായം, വസ്ത്രങ്ങള്‍ മടക്കി സൂക്ഷിക്കാനുള്ള ഓര്‍ഗനൈസര്‍  പ്ലാസ്റ്റിക് ബാഗുകളാണ്.സിബ്ബുള്ള ഭംഗിയുള്ള അത്തരം പ്ലാസ്റ്റിക് ബാഗുകള്‍ വിപണിയിലുണ്ട്. ഷെല്‍ഫിന്റെ തറഭാഗവും പൊടി കളയാന്‍ ശ്രദ്ധിക്കണം.

കാര്‍പ്പെറ്റ്

വീട്ടിനുള്ളില്‍ ഏറ്റവുമധികം പൊടി അടിയുന്നത് കാര്‍പ്പെറ്റുകളിലാണ്. അവ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ സ്‌പോഞ്ചുപോലെ വലിച്ചെടുക്കും. ഓരോ തവണയും കാര്‍പ്പെറ്റില്‍ കാല്‍ വെയ്ക്കുമ്പോള്‍ പൊടി ഉയരുന്നു. അലര്‍ജിയുള്ളവര്‍ വീട്ടില്‍ കാര്‍പ്പെറ്റുകള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പൊടി തട്ടുക. കാര്‍പ്പെറ്റ് വീട്ടിന് പുറത്തുകൊണ്ടുപോയി പൊടി തട്ടുന്നതാണ് നല്ലത്. മരത്തിനോടോ ചുവരിനോടോ ചേര്‍ത്ത് കുടയുക.

അടുക്കള

അടുക്കളയിലെ ചിമ്മിനിയിലെ (റേഞ്ച് ഹുഡ്) ഫില്‍റ്റര്‍ ഇടയ്ക്ക് ശുചിയാക്കുന്നത് ഫില്‍റ്ററിന്റെ ശേഷി കൂട്ടും. ചിക്കനും മീനും പൊരിക്കുമ്പോള്‍ എണ്ണയുടെ അംശവും മറ്റും ഹുഡില്‍ പറ്റിപ്പിടിക്കുന്നു. പേപ്പര്‍ ടവ്വലുകളാണ് ഇത് ക്ലീന്‍ ചെയ്യാന്‍ നല്ലത്. ചുടുവെള്ളത്തില്‍ ആന്റി ഗ്രീസ് ഡിഷ് സോപ്പ് ചേര്‍ത്ത് തുടച്ചാല്‍ എണ്ണ നീങ്ങും. ഹുഡിനുള്ളിലെ കറുത്ത പാടുകള്‍ നീക്കാന്‍ സ്‌ക്രബ്ബിങ് പാഡാണ് ഉചിതം. ബേക്കിങ് സോഡ കലര്‍ത്തിയ ഇളംചൂടുവെള്ളത്തില്‍ മുക്കി തുടയ്ക്കുക. ഇനി ഫില്‍റ്റര്‍ ക്ലീന്‍ ചെയ്യാം. ഊരിയെടുക്കാവുന്ന ഫില്‍റ്ററാണെങ്കില്‍, സിങ്കില്‍ ചൂടുവെള്ളം നിറച്ച് കാല്‍ സ്പൂണ്‍ ബേക്കിങ് സോഡയും ഒരു സ്പൂണ്‍ ആന്റി ഗ്രീസ് സോപ്പും കലര്‍ത്തി അതിലാഴ്ത്തിവെക്കുക. 20 മിനുട്ടിന് ശേഷം ക്ലീന്‍ ചെയ്യാം.
മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജിന്റെ ഉള്‍വശം വൃത്തിയാക്കണം. ബേക്കിങ് സോഡയും ചെറുനാരങ്ങനീരും കലര്‍ത്തിയ വെള്ളത്തില്‍ തുണി നനച്ച് തുടയ്ക്കാം. ആഴ്ചയിലൊരു തവണയെങ്കിലും വെജിറ്റബ്ള്‍-ഫ്രൂട്ട് ട്രേ കഴുകണം. ഡിഷ് സപോഞ്ചുകളും അടുക്കളയിലുപയോഗിക്കുന്ന ക്ലീനിങ് തുണികളും ആഴ്ചയിലൊരിക്കല്‍ ക്ലീനിങ് ലോഷനുപയോഗിച്ച് വൃത്തിയാക്കുക. പറ്റുമെങ്കില്‍ വെയിലത്തിട്ട് ഉണക്കുക.

ഫോണും കംപ്യൂട്ടറും

ഫോണ്‍ സെറ്റുകളും ഇടയ്‌ക്കൊന്ന് ക്ലീനാക്കണം. ഫോണിന് ലെതര്‍ കേയ്‌സ് ആണെങ്കില്‍ ബാക്ടീരിയ ഉണ്ടാവാന്‍ സാധ്യതയേറും. സ്‌ക്രീന്‍ വൈപ്പ് ഉപയോഗിച്ച് ഫോണ്‍ ക്ലീന്‍ ചെയ്യുക. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ടോയ്‌ലെറ്റിലേക്ക് ഫോണ്‍ എടുക്കുന്നത് ഒഴിവാക്കുക. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തങ്ങുന്ന പൊടിയും അഴുക്കും കംപ്യൂട്ടറിന്റെ സ്വാഭാവികമായ കൂളിങ്ങിനെ കുറയ്ക്കുന്നു. പഴക്കമുള്ള കംപ്യൂട്ടറാണെങ്കില്‍ ഉള്ളിലും പൊടി അടിയാം. ഇക്കാരണം കൊണ്ട് കംപ്യൂട്ടര്‍ പെട്ടെന്ന് ചൂടാവാനുമിടയുണ്ട്. മാസത്തിലൊരിക്കല്‍ ബാറ്ററി മാറ്റി ഉള്‍വശത്തെ ഫാനുകളില്‍ പതുക്കെ എയര്‍ ബ്ലോ ചെയ്യുക. ലാപ്‌ടോപ്പിനടുത്തിരുന്ന് വല്ലതും കൊറിക്കുന്ന സ്വഭാവമുണ്ടോ? ഭക്ഷണാവശിഷ്ടങ്ങള്‍ വീണ് കീബോര്‍ഡ് ശരിയായി പ്രവര്‍ത്തിക്കാതെ വരാം. കീബോര്‍ഡ് ക്ലീനിങിനും എയര്‍ ബ്ലോവര്‍ ഉപയോഗിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്:  ഡോ. അര്‍ഷാദ് കല്യാത്ത്, 
പള്‍മണോളജിസ്റ്റ്, തിരുവനന്തപുരം
     
                  
 ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlight: Home Cleaning Tips