കാലങ്ങളായി നമ്മുടെ നെയ്ത്തുകാര്‍ നെയ്‌തെടുക്കുന്ന തുണികള്‍ ലോകമെങ്ങുമുള്ള വിപണികള്‍ക്ക് പ്രിയപ്പെട്ടവയാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന കലംകാരിയും ഖാദിയുമൊക്കെ വസ്ത്രങ്ങളില്‍ മാത്രമല്ല, വീടിന്റെ ഇന്റീരിയറുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. ബനാറസി,ഇക്കാത്, ബാഗു, അജ്രാക്ക്... ഇങ്ങനെ മനോഹരമായ കൈത്തറി തുണികള്‍ക്കൊണ്ടുള്ള കര്‍ട്ടനുകളും കുഷ്യന്‍ കവറുകളും വീട്ടില്‍ ഒരുക്കിയാലോ

1. ഖാദി

ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതമായ തുണിത്തരമാണ് ഖാദി. ഹോംഡെക്കോറില്‍ ഇപ്പോള്‍ വളരെ പോപ്പുലറാണ് ഖാദികൊണ്ടുള്ള കുഷ്യന്‍ കവറുകളും മറ്റും. ബെഡ്ഷീറ്റ്, കര്‍ട്ടന്‍ എന്നിവയ്ക്കും നല്ലതാണ് ഖാദി. ഇത് ചര്‍മത്തിന് യോജിച്ചതായതിനാല്‍ ചെറിയ കുട്ടികളുടെ കിടക്കയൊരുക്കാന്‍ വരെ ഉപയോഗിക്കാം. വേനലിലും തണുപ്പുകാലത്തും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. 

2. ബാന്ദിനി

ഗുജറാത്തിന്റെ തനത് കൈത്തറിതുണിയാണ് ബാന്ദിനി. ഇപ്പോള്‍ ന്യൂജെന്‍ ലുക്ക് നല്‍കി കൂടുതല്‍ വിപണികള്‍ കീഴടക്കാനുള്ള ശ്രമത്തിലാണ് ഈ തുണിത്തരം. വെഡ്ഡിംങ് ഡെക്കറേഷനുകള്‍ക്ക് യോജിച്ചതാണ് ഇത്. ടേബിള്‍ ടോപ്പ് കവര്‍, ബെഡ്കവര്‍, പില്ലോ കവര്‍, എ.സി  കംഫര്‍ട്ടേഴ്‌സ് എന്നിവയായി ഇത് ഉപയോഗിക്കാം. 

home

3. കലംകാരി 

ആന്ധ്രയുടെ ഈ തനത് ഹാന്‍ഡ് പ്രിന്റ്ഡ് കോട്ടണ്‍ മെറ്റീരിയല്‍ വസ്ത്രങ്ങളില്‍ ട്രെന്‍ഡാണ്. സല്‍വാറും സാരിയും കുര്‍ത്തയും എല്ലാമായി യുവതലമുറയുടെ മനം കീഴടക്കിയ ഈ തുണിത്തരം വീടിനു ഭംഗിയേകാനും നല്ലതാണ്. കുഷ്യന്‍ കവറുകള്‍, ബെഡ്ഷീറ്റ്, തലയിണക്കവര്‍... ഇവയിലെല്ലാം കലംകാരി തുണികള്‍ പരീക്ഷിക്കാം. മാത്രമല്ല വാള്‍ ഡെക്കറേഷന്‍, ലാമ്പ് ഷേഡ് എന്നിവയായും കലംകാരി ഉപയോഗിക്കാം. 

4. ബ്രൊക്കേഡ്

ആഘോഷ ദിനങ്ങളില്‍ അകത്തളങ്ങള്‍ക്ക് അല്‍പം പ്രൗഡി നല്‍കണോ, ബ്രൊക്കേഡ് തുണിയില്‍ തീര്‍ത്ത കര്‍ട്ടനും, ബെഡ്ഷീറ്റും, ടേബിള്‍ റണ്ണേഴ്‌സും ഒക്കെ പരീക്ഷിക്കാം. കുഷ്യന്‍ കവറുകളും ബ്രൊക്കേഡാക്കിക്കോളൂ. 

Content Highlights: Handloom in interiors, interior make over