ജനാലയിലും കണ്ണാടിയിലും മാത്രം തെളിഞ്ഞിരുന്ന ഗ്ലാസുകള്‍ വീടിന്റെ തുറന്ന അകത്തളങ്ങളിലും നിറപ്പകിട്ടോടെ തിളങ്ങുകയാണ്. ചുവരിലും തറയിലും സീലിങ്ങിലും വാതിലുകളിലുമൊക്കെ ഗ്ലാസുകളുടെ ഭംഗി കാണാം. ഏത് അളവിലും ആകൃതിയിലും നിറത്തിലും ലഭ്യം. വീടിന് അനുയോജ്യമായ ഗ്ലാസുകള്‍ തന്നെ വേണം തിരഞ്ഞെടുക്കാന്‍.
 
1. ജനാലകള്‍ക്ക് അലങ്കാരപ്പണികളൊന്നുമില്ലാതെ വെറുതെ ഗ്ലാസ് ഇടാന്‍ മാത്രമാണെങ്കില്‍ പിന്‍ഹെഡ് ഗ്ലാസ് ഉപയോഗിക്കാം. 

2. അടുക്കളയുടെയും ബാത്‌റൂമിന്റെയും ഗ്ലാസ് വാതിലുകളില്‍ പലതരം അലങ്കാരപ്പണികള്‍ ചെയ്ത് മനോഹരമാക്കിയാണ് വാതിലുകള്‍ ഡിസൈന്‍ ചെയ്യുന്നത്. കാഴ്ച പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയില്‍ ഇഷ്ടാനുസരണം ഡിസൈന്‍ തിരഞ്ഞെടുക്കാം.

3. ഗ്ലാസ് കൊണ്ടുളള സ്ലൈഡിങ് വാതിലുകളും ഇന്റീരിയറിന്റെ ഭാഗമായിട്ടുണ്ട്. കാരണം, പ്രകൃതിയിലേക്ക് കണ്ണുംനട്ടിരിക്കാന്‍ ഗ്ലാസ് വാതിലുകള്‍ തന്നെയാണ് നല്ലത്. 

4. പുറത്തേക്കുളള വാതിലുകള്‍ക്കും ചുവരുകള്‍ക്കും ബലമുളള ടഫന്‍ഡ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്. 

5. മുറിയിലിരുന്നാല്‍ ആകാശം കാണാനായി മേല്‍ക്കൂരയിലും ടഫന്‍ഡ് ഗ്ലാസ് ഇടാറുണ്ട്. സൂര്യപ്രകാശം വീട്ടിലെത്തിക്കും. സീലിങ്ങില്‍ നിറപ്പകിട്ടുളള, പല ഡിസൈനുകളിലുളള ഗ്ലാസ് ഇടുന്നതിനും ആരാധകരുണ്ട്. 

6. ഇഷ്ടനിറങ്ങള്‍ ലാമിനേറ്റ് ചെയ്ത ഗ്ലാസ് പാളികള്‍ ചുവരില്‍ ഒട്ടിക്കുന്നത് ട്രെന്‍ഡാണ്. ഇഷ്ടമുളള ഡിസൈന്‍ ഗ്ലാസിന്റെ പിന്‍ഭാഗത്ത് പ്രിന്റ് ചെയ്ത് ഒട്ടിക്കുകയോ പെയിന്റ് ചെയ്യുകയോ ആവാം. ഡിജിറ്റല്‍ പ്രിന്റിങ് ഗ്ലാസ് അലങ്കാരത്തിലെ ട്രെന്‍ഡാണ്.

7. ഗ്ലാസ് പാളിയുടെ പുറത്ത് ഗ്ലാസ് കഷണങ്ങള്‍ ഉരുക്കിച്ചേര്‍ക്കുന്ന ഫ്യൂഷന്‍ എംപോസിങ്ങുമുണ്ട്. ഇതും ഭിത്തിക്കു പകരമായി ഉപയോഗിക്കാം.
 
8. വീടിനുളളില്‍ ചെറിയ ജലാശയങ്ങളും പെബിള്‍ കോര്‍ട്ടുമൊക്കെ നല്‍കി അവയ്ക്കു മുകളില്‍ ചില്ലിട്ട് അതിലൂടെ നടക്കാനുളള സൗകര്യമൊരുക്കുന്നതും പതിവാണ്. ഗോവണിപ്പടികളിലും ഗ്ലാസ് വന്നുകഴിഞ്ഞു. 

9. സ്റ്റെയിന്‍ഡ് ഗ്ലാസ്, ബിവെലിങ്, എച്ചിങ് പ്രിന്റിങ് തുടങ്ങി ക്ലിയര്‍ഗ്ലാസിലെ എല്ലാവിധ അലങ്കാരപ്പണികളും മുറികളെ തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷന് മാറ്റുകൂട്ടുന്നു.

10. ബെഡ്‌റൂമിലെ വാഡ്രോബുകളുടെ വാതിലിലും ഹെഡ്‌ബോര്‍ഡിലും ലാക്കര്‍ ഗ്ലാസ് ഉപയോഗിക്കുന്നത് ട്രെന്‍ഡ് ആണ്. 

11. ടേബിള്‍ ടോപ്, ടീപോയ് എന്നിവയിലും അവതരിച്ചുകഴിഞ്ഞു. ചൂരല്‍, മെറ്റല്‍, തടി തുടങ്ങിയ നിര്‍മാണസാമഗ്രികളുടെ കൂടെയെല്ലാം ഗ്ലാസ് ചേരുമെന്നതും ഗുണമായി. വൃത്തിയാക്കാനും എളുപ്പമാണ്.

12. ബാത്ത്‌റൂമിലെ ഷവര്‍ ക്യുബിക്കിള്‍, പാര്‍ട്ടീഷന്‍ എന്നിവയും ഗ്ലാസിന്റെ സാന്നിധ്യമറിയിച്ച ഇടങ്ങളാണ്. സ്ഥലം ലാഭിക്കാം. സോപ്പുവെള്ളം വീണാലും വൃത്തിയാക്കാന്‍ എളുപ്പമാണ്. കറ പിടിക്കില്ല, തുരുമ്പെടുക്കില്ല, ചിതല്‍ ശല്യമില്ല എന്നീ ഗുണങ്ങളുമുണ്ട്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Glass decor is New home interior trends