വീടൊരുക്കാന്‍ ഹോളിഡേകള്‍ക്കായി കാത്തിരിക്കുന്നവരുണ്ട്. എല്ലാ തവണത്തെയുംപോലെ വെറുതെയങ്ങ് പൊടിതുടച്ചു വൃത്തിയാക്കുന്നതിനു പകരം ചില ചെറിയ മാറ്റങ്ങള്‍ കൂടി വരുത്തി പുത്തന്‍ ലുക്ക് നല്‍കിയാലോ? പണമൊട്ടും ചിലവില്ലാതെ റൂമുകള്‍ സുന്ദരമാക്കാനുള്ള വഴിയാണ് താഴെ പറയുന്നത്.
റീഅറേഞ്ച് ചെയ്യാം
എപ്പോഴും ഒരേ സ്റ്റൈലില്‍ റൂം കാണുമ്പോള്‍ ഒരു കൗതുകവും തോന്നില്ല. അതുകൊണ്ട് ഇടയ്ക്ക് റൂമിനുള്ളിലെ വസ്തുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറ്റി പുത്തന്‍ ലുക്ക് കൊണ്ടുവരാവുന്നതാണ്.
റൂമിനുള്ളിലെ ഫര്‍ണ്ണിച്ചറുകളെല്ലാം ഒന്നും പുനക്രമീകരിക്കാവുന്നതാണ്. ചുമരുകളോട് ചേര്‍ത്താണ് ഫര്‍ണ്ണിച്ചറുകള്‍ വച്ചിരിക്കുന്നതെങ്കില്‍ അത് മധ്യഭാഗത്തായി വച്ചു നോക്കൂ, അതല്ലെങ്കില്‍ സംഭാഷണത്തിന് അനുകൂലമായ രീതിയില്‍ സ്ഥാപിക്കുകയോ ആവാം. ടിവിയിലേക്കുള്ള ശ്രദ്ധ കുറഞ്ഞ് വീട്ടിനുള്ളിലെ ആളുകള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിക്കാനും ഇത് സഹായിക്കും.
കോഫീ ടേബിള്‍
ലിവിങ് റൂമിലെ പ്രധാന ആകര്‍ഷണമായിരിക്കും കോഫീ ടേബിള്‍. ചെറിയൊരു കാര്യത്തിലൂടെ കോഫീ ടേബിളിന് പുത്തന്‍ ലുക്ക് നല്‍കാവുന്നതാണ്. അതിനായി ബുക്കുകളും ഫ്ലവർവേയ്‌സുകളും അലങ്കാര വസ്തുക്കളുമൊക്കെ കോഫീ ടേബിളിന്റെ മധ്യഭാഗത്തായി വെക്കാം. ഇനി നിങ്ങളുടെ കോഫീ ടേബിള്‍ ഇപ്രകാരം തന്നെയാണ് അറേഞ്ച് ചെയ്തിരിക്കുന്നതെങ്കില്‍ സ്ഥിരമായി വച്ചിരിക്കുന്ന ഫ്‌ളവറുകളും പുസ്തകങ്ങളുമൊക്കെ മാറ്റിവെച്ചുനോക്കാം.
കര്‍ട്ടനുകള്‍ മാറ്റിവെക്കാം
ഇന്റീരിയറിനെ മനോഹരമാക്കുന്നതില്‍ ഏറെ സ്ഥാനമാണ് കര്‍ട്ടനുകള്‍ക്കുള്ളത്. കര്‍ട്ടനുകള്‍ വെറുതെയങ്ങു തൂക്കുന്നതിനു പകരം കഴിയുന്നത്ര ഉയരത്തിലും വിശാലതയിലും സ്ഥാപിച്ചു നോക്കൂ. ഇത് ജനലുകളുടെ വലിപ്പം കൂടുതല്‍ തോന്നിക്കുകയും കൂടുതല്‍ വെളിച്ചം അകത്തേക്കു കടത്തുകയും ചെയ്യും.
കളറിലും കാര്യമുണ്ട്
വീട്ടിനുള്ളിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിറത്തിനു പ്രാധാന്യം കൊടുക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ വൈകാതെ നിറത്തിന് അനുസരിച്ചുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കാം. കുഷ്യനുകളും ഫ്ലവര്‍വെയ്‌സുകളും തൊട്ട് എല്ലാ സാധനങ്ങളും ഒരേനിറത്തിലുള്ളത് തിരഞ്ഞെടുത്തുനോക്കൂ. ഓരോ മുറിയിലും ഓരോ നിറം എന്ന രീതിയിലും പരീക്ഷിക്കാവുന്നതാണ്. ഇതു നിങ്ങളുടെ വീടിനെ സ്റ്റൈലിഷ് ആക്കുമെന്നുറപ്പാണ്.
Content Highlights: easy home styling tips without cost