നാളെ ലോക പരിസ്ഥിതി ദിനം. ബാക്കിയാവുന്ന വസ്തുക്കള്‍ വലിച്ചെറിയാതെ പുന:രുപയോഗമാണ് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗമായി പരിസ്ഥിതിവാദികളെല്ലാം മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെ നമ്മുടെ വീടിന്റെ അകത്തളങ്ങളെ പരിസ്ഥിതിക്കിണങ്ങുന്ന രീതിയില്‍ മാറ്റിയെടുത്താലോ. വീട്ടില്‍ ഉപയോഗ്യശൂന്യമായെന്നു കരുതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച പലതും അലങ്കാര വസ്തുക്കളാക്കാം.

പഴയ ഹാങ്ങര്‍

വാര്‍ഡ്രോബില്‍ നിന്ന് പുറത്തായ പഴയ ഹാങ്‌റുകള്‍ ഉണ്ടോ. എങ്കില്‍ കളയേണ്ട. മാക്രമെ വാള്‍ ഹാങ്ങിങ്ങുകള്‍ (അറബിക് അലങ്കാരമാണ്, നൂലുകള്‍ കൊണ്ട് മെടഞ്ഞ് തയ്യാറാക്കുന്നത്.) പല നിറത്തിലുള്ളവ വാങ്ങുകയോ യൂട്യൂബ് നോക്കി സ്വയം ഉണ്ടാക്കുകയോ ചെയ്യാം. ഇവ ഈ ഹാങ്ങറില്‍ ഭംഗിയായി തൂക്കിയിടാം.

home

ഉപേക്ഷിച്ച ചില്ലുജാറുകള്‍

ന്യൂട്ടെല്ലയുടെ, ഒഴിഞ്ഞ ജാം കുപ്പികള്‍, അച്ചാറു കുപ്പികള്‍ ഇങ്ങനെ ധാരാളം ജാറുകള്‍ പാഴാക്കാറുണ്ട്. പകരം ഇവയില്‍ ചെറിയ കള്ളിമുള്‍ ചെടികള്‍ വളര്‍ത്താം. ജാര്‍ പെയിന്റ് ചെയ്‌തെടുത്താല്‍ ടേബിള്‍ പ്ലാന്റുകള്‍ വയ്ക്കാന്‍ മറ്റൊന്നും വേണ്ട. നല്ല വൃത്തിയാക്കിയെടുത്ത ജാറിന് ഉള്ളില്‍ അലങ്കാര ബള്‍ബുകള്‍ ഇറക്കിവയ്ക്കാം. കിടപ്പു മുറിയിലും ബാല്‍ക്കണിയിലുമൊക്കെ റൊമാന്റിക്ക് മൂഡിന് ഇത് ധാരാളം. മഞ്ഞ, പച്ച്, നീല തുടങ്ങിയ ആകര്‍ഷകമായ നിറങ്ങള്‍ നല്‍കി ഇവ പെന്‍സില്‍ ഹോള്‍ഡറുകളുമാക്കാം. മനോഹരമായി കല്ലുകളും ചെറിയ പായല്‍ ചെടികളും ഒരുക്കി ടേബിളില്‍ വയ്ക്കാന്‍ ടെറാറിയം ഒരുക്കാനും ഒഴിഞ്ഞ ജാറുകള്‍ നല്ലതാണ്.  അഞ്ചോ ആറോ ജാറുകള്‍ ഉണ്ടെങ്കില്‍ അവയ്ക്കുള്ളില്‍ വാം ലൈറ്റുകള്‍ പിടിപ്പിച്ച് വീടിന് മുന്നിലും മറ്റും തൂക്കിയിട്ടാല്‍ മനോഹരമാകും.

gettyimages.in

പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍

കുടിവെള്ളം വാങ്ങുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ പരിസ്ഥിതിക്ക് വലിയൊരു ഭീക്ഷണിയാണ്. എന്നാല്‍ ഇവകൊണ്ട് കിച്ചണ്‍ ഗാര്‍ഡന്‍ ഉണ്ടാക്കാം. കുപ്പികള്‍ പകുതി  മുറിച്ച ശേഷം മണ്ണും വളവും നിറയ്ക്കാം. അടുക്കളയിലേക്ക് ആവശ്യമുള്ള പുതിന, മല്ലി പോലുള്ളവയെല്ലാം ഇതില്‍ വളര്‍ത്താം. ഇവ അടുക്കളയുടെ ജനാലയിലോ കിച്ചണ്‍ കൗണ്ടറിലോ എല്ലാം ഒതുക്കി വയ്ക്കാനും പറ്റും.  

gettyimages.in

ഉണങ്ങിയ ശിഖരങ്ങള്‍ കൊണ്ടൊരു അലങ്കാരം

പുറത്ത് ഉണങ്ങിയ മരത്തിന്റെ കൊമ്പുകളോ ഒരു ചെടി തന്നെ ഉണങ്ങിയതോ കണ്ടാല്‍ എന്തു ചെയ്യും. വെട്ടിക്കൂട്ടി ചവറ് കത്തിക്കുന്നതിനൊപ്പം കളയുന്നതിന് മുമ്പ് അതിനേ മനോഹരമായ അലങ്കാര വസ്തുവാക്കാന്‍ മാര്‍ഗമുണ്ട്. ശാഖകളുള്ള ഉണക്കക്കൊമ്പിന് കറുപ്പോ വെളുപ്പോ, അല്ലെങ്കില്‍ പേസ്റ്റല്‍ നിറങ്ങളോ നല്‍കാം. പെയിന്റ് നന്നായി ഉണങ്ങിയല്‍ ഡെക്കറേറ്റിങ്ങ് ലൈറ്റുകള്‍ തൂക്കി മനോഹരമാക്കാം. വീടിന്റെ ഹാളിലോ പഠനമുറിയിലോ ഒക്കെ വയ്ക്കാം.

home

Content Highlights: DIY Tips for Environment Friendly Decor Choices