റൊമാന്റിക് മൂഡ് തരുന്ന കാന്‍ഡിലുകള്‍ വച്ച കിടപ്പുമുറി, ബ്ലാങ്കറ്റുകള്‍ മനോഹരമായി മടക്കി വയ്ക്കാന്‍ ബാസ്‌കറ്റ്, പല നിറങ്ങളിലെ റഗ്ഗ്... ഇതൊന്നും പോക്കറ്റില്‍ ഒതുങ്ങില്ലെന്ന് തോന്നുന്നുണ്ടോ... ഇവയൊക്കെ സ്വന്തമായി ചെയ്യാന്‍ ഡി.ഐ.വൈ ഐഡിയാസ് ധാരാളമുണ്ട്. അല്പനേരം മതി. കിടപ്പുമുറി അടിപൊളിയാക്കാം. 

കാന്‍ഡില്‍ ഹോള്‍ഡര്‍

എന്തൊക്കെ

  1. ആവശ്യമില്ലാത്ത ഗ്ലാസ് അല്ലെങ്കില്‍ ഗ്ലാസ് ജാര്‍
  2. വീതിയുളള ചണച്ചരട്
  3. മെഴുകുതിരി
  4. ഗ്ലൂ

എങ്ങനെ

ആദ്യം ഗ്ലാസ് ജാര്‍ നന്നായി വൃത്തിയാക്കി എടുക്കുക. ഇതിന് പുറത്ത് പകുതി മുതല്‍ ഹോട്ട് ഗ്ലൂ പുരട്ടുക. ചണച്ചരട് പശപുരട്ടിയ ഭാഗങ്ങളിലൂടെ ഗ്ലാസിന് പുറത്ത് ചുറ്റുക. ഉണങ്ങാന്‍ വയ്ക്കാം. ഇതിനുള്ളില്‍ മെഴുക് തിരി ഇറക്കി വയ്ക്കാം.  പലവലിപ്പമുള്ള ഗ്ലാസുകളില്‍ പല നിറത്തിലുള്ള മെഴുകുതിരികള്‍ വച്ചാല്‍ കിടപ്പുമുറിയില്‍ റൊമാന്റിക് ഫീലിങ് കൊണ്ടുവരാന്‍ മറ്റെന്ത് വേണം. 

ബ്ലാങ്കറ്റ് ബാസ്‌കറ്റ് 

എന്തൊക്കെ

  1. ലോണ്‍ട്രി ബാസ്‌കറ്റ്- ഇടത്തരം വലുപ്പം
  2. മെറ്റാലിക് പെയിന്റ്- ഇഷ്ടമുള്ള കളര്‍
  3. ചണക്കയര്‍
  4. ഓഫ് കളര്‍ മസ്ലിന്‍ തുണി
  5. ഗ്ലൂ
  6. പെയിന്റ് ബ്രഷ്

എങ്ങനെ

ലോണ്‍ട്രി ബാസ്‌കറ്റിന് പുറത്ത് എല്ലാ ഭാഗത്തും ഗ്ലൂ പുരട്ടുക. മസ്ലിന്‍ തുണി ഇതില്‍ ഒട്ടിക്കാം. അധികമുള്ള തുണി മുറിച്ചു മാറ്റണം. ഇതിന് പുറത്ത് ഹോട്ട് ഗ്ലൂ പുരട്ടണം. താഴെ ഭാഗം മുതല്‍ ചണക്കയര്‍ ചുറ്റി ഒട്ടിക്കണം. ഇനി ഇതില്‍ പകുതി ഭാഗം വരെ മെറ്റാലിക് പെയിന്റ് ചെയ്യാം. ഈ ബാസ്‌ക്കറ്റ് കിടപ്പുമുറിയിലെ മേസക്കരികില്‍ വച്ചോളൂ. ബ്ലാങ്കറ്റുകളോ പില്ലോയോ ഒക്കെ ഇട്ടു വയ്ക്കാന്‍ നല്ലൊരിടമായി.

Content Highlights: DIY ideas for bedroom