രു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ടയിടം ലിവിങ് റൂമാണ്. അതിഥികളെ വരവേല്‍ക്കുന്നതും ഒഴിവു സമയം ചിലവിടുന്നതുമൊക്കെ തുടങ്ങി ഏറ്റവുമധികം സജീവമായിരിക്കുന്നയിടം. അതിനാല്‍തന്നെ ലിവിങ് റൂമിന് കുറച്ചധികം പ്രാധാന്യവും നല്‍കേണ്ടതുണ്ട്. വലിച്ചുവാരി ഫര്‍ണിച്ചറുകള്‍ വാങ്ങികൂട്ടി ഇട്ടിട്ടോ അലങ്കാര വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചാലോ ഒന്നും ലിവിങ് റൂം ആകര്‍ഷകമാകണമെന്നില്ല. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ലിവിങ് റൂം ഗംഭീരമാക്കാം. 

ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ഒരു ലിവിങ് റൂമിലെ ഏറ്റവും വലിയ ആകര്‍ഷണം അവിടുത്തെ ഫര്‍ണിച്ചര്‍ ആണെന്നതില്‍ സംശയമില്ല. ചിലര്‍ കാഴ്ച്ചയില്‍ തങ്ങള്‍ക്കിഷ്ടമെന്നു തോന്നുന്ന ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് ലിവിങ് റൂമിനു ചേരുന്നതാണോ എന്നു നോക്കാറില്ല. ലിവിങ് റൂമിന്റെ ആകൃതിക്കും വലിപ്പത്തിനുമൊക്കെ ചേരുന്ന വിധത്തിലുള്ള ഫര്‍ണിച്ചര്‍ എടുത്തില്ലെങ്കില്‍ അരോചകമായിത്തോന്നും. അതിനാല്‍ പര്‍ച്ചേസ് ചെയ്യാന്‍ പോകുംമുമ്പ് വേണ്ട അളവും വലിപ്പവുമൊക്കെ തിട്ടപ്പെടുത്തി ക്വാളിറ്റിയും നോക്കി തിരഞ്ഞെടുത്താല്‍ അബദ്ധം സംഭവിക്കില്ല. 

തീരെ ചെറിയ ചവിട്ടികള്‍

ലിവിങ് റൂമുകളെ ആകര്‍ഷകമാക്കുന്ന മറ്റൊരു സംഗതിയാണ് ചവിട്ടികള്‍ അല്ലെങ്കില്‍ കാര്‍പെറ്റുകള്‍. ചില വീടുകളില്‍ ഹാളിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള കാര്‍പെറ്റുകളായിരിക്കില്ല തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അത്യാവശ്യം വലിപ്പമുള്ള കാര്‍പെറ്റുകള്‍ ലിവിങ് റൂമിനു സ്റ്റൈലിഷ് ലുക്ക് നല്‍കുമെന്നാണ് വിദഗ്ധരുടെ വാദം. 

ലേ ഔട്ട് പ്ലാന്‍ ചെയ്യണം

വീടിനു പ്ലാന്‍ ചെയ്യുന്ന അതേ ഗൗരവത്തോടെ തന്നെ വേണം ലിവിങ് റൂമിനു വേണ്ടി പ്ലാന്‍ ചെയ്യുന്നതും. മുന്‍കൂട്ടി ലേഔട്ട് തയ്യാറാക്കിയാല്‍ പല കാര്യങ്ങളും എളുപ്പമാകും. ടിവി എവിടെ വെക്കണമെന്നും ഫര്‍ണിച്ചറുകള്‍ എവിടെ വെക്കണമെന്നൊക്കെ ലേഔട്ട് തയ്യാറാക്കി കഴിഞ്ഞാല്‍ എളുപ്പം തീരുമാനിക്കാം. 

അലങ്കാരം അബദ്ധമാകരുത്

ലിവിങ് റൂമിലെ ചുവരുകളില്‍ തൂക്കിയിടാനായി പെയിന്റിങ് പോലുള്ള അലങ്കാര വസ്തുക്കള്‍ വാങ്ങുമ്പോഴും ശ്രദ്ധ വേണം. ചുവരില്‍ ആ പെയിന്റിങ് ഇല്ലായിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്ന തോന്നല്‍ കാഴ്ച്ചക്കാരിലുണ്ടാക്കരുത്. ചുവരിലെ പെയിന്റിനും മറ്റ് ഇന്റീരിയര്‍ ഡിസൈനുകളോടും ചേര്‍ന്നു പോകുന്നതാവണം നിങ്ങള്‍ പ്രതിഷ്ഠിക്കുന്ന കലാപരമായ വസ്തുക്കള്‍ എന്നു പ്രത്യേകം ശ്രദ്ധിക്കണം. 

Content Highlights: decorating mistakes everyone makes in living room