ഒന്നുഷാറാകണമെങ്കില്‍ ഒരു ചായ കുടിച്ചാലേ തീരൂ എന്നു പറയുന്നവരുണ്ട്. ചായയും കാപ്പിയും ലഹരിപോലെ ഇടയ്ക്കിടെ കുടിക്കുന്നവരുമുണ്ട്. ചായ-കാപ്പി പ്രേമികളെ കൂടുതല്‍ ആകര്‍ഷിക്കാനായി ഇന്റീരിയറില്‍ വ്യത്യസ്തത കൊണ്ടുവരുന്നവരുണ്ട്. ഇന്റീരിയറുകളില്‍ പെയിന്റിങ്ങും ഫോട്ടോകളും കരകൗശല വസ്തുക്കളുമൊക്കെ പ്രദര്‍ശിപ്പിച്ച് കിടിലനാക്കുന്നവര്‍. എന്നാല്‍ ഈ പറഞ്ഞതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കോഫീ ഷോപ് കണ്ടിട്ടുണ്ടോ? ഒറ്റനോട്ടത്തില്‍ ഒരു കാര്‍ട്ടൂണ്‍ലോകത്തെത്തിയ തോന്നലുണ്ടാക്കുന്ന കോഫീഷോപ്.

Cartoon

ഈ കഫെയുടെ വാതില്‍ കടന്നു പ്രവേശിക്കുന്നതു തൊട്ട് നിങ്ങളൊരു മായാലോകത്തെത്തിയതു പോലെയാണ് ഉണ്ടാകുക. ഇന്റീരിയറിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് കാര്‍ട്ടൂണ്‍ ആണ്. എന്തിനധികം ചുവരുകള്‍ മാത്രമല്ല നിലവും ഫര്‍ണിച്ചറുകളും പാത്രങ്ങളും വരെ കാര്‍ട്ടൂണ്‍ സമ്പന്നമാണ്.സൗത്ത് കൊറിയയിലെ സിയോളിലെ കഫെ യോനം ഡോങ് ആണ് വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമാകുന്നത്.

ആദ്യത്തെ കാഴ്ച്ചയില്‍ ഇതൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണെന്നു തോന്നിയാലും അത്ഭുതമില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള കാര്‍ട്ടൂണ്‍ സെറ്റപ്പിലാണ് കഫെയുടെ അകത്തളവും ഓരോ വസ്തുക്കളും സ്ഥാപിച്ചിരിക്കുന്നത്. 

cartoon

കൊറിയയില്‍ മാത്രമല്ല ലോകത്താകെ ഇല്ലാത്ത രീതിയില്‍ കഫെ അവതരിപ്പിക്കുക എന്ന ആശയത്തില്‍ നിന്നാണ് ഈ രൂപത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് ഉടമസ്ഥനായ യൂന്‍ജിന്‍ ലീ പറയുന്നു.

cartoon

ജൂലൈ 2017ലാണ് യോനം ഡോങ് തുറന്നത്.  ചിത്രകലയുടെയും കാര്‍ട്ടൂണുകളുടെയുമൊക്കെ ഫാനാണെങ്കില്‍ ഈ കഫെയുടെ ഇന്റീരിയര്‍ നിങ്ങളുടെ മനം കീഴടക്കുമെന്നതില്‍ സംശയമില്ല. 

Content Highlights: cafe looks like cartoon