വീടിനു വെളിയില്‍ നിന്ന് വീടിനകത്തേക്ക് പച്ചപ്പ് നിറയുകയാണ്. വീടൊരുക്കുമ്പോള്‍ തന്നെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ എവിടെയൊക്കെ സെറ്റ് ചെയ്യണമെന്ന് നമ്മള്‍ മുന്‍കൂട്ടി നിശ്ചയിക്കും. പിന്നെ പൊന്നുംവില കൊടുത്തും ഇഷ്ടപ്പെട്ട ചെടിവാങ്ങി വീടിനകത്തളങ്ങളെ ജീവസ്സുറ്റതാക്കി മാറ്റും. പക്ഷേ തുടക്കത്തില്‍ കാണുന്ന ആവേശമൊന്നും ഇവയെ പരിപാലിക്കാനായി പലരും കാണിക്കാറില്ല. സമയമില്ലാത്തതുകൊണ്ടാണെന്ന് പരാതിയും പറയും. തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കാം. ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ പരിചരണം വളരെ കുറഞ്ഞവ മാത്രം കൂടെകൂട്ടാം. അത്തരം ചില ചെടികള്‍ ഏതൊക്കെയെന്നു നോക്കാം. 

അലോവേര: കറ്റാര്‍വാഴ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഈ സസ്യം ഒരു വീട്ടില്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള ഔഷധവും സൗന്ദര്യവര്‍ധനയ്ക്കായുള്ള മികച്ച മാര്‍ഗവുമാണിത്. വളര്‍ച്ചാ ഘട്ടങ്ങളില്‍ ആഴ്ച്ചയില്‍ ഒരുതവണ മാത്രം വെള്ളം നല്‍കിയാല്‍ മതിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 

മദര്‍ ഇന്‍ ലോസ് ടംഗ്: പരിചരണം ഒട്ടുംതന്നെ ആവശ്യമില്ലാത്തതും ഏതു സാഹചര്യത്തിലും വളരുന്നവയുമാണ് ഈ ചെടികള്‍. ഒരല്‍പം നനവുണ്ടായാല്‍ തന്നെ ദിവസങ്ങളോളം നിലനില്‍ക്കുന്ന ഈ ചെടികള്‍ വെളിച്ചം കൂടുതലോ കുറവുള്ളതോ ആയ ഇടങ്ങളില്‍ വളര്‍ത്താം.

വീപ്പിങ് ഫിഗ്: തിളക്കമുള്ള ഇലകളോട് കൂടിയ ചെറുമരങ്ങളാണ് ഇവ. വീടിനുള്ളില്‍ നല്ല വെളിച്ചം ലഭിക്കുന്ന ഇടങ്ങളില്‍ ഇവ വളര്‍ത്താം. ആഴ്ച്ചയില്‍ ഏതെങ്കിലും ഒരുദിവസം നനച്ചുകൊടുത്താല്‍ മതിയാകും. 

ഡംപ് കെയ്ന്‍: നല്ല ഉയരത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ വീടിന്റെ ഇന്റീരിയറിന് മികച്ച ഒരു കാഴ്ച്ചാനുഭവം സമ്മാനിക്കുന്നു. ചെറിയ സൂര്യപ്രകാശം കിട്ടുന്നിടത്ത് ഇവ തഴച്ചുവളരും. ഇടവിട്ടുള്ള ദിവസങ്ങളില്‍ നനച്ചു കൊടുത്തു പരിപാലിക്കാം. 

ജേഡ് പ്ലാന്റ്: നേരിട്ടുള്ള സൂര്യപ്രകാശമോ കൂടുതല്‍ വെള്ളമോ ഇവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമില്ല. 

വീട്ടില്‍ ശുദ്ധവായു പ്രദാനം ചെയ്യുന്ന ഇത്തരം ഇന്‍ഡോര്‍ പ്ലാന്റുകള്‍ നിങ്ങളുടെ ദിനങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: best indoor plants