മുറ്റത്തു വളര്‍ത്തിയിരുന്ന പല ചെടികളും വീടിനകത്ത് സ്ഥാനം പിടിച്ചിരിക്കുകയാണ്. വീടിന്റെ അകത്തളങ്ങളില്‍ വളര്‍ത്താവുന്ന അലങ്കാരച്ചെടികള്‍ വിപണിയില്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. മോടികൂട്ടുക എന്നതിനൊപ്പം വീടിന്റെ അകത്തളങ്ങളില്‍ ഓക്‌സിജന്റെ ലഭ്യത കൂട്ടാനും ഇത്തരം ചെടികള്‍ സഹായിക്കുന്നു.
നാടന്‍ ചെടികള്‍ക്കു പുറമെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചെടികളും വിപണിയില്‍ സുലഭമാണ്. ഫ്‌ളാറ്റുകളിലും മറ്റും സ്ഥലപരിമിതി ഉള്ളതിനാല്‍ അത്തരക്കാര്‍ കൂടുതല്‍ ഇന്റീരിയര്‍ പ്ലാന്റ്‌സിനു പ്രാധാന്യം നല്‍കുന്നു. ഫിലോഡെന്‍ഡ്രോണ്‍, മണിപ്ലാന്റ്, ട്രസീന, അഗ്ലോനിമ, സിംഗോണിയം എന്നിവയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്.
150 രൂപമുതല്‍ നാലായിരം രൂപരെയുള്ള അലങ്കാരച്ചെടികള്‍ ഇന്നു ലഭ്യമാണ്. അടുക്കളയില്‍ ഔഷധസസ്യങ്ങളും സുഗന്ധ വ്യഞ്ജനച്ചെടികളുമാണ് കൂടുതല്‍ പേരും വെക്കുന്നത്. കള്ളിമുള്‍ച്ചെടി, മണിപ്ലാന്റ്, ചിത്രപ്പുല്ല് തുടങ്ങിയവയ്ക്ക് അധികം പരിപാലനം വേണ്ടാത്തതിനാല്‍ അവയും ധാരാളം വിറ്റുപോകുന്നുണ്ട്.
വീടിന്റെ ഡിസൈനിന് അനുസരിച്ചുള്ള ചെടികളാണ് കൂടുതല്‍പേരും വാങ്ങുന്നത്. സമകാലിക ശൈലിയിലുള്ള വീടിന് വണ്ണംകുറഞ്ഞ നേര്‍രേഖയിലുള്ള ചെടികളും വിക്ടോറിയന്‍ ശൈലിക്ക് ചിത്രപ്പുല്ലുമാണ് ആളുകള്‍ വാങ്ങുന്നത്.
ക്ഷീണം, ചുമ, തൊണ്ടവേദന, ജലദോഷ സംബന്ധമായ രോഗങ്ങള്‍ എന്നിവയെ മുപ്പതുശതമാനം വരെ തടയാന്‍ ഇന്റീരിയര്‍ പ്ലാന്റ്‌സിനു കഴിവുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാനും സന്തോഷവന്മാരായി ഇരിക്കാനും പെട്ടെന്നുള്ള രോഗശാന്തിക്കും ശ്രദ്ധ കൂട്ടാനുമെല്ലാം ഇത്തരം ചെടികള്‍ സഹായിക്കും.
പനവര്‍ഗത്തിലെ ചെടികള്‍, പീസ് ലില്ലി, ചിത്രപ്പുല്ല് വര്‍ഗങ്ങള്‍, മെക്‌സിക്കന്‍ പുല്ലിനങ്ങള്‍, ഓര്‍ക്കിഡ് എന്നിവ വളരെയധികം അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു.
Content Highlights: benefits of indoor plants