ണ്ടത്തെപ്പോലെ വീട്ടമ്മമാര്‍ അടുക്കളയില്‍ രാവും പകലും പണിയെടുക്കുകയും കുടുംബാംഗങ്ങള്‍ ഭക്ഷണസമയത്ത് ടേബിളിലേക്ക് എത്തുകയും ചെയ്യുന്ന രീതിയല്ലിന്ന്. വീട്ടിലെ ഓരോ അംഗങ്ങളും എല്ലാ പണികളും തുല്യമായി ചെയ്തു തുടങ്ങി. വീടിന്റെ ഓരോ ഭാഗങ്ങളും ഓരോരുത്തര്‍ക്ക് എന്ന വീതം വെക്കലുകള്‍ക്ക് അപ്പുറം വീട് ഓപ്പണ്‍ ആയി തുടങ്ങി. വീട് വെക്കുന്നവരിലേറെയും ഇന്ന് പ്രാധാന്യം നല്‍കുന്നതും ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനിനാണ്.

അടുക്കളയ്ക്കും ഡൈനിങ് റൂമിനും ലിവിങ് റൂമിനുമിടയില്‍ ചുവരുകളുടെ വേര്‍തിരിവുകളില്ലാതെ തുറസ്സായിരിക്കുന്ന ഇടങ്ങളാണ് ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകള്‍ വിഭാവനം ചെയ്യുന്നത്. ഒരേ ഇടത്തു നിന്നുകൊണ്ടു തന്നെ ലിവിങ് റൂമിലെയും ഡൈനിങ് റൂമിലെയുമൊക്കെ കാര്യങ്ങളില്‍ പങ്കുകൊള്ളാന്‍ സാധിക്കുന്നുവെന്നതാണ് ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകളുടെ പ്രത്യേകത. ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകളുടെ ഗുണങ്ങളും പരിമിതികളും എന്തൊക്കെയാണെന്നു നോക്കാം. 

ഗുണങ്ങള്‍

* ചെറിയ സ്ഥലമാണെങ്കില്‍പോലും ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകള്‍ കൂടുതല്‍ വലിപ്പം തോന്നിപ്പിക്കും. കൂടുതല്‍ ചുവരുകള്‍ ഇല്ലാത്തതുകൊണ്ടു തന്നെ വായുവിന്റെയും സ്വാഭാവിക വെളിച്ചത്തിന്റെയും സഞ്ചാരം വര്‍ധിക്കും. 

* ഓപ്പണായിരിക്കുന്നതിന്റെ മറ്റൊരു ഗുണം അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഡൈനിങ് ഹാളിലോ ലിവിങ് റൂമിലോ ഇരിക്കുന്നവരുമായി സംവദിക്കുകയും ടിവി പരിപാടികള്‍ കാണുകയും ചെയ്യാം. 

* ചെറിയ കുട്ടികള്‍ വീട്ടിലുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്ലാനുമാണിത്. കുട്ടികള്‍ എന്തു ചെയ്യുന്നുവെന്നെല്ലാം കണ്ടുകൊണ്ടുതന്നെ മറ്റു പണികളിലുമേര്‍പ്പെടാം. 

പരിമിതികള്‍

* സ്വകാര്യതയുടെ കുറവാണ് ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാനുകളുടെ ആദ്യ പരിമിതി. ചുവരുകള്‍ കുറവായതിനാല്‍ നിങ്ങളുടെ സ്വകാര്യ സന്തോഷങ്ങളും ദു:ഖങ്ങളുമൊക്കെ പ്രകടിപ്പിക്കാന്‍ പരിമിതികളുണ്ടാകും.

* ഇന്റീരിയറില്‍ കൂടുതല്‍ പരീക്ഷണം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഓപ്പണ്‍ കണ്‍സപ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചുവരുകള്‍ നിറയെ ഫോട്ടോ വര്‍ക്കുകളും മറ്റ് ആര്‍ട്ട് വര്‍ക്കുകളും വെക്കാനുള്ള സ്ഥലമാണ് ഇല്ലാതാകുന്നത്. 

* ഓപ്പണ്‍ കണ്‍സപ്റ്റില്‍ തയ്യാറാക്കുന്ന വീടുകള്‍ ഒരിക്കല്‍പ്പോലും അലങ്കോലപ്പെട്ടു കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വലിച്ചുവാരിയിട്ടിരിക്കുന്ന അടുക്കളയും ലിവിങ് റൂമുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ ദൃശ്യമാകാനിടയുള്ളതിനാല്‍ പരമാവധി വൃത്തിയാക്കിയിടേണ്ടതുണ്ട്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: benefits and challenges of open floor plans